നാണക്കേട് തോന്നി, ശ്രുതി ഇരുന്ന് ഉരുകി, ആരെങ്കിലും സുഹൃത്തിന്റെ മകളോട് ഇങ്ങനെ പറയുമോ?; രജിനികാന്തിന് വിമർശനം
ലോകേഷ് കനകരാജ്-രജിനികാന്ത് കോമ്പോ എന്നത് തന്നെയാണ് കൂലി സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്. പ്രീ-ബുക്കിങിൽ അടക്കം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് സിനിമ. ഇതുവരെ സിനിമയുടെ പ്രി ബുക്കിങിലൂടെ 5.34 കോടിയുടെ ടിക്കറ്റാണ് കേരളത്തിൽ വിറ്റുപോയത്. ലോകേഷ് സൂപ്പർ സ്റ്റാറുകളുമായി കൈകോർക്കുമ്പോൾ ഇങ്ങനൊരു പ്രതിഭാം സ്ഥിരമായി കാണുന്ന ഒന്നാണ്.
മാസ്റ്റർ, വിക്രം, ലിയോ എന്നിവയ്ക്കെല്ലാം കേരളത്തിൽ വൻ വരവേൽപ്പ് ലഭിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്ന് ഇതിനോടകം പ്രി ബുക്കിങിലൂടെ പത്ത് കോടിയും കർണാടകയിൽ നിന്നും മൂന്ന് കോടിയും ചിത്രം നേടിക്കഴിഞ്ഞു. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

കേരളത്തിലും കർണാടകയിലും ആന്ധ്രയിലും തെലുങ്കാനയിലുമെല്ലാം ഫസ്റ്റ് ഷോ പുലർച്ചെ ആറ് മണിക്കാണ്. അതേസമയം തമിഴ്നാട്ടിലെ ഫാൻസിന്റെ കാര്യം കഷ്ടമാണ്. ഒമ്പത് മണിക്കാണ് ആദ്യ ഷോ. ജയിലറിനുശേഷം രജിനിക്ക് ലഭിക്കാൻ പോകുന്ന മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റാകും കൂലി. ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജിനികാന്ത് അഭിനയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൂലിയുടെ പ്രീ-റിലീസ് ഇവന്റ് ആഘോഷപൂർവം നടന്നിരുന്നു. നായകൻ രജിനികാന്ത് അടക്കം നാഗർജുന, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, ആമിർ ഖാൻ തുടങ്ങി സിനിമയിലെ താരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തലൈവരുടെ സ്പീച്ച് വൈറലായശേഷം ചില വിമർശനങ്ങൾ നടന് എതിരെ ഉയരുന്നുണ്ട്. അതിന് കാരണം പ്രസംഗത്തിനിടെ പറഞ്ഞ വാക്കുകളാണ്.
അതിൽ ഒന്നാമത്തേത് നടൻ സൗബിൻ ഷാഹിറിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ്. സൗബിൻ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞപ്പോൾ പലവിധ സംശയങ്ങൾ വന്നുവെന്നും ദയാൽ എന്ന കഥാപാത്രം ചെയ്യാൻ സൗബിന് സാധിക്കുമോ കഷണ്ടിയാണല്ലോ പൊക്കമില്ലല്ലോ ഇയാളെ കൊണ്ട് പറ്റുമോയെന്ന് തോന്നിയെന്നാണ് രജിനികാന്ത് പറഞ്ഞത്.
സൗബിന്റെ മഞ്ഞുമ്മൽ ബോയ്സ് ഒരു വർഷം മുമ്പ് കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ഹിറ്റായിരുന്നു. അന്ന് സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ രജിനികാന്തും ഉണ്ടായിരുന്നു. നടന് എതിരെ വന്ന മറ്റൊരു വിമർശനം ശ്രുതി ഹാസനെ ഗ്ലാമർ ഗേൾ എന്ന് രജിനികാന്ത് വിശേഷിപ്പിച്ചതിന് എതിരെയായിരുന്നു. പ്രീതി രാജശേഖർ എന്ന കഥാപാത്രത്തെയാണ് ശ്രുതി കൂലിയിൽ അവതരിപ്പിക്കുന്നത്.

ശ്രുതി ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് കൂലിയിലെ വേഷം. ശ്രുതിയാണ് പ്രീതിയായി അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു. വളരെ ഇംപോർട്ടന്റായ കഥാപാത്രമാണ്. ശ്രുതി ഹാസനാണ് റോൾ ചെയ്യുന്നതെന്ന് ലോകേഷ് പറഞ്ഞപ്പോൾ ആ കുട്ടിയോട് ഇക്കാര്യം ചോദിച്ചുവോ എന്നാണ് ഞാൻ ആദ്യം ചോദിച്ചത്.
ത്രി സിനിമയുടെ സമയത്ത് ശ്രുതിയെ കണ്ടിട്ടുണ്ട്. അതിനുശേഷമുള്ള ശ്രുതിയുടെ സിനിമകളും കണ്ടിരുന്നു. അവൾ ഗ്ലാമർ ഗേളല്ലേ എങ്ങനെ ഈ കഥാപാത്രം ചെയ്യുമെന്ന് ഞാൻ ലോകേഷിനോട് ചോദിച്ചു. ശ്രുതി സൂപ്പറായി ചെയ്യും എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി എന്നാണ് രജിനികാന്ത് പറഞ്ഞത്. പ്രസംഗത്തിലെ ഈ രണ്ട് ഭാഗങ്ങളാണ് റെഡ്ഡിറ്റിൽ ചർച്ചയായത്. സൗബിനെ ബോഡി ഷെയിം ചെയ്യുന്നതുപോലെ രജിനി സംസാരിച്ചതായി തോന്നിയെന്നായിരുന്നു കമന്റുകൾ.
ശ്രുതിയെ ഗ്ലാമർ ഗേളെന്ന് സൂപ്പർ സ്റ്റാർ പറഞ്ഞത് ഉൾക്കൊള്ളാനായില്ല. ആരെങ്കിലും സുഹൃത്തിന്റെ മകളോട് ഇങ്ങനെ പറയുമോ?. ശ്രുതി പോലും അവിടെ ഇരുന്ന് ചമ്മി. ഇത്തരം പദപ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നാണ് വിമർശിച്ചവർ കുറിച്ചത്.


Click it and Unblock the Notifications











