'കമ്മിറ്റഡാണെന്ന് നിത്യ പറഞ്ഞിരുന്നെങ്കിൽ സമയം കളയില്ലായിരുന്നു, ഇനി കല്യാണം കഴിക്കില്ല'; സന്തോഷ് വർക്കി
മോഹൻലാൽ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗ് കൊണ്ട് സിനിമ പ്രേക്ഷകർക്കിടയിൽ വൈറലായ സിനിമാ പ്രേമിയാണ് മോഹൻലാൽ ആരാധകനായ സന്തോഷ് വർക്കി. മോഹൻലാലിനെപ്പോലെ തന്നെ നടി നിത്യാ മേനോനും തനിക്ക് പ്രിയപ്പെട്ടതാണെന്നും നിത്യയെ കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്നും സന്തോഷ് വ്യക്തമാക്കിയിരുന്നു.
നിത്യയെ വിവാഹം കഴിക്കാനുള്ള താൽപര്യം താൻ നിത്യയോടും കുടുംബത്തോടും നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ തന്റെ പ്രണയം നിത്യ മേനോൻ അവഗണിച്ചെന്നും സന്തോഷ് പറഞ്ഞിരുന്നു.
ഈ വാർത്തകൾ സൈബറിടത്തിൽ നിറഞ്ഞതോടെ സന്തോഷ് വർക്കിക്ക് രൂക്ഷമായ സൈബർ ആക്രമണമണവും നേരിടേണ്ടി വന്നിരുന്നു. പലരും സന്തോഷിനെ സൈക്കോ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നിത്യ മേനോൻ വിവാഹിതയാകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. നിത്യ ഒരു പ്രമുഖ മലയാള താരവുമായി വിവാഹിതയാവുന്നു എന്നതരത്തിലാണ് റിപോർട്ടുകൾ വന്നത്. ഇതോടെ നിത്യയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച സന്തോഷ് വർക്കി വീണ്ടും വാർത്തകളിൽ നിറയുകയാണ്.

കമ്മിറ്റഡാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ താൻ നിത്യയ്ക്ക് വേണ്ടി സമയം കളയില്ലായിരുന്നുവെന്നാണ് വാർത്തയോട് പ്രതികരിച്ച് സന്തോഷ് വർക്കി പറയുന്നത്. 'ഇന്നലെ വൈകിട്ട് ഞാൻ ഒരു വാർത്ത കണ്ടു.'
'നിത്യ മേനോൻ കല്യാണം കഴിക്കാൻ പോകുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനെ. ആ വാർത്ത എത്രത്തോളം സത്യമാണെന്ന് എനിക്കറിയില്ല. ഗോസിപ്പാണോയെന്നും അറിയില്ല.'
'ശരിക്കുള്ള സംഭവമാണോയെന്നും അറിയില്ല. വാർത്ത സത്യമാണെങ്കിൽ അത് വേദനജനകമാണ്. ഈ വാർത്ത വന്നശേഷം പലരും ഞാൻ ആത്മഹത്യശ്രമം നടത്തിയെന്ന് സോഷ്യൽമീഡിയയിൽ എഴുതിയതായി കണ്ടു.'

'വെന്റിലേറ്ററിലാണ് എന്നൊക്കെ അവർ എഴുതിയതായി കണ്ടു. വാർത്ത കണ്ട് നിത്യയുടെ മാതാപിതാക്കളേയും സംവിധായകൻ വി.കെ പ്രകാശ് സാറിനേയും വിളിച്ചിരുന്നു. അവർ ഒന്നും മിണ്ടിയില്ല.'
'വാർത്ത ശരിയാണെങ്കിൽ ഇവർക്ക് എന്നോട് ഈ കാര്യം നേരത്തെ പറയാമായിരുന്നു. നിത്യ മേനോനും കമ്മിറ്റഡാണ് എന്ന കാര്യം എന്നോട് പറയാമായിരുന്നു. ഞാൻ കോളാമ്പിയുെട സെറ്റിൽ പോയി നിത്യയെ കണ്ട് സംസാരിച്ചതാണ്.'
'അങ്ങനെ അവർ പറഞ്ഞിരുന്നെങ്കിൽ എന്റെ ഇത്രയും സമയവും അധ്വാനവും കാശും വെറുതെ കളയില്ലായിരുന്നു. ഞാൻ ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നു. മലയാളത്തിലെ യുവനടനാണ് എന്നൊക്കെയാണ് കേട്ടത്. ആരാന്ന് എനിക്കറിയില്ല.'

'ഒരിക്കൽ നിത്യ മേനോന്റെ അച്ഛൻ പറഞ്ഞത്. നിത്യ ആരുമായും പ്രണയത്തിലല്ല എന്നാണ്. ഇപ്പോൾ വരുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ അന്ന് അവർ പറഞ്ഞത് കള്ളമാണ്. വർഷങ്ങളോളമായുള്ള എന്റെ അധ്വാനം വേസ്റ്റായി.'
'പക്ഷെ ഞാൻ ആത്മഹത്യയൊന്നും ചെയ്യാൻ പോകുന്നില്ല. പക്ഷെ ജീവിതത്തിൽ മറ്റൊരു വിവാഹം ഉണ്ടാകില്ല. എന്റെ ജീവിതം ഗവേഷണത്തിന് വേണ്ടി മാറ്റിവെക്കുന്നു' സന്തോഷ് വർക്കി പറഞ്ഞു.
ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറിയ ബെംഗളൂരുവിൽ ജനിച്ച് വളർന്ന മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി.
Recommended Video

നിത്യയെ പക്ഷെ മലയാളി ആരാധകർ ഏറ്റവും കൂടുതൽ ഓർക്കുന്നത് തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്.
ഇനിയും വിവാഹം ചെയ്യാത്ത മലയാളി താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് നിത്യ. 50ലധികം സിനിമകളിൽ അഭിനയിച്ച നിത്യ മൂന്ന് ഫിലിംഫെയർ സൗത്ത് അവാർഡുകൾ, രണ്ട് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
1998ൽ ദി മങ്കി ഹൂ ന്യൂ ടൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പത്ത് വയസുള്ളപ്പോഴാണ് നിത്യ ബാലതാരമായി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.


Click it and Unblock the Notifications