മരണ വീട്ടിൽ മോഹൻലാൽ കാണാനായി ചിലർ നടത്തിയ പ്രകടനങ്ങൾ; ശ്രീനിവാസൻ മരിച്ചപ്പോൾ ചെന്നില്ല: ശാന്തിവിള ദിനേശ്
മോഹൻലാലിന്റെ അമ്മയുടെ മരണ ശേഷം നടന്റെ വീട്ടിൽ സിനിമാ രംഗത്തെ ചിലർ ദുഖം അഭിനയിച്ചെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.
മോഹൻലാലിനെ പ്രീതിപ്പെടുത്താൻ ചിലർ കാണിച്ച പ്രകടനങ്ങൾ കാണേണ്ടതായിരുന്നു. ഞാൻ ആ അമ്മയെ കണ്ട് മൂന്ന് നാല് മിനുട്ടിനുള്ളിൽ മടങ്ങി. എനിക്ക് ചിലർ അയച്ച് തന്ന ക്ലിപ്പിംഗുകൾ കണ്ടു. ഒരു ഡേറ്റിനായി, മോഹൻലാൽ കാണാനായി ചിലർ നടത്തിയ പ്രകടനങ്ങൾ ക്യാമറയ്ക്ക് മുന്നിൽ കാട്ടിയിരുന്നെങ്കിൽ മോഹൻലാലിനും മുകളിലെത്തിയേനെ.
അത്ര അഭിനയമായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് പുച്ഛം തോന്നി. വർഷങ്ങളോളം രോഗശയ്യയിലായ അമ്മ. 90 വയസ് വരെ അന്തസായി ജീവിച്ച അമ്മ അമ്മയ്ക്ക് കിട്ടേണ്ട സ്നേഹ പരിലാളനകളുടെ നൂറിരട്ടി നൽകിയ മകനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടെന്ന് അമ്മയ്ക്ക് തോന്നിക്കാണും. അതുകൊണ്ടാകും സ്വർഗവാതിൽ ഏകാധശിക്ക് ആ അമ്മ വിട പറഞ്ഞ് പോയത്. എനിക്കിനി ആരുമില്ല എന്ന വേദന ആ മനസിൽ ഉണ്ടാകാമെങ്കിലും നറുപുഞ്ചിരിയോടെ സമചിത്തതയോടെ അമ്മയുടെ തലയ്ക്കൽ നിന്നു.

അവിടെയാണ് ഓരോരുത്തരുടെ ദുഖാഭിനയം. അയാളെ ബോധ്യപ്പെടുത്താൻ മത്സരിക്കുകയായിരുന്നു അവിടെ ചിലർ. കണ്ണടയും വെച്ച് പ്രണവിനെ അവന്റെ വീട്ടിൽ തന്നെ പിടിച്ചിരുത്തുന്നത് എനിക്ക് വീഡിയോയിൽ കാണേണ്ടി വന്നു. ശ്രീനിവാസൻ മരിച്ചതിനാൽ ഇനി അഭിനയിക്കാനൊന്നും വിളിക്കില്ല. അദ്ദേഹം പോയില്ലേ. മരിച്ചപ്പോൾ ചെല്ലേണ്ട ചിലർ ചെന്നില്ല. സുരേഷ് ഗോപി ശ്രീനിവാസന്റെ വീട്ടിലെത്തി. കുഴിമാടത്തിൽ ചെന്ന് പ്രാർത്ഥിച്ചു.
മോഹൻലാലിന്റെ അമ്മ മരിച്ചത് അറിയേണ്ട താമസം ഒരു മാതിരിപെട്ടവരൊക്കെ ഓടിയും കിതച്ചും കാറിലും വിമാനത്തിലുമൊക്കെ അച്ചിയെയും കൂട്ടിയെത്തി. മോഹൻലാൽ കാണാനാണ് കുടുംബ സമേതം എത്തിയത്. ഇതാണ് സിനിമ. അപ്പോൾ കാണുന്നവനെ കാര്യ സാധ്യത്തിന് അപ്പ എന്ന് വിളിക്കും. മെയിൻസ്ട്രീമിൽ നിൽക്കുന്നവരുടെ ബന്ധുക്കൾ മരിക്കുമ്പോഴാണ് ഇത്തരം അഭ്യാസങ്ങൾ കാണാനാകുകയെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.


Click it and Unblock the Notifications