സ്വയം വിലകുറച്ച് കാണേണ്ടതില്ല, അസീസ് നിങ്ങൾ നല്ല തിരക്കുള്ള റേഞ്ചുള്ള നടനല്ലേ? നിങ്ങൾക്കും ബെൻസാകാം; ആരാധകർ!
ഓൺലൈൻ മീഡിയകൾ പെരുകിയതോടെ സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിശേഷങ്ങളും വീഡിയോകളും അതിവേഗത്തിലാണ് ജനങ്ങളിലേക്ക് എത്തുന്നത്. താര വിവാഹങ്ങൾ പോലുള്ളവയുടെ എല്ലാ വീഡിയോയും ഒപ്പിയെടുത്ത് ഇത്തരം മീഡിയകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നതിനാൽ വിവാഹത്തിൽ പങ്കെടുത്ത പ്രതീതിയാണ് പ്രേക്ഷകർക്ക്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒന്നും പോലും വിടാതെ പകർത്തി വ്യത്യസ്തമായ ക്യാപ്ഷനുകൾ നൽകി ഓൺലൈൻ മീഡിയകൾ പങ്കുവെക്കുന്നതിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും സെലിബ്രിറ്റികൾ തന്നെയാണ്.
ക്യാപ്ഷൻ കാരണം വലഞ്ഞ ഏറ്റവും പുതിയ നടൻ അസീസ് നെടുമങ്ങാടാണ്. കഴിഞ്ഞ ദിവസം താരനിബിഢമായാണ് നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനും സന്തതസഹചാരിയുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയയുടെ വിവാഹം നടന്നത്.

മമ്മൂട്ടി, ദുൽഖര്‍ സൽമാൻ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ജഗദീഷ്, ആന്റണി പെരുമ്പാവൂർ തുടങ്ങി സിനിമാ ലോകത്തെ നിരവധിപ്പേർ ആശംസകളർപ്പിക്കാനും സന്തോഷത്തിൽ പങ്കുചേരാനും എത്തി. വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനാണ് നടൻ അസീസ് നെടുമങ്ങാട് എത്തിയത്. അടുത്തിടെയായി മമ്മൂട്ടിയുടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അസീസും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ബെൻസ് കാറിലാണ് റിസപ്ഷൻ ഹാളിന് അടുത്തേക്ക് അസീസ് എത്തിയത്. കാറിൽ നടൻ വന്നിറങ്ങുന്ന വീഡിയോ മമ്മൂക്കയെ പോലെ ബെൻസ് കാർ ഓടിച്ച് ജോർജേട്ടന്റെ മകളുടെ വിവാഹത്തിന് അസീസ് നെടുമങ്ങാട് എത്തിയപ്പോൾ എന്ന ക്യാപ്ഷനുമായാണ് ഓൺലൈൻ മീഡിയയുടെ പേജിൽ പ്രചരിച്ചത്. പോസ്റ്റ് വൈറലായതോടെ അസീസ് പുലിവാല് പിടിക്കുകയും കമന്റ് ബോക്സ് വിമർശനങ്ങൾ കൊണ്ട് നിറയുകയും ചെയ്തു.
അവസാനം പൊറുതി മുട്ടി അസീസ് തന്നെ വിശദീകരണം കമന്റായി കുറിച്ചു. കാറിൽ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ... അത് എന്റെ കാർ അല്ല. ഒരു സുഹൃത്തിന്റെ കാറാണ്. ഇനി അതിന്റെ പേരിൽ ആരും എന്നെ ക്രൂശിക്കരുത്... എന്നാണ് അസീസ് കുറിച്ചത്. എന്നാൽ നടന്റെ കമന്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധിപേർ താരത്തെ പിന്തുണച്ചും സ്നേഹം പ്രകടപ്പിച്ചും എത്തി. സ്വയം വിലകുറച്ച് കാണേണ്ടതില്ല. അസീസ് നിങ്ങൾ നല്ല തിരക്കുള്ള റേഞ്ചുള്ള നടനല്ലേ? നിങ്ങൾക്കും ബെൻസാകാം,
ആരെ ബോധിപ്പിക്കാനാണ് അസീസേ പറയുന്നത്?. ആളുകളുടെ നാവ് ഒരിക്കലും അടങ്ങി ഇരിക്കില്ല. താൻ തന്നെ തന്നെ ഇപ്പോഴും കുറച്ച് കാണല്ലേ. പഴയ കാലം അല്ല. താനൊക്കെ ഇപ്പോൾ വേറെ റേഞ്ചാണ്. ഞങ്ങൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള നടനുമാണ് നിങ്ങൾ, അസിസ് നെടുമങ്ങാട്... ശെടാ... നിങ്ങളുടെ ആണേൽ ഇപ്പോൾ എന്താ... നിങ്ങൾ നല്ല കഴിവുള്ള തിരക്കുള്ള കലാകാരനാണ് ഒരു ബെൻസൊക്കെ നിങ്ങൾക്കുമാകാം.

ഇഷ്ടപ്പെടാത്തവർ ഉണ്ടെങ്കിൽ അസീസ് നിങ്ങൾ ഇനിയും കാറിൽ തന്നെ വരണ൦, മലയാളികളാണ് ചേട്ടാ... വിട്ടേക്ക്, ഇക്കാ നിങ്ങൾ നയിച്ച് നിങ്ങളുടെ പൈസക്ക് വാങ്ങിയിട്ട് നടുകാർ എന്ത് പറഞ്ഞാലും കാര്യമാക്കേണ്ട. പട്ടികൾ കുരച്ചുകൊണ്ടിരിക്കും നമ്മൾ വേണം മാറി നടക്കാൻ എന്നിങ്ങനെ നീളുന്നു അനുകൂലിച്ച് വന്ന കമന്റുകൾ.
മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സാന്നിധ്യമാണ് അസീസ് നെടുമങ്ങാട്. അടുത്തിടെയായി സിനിമകളിൽ സജീവമാണ് താരം. കണ്ണൂർ സ്ക്വാഡിനുശേഷം അസീസിന്റെ ആരാധകരുടെ എണ്ണം വർധിച്ചിട്ടുണ്ട്.


Click it and Unblock the Notifications