twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പ്രേമ'ത്തില്‍ എവിടെ സുഹൃത്തുക്കളേ മൂന്ന് പ്രണയങ്ങള്‍....?

    |

    കേരളത്തിലെ തീയേറ്ററുകള്‍ അടുത്ത കാലത്തൊന്നും ഇത്രയും വലിയ തിരക്ക് കണ്ടിട്ടുണ്ടാവില്ല. 'പ്രേമ'ത്തെ അങ്ങനെയാണ് മലയാളികള്‍ സ്വീകരിച്ചിരിയ്ക്കുന്നത്. എങ്കിലും പ്രേമം അത്രമാത്രം പ്രണയ സമ്പുഷ്ടമാണോ...

    ഒരാളുടെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളിലെ പ്രണയങ്ങള്‍ എന്നാണ് സിനിമയുടെ ഇതിവൃത്തത്തെ പൊതുവെ വിലയിരുത്തുന്നത്. അത് എത്രമാത്രം ശരിയാണ് എന്നതാണ് സംശയം. ജോര്‍ജ്ജ് ഡേവിഡ് എന്ന പ്രീഡിഗ്രിക്കാരനും, ബിരുദ വിദ്യാര്‍ത്ഥിയും, സ്വയം സംരഭകനും എപ്പോഴൊക്കെയാണ് ശരിയ്ക്കും പ്രണയിക്കുന്നത്.

    Premam

    കൗമാരത്തിന്റെ തുടക്കത്തില്‍ മേരിയെന്ന- ഇടത്തേ തോളിലേക്ക് കടന്നല്‍ കൂട് പോലെ മുടിയിട്ട- പെണ്‍കുട്ടിയോട് അവന് തോന്നുന്നതിനെ പ്രണയം എന്ന് വിശേഷിപ്പിക്കാമോ... പിറകേ നടക്കുക, കത്ത് കൊടുക്കാന്‍ നോക്കുക... ഇതിനെയെല്ലാം പ്രണയം എന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഇന്‍ഫ്‌ലാക്‌ച്വേഷന്‍ എന്ന് പറയുന്നതായിരിക്കും. മേരി സത്യത്തില്‍ അവന്റെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല.

    Premam1

    ഒടുവില്‍ മേരിയുടെ അനിയത്തി സെലിന്‍ ആണ് ജോര്‍ജ്ജിന്റെ ജീവിത പങ്കാളിയാകുന്നത്. എന്നാല്‍ അതില്‍ എത്രമാത്രം പ്രണയത്തിന്റെ തൂക്കമുണ്ട്? ജീവിതത്തില്‍ 'സെറ്റില്‍' ചെയ്ത ജോര്‍ജ്ജിന് കൂട്ടിന് ഒരു പങ്കാളിയെ വേണം. പഴയ മേരിയുടെ സഹോദരിയായി സെലിന്‍ എത്തുമ്പോള്‍ ജോര്‍ജ്ജ് അവളെ തന്റെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നു. സെലിന്‍ എന്ന പെണ്‍കുട്ടിയുമായി പ്രണയം എന്ന് വിളിയ്ക്കാവുന്ന വളരെ കാല്‍പനികമായ ഒരു വികാരം ആണോ ജോര്‍ജ്ജിനുള്ളത്. ആണെന്ന് തോന്നുന്നില്ല.

    എന്നാല്‍ സെലിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രണയത്തിന്റെ സാധ്യത നമുക്ക് കണ്ടെത്താനാകും. കാരണം ചെറുപ്പത്തില്‍ ചേച്ചിയ്ക്ക് പിറകേ നടക്കുന്ന ആ ചേട്ടനെ അവള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നിരിയ്ക്കണം. ജോര്‍ജ്ജ് അറിയാതെ തന്നെ അവളില്‍ അത്തരമൊരു ചിന്ത ഉണ്ടായിരുന്നില്ലെങ്കില്‍, പോങ്ങനും പിന്തിരിപ്പനും ആയ ആ കല്യാണച്ചെറുക്കനെ ഉപേക്ഷിക്കില്ലായിരുന്നു. അവള്‍ കല്യാണം നിശ്ചയിച്ച കാര്യം പറയുമ്പോള്‍ ജോര്‍ജ്ജില്‍ ഉണ്ടാകുന്ന നിരാശയെ പ്രണയ നൈരാശ്യം എന്ന് മാത്രം വിളിയ്ക്കരുത്.

    Premam2

    എന്നാല്‍ തന്നെ പഠിപ്പിയ്ക്കാന്‍ എത്തുന്ന അധ്യാപികയായ മലരിനോട് തോന്നുന്നത് വെറും ചപലമായ വികാര പ്രകടനം മാത്രമല്ല. ഒരുപ്രായത്തില്‍ അധ്യാപികമാരോട് വിദ്യാര്‍ത്ഥികള്‍ക്ക് തോന്നുന്ന വെറും ആകര്‍ഷണം അല്ല ആ വികാരം എന്നത് വ്യക്തമാണ്. അവര്‍ ഇരുവരും പ്രണയമെന്ന വികാരത്തില്‍ ബന്ധിതരും ആയിരുന്നു. വിധിയുടെ 'വിളയാട്ടം' കാരണം അവള്‍ വിട്ടുപോകുന്നുവെന്നറിഞ്ഞിട്ടും ജോര്‍ജ്ജ് മലരിനെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. അവള്‍ തന്നിലേയ്ക്ക് തിരിച്ചുവരും എന്ന് അവന്‍ പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ അവള്‍ വിവാഹിതയാകുമ്പോഴും ജോര്‍ജ്ജിന്റെ ഉള്ളില്‍ അവളോടുള്ള പ്രണയം ഇല്ലാതാകുന്നില്ല.

    Premam3

    ജോര്‍ജ്ജിന് മലരിനോടുള്ള പ്രണയത്തിന്‍റെ തീവ്രത തിരിച്ചറിഞ്ഞത് യഥാര്‍ത്ഥത്തില്‍ സെലിന്‍ മാത്രമാണ്. അതുകൊണ്ടാണല്ലോ ജോര്‍ജ്ജ് പോലും അറിയാതെ സെലിന്‍ മലരിനെ കല്യാണത്തിന് ക്ഷണിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മലര്‍ പറയുന്നതിലൂടെ നമുക്ക് ചിന്തിച്ചെടുക്കാവുന്നത് ആ പ്രണയത്തിന്റെ ആഴം തന്നെയാണ്.

    ഇത്രയേ പറയാന്‍ ഉദ്ദേശിച്ചുള്ളൂ. ഉപ്പുള്ളതിനെയെല്ലാം 'ഉപ്പ്' എന്ന് വിളിയ്ക്കരുത്. ഉപ്പുമാങ്ങയ്ക്ക് ഉപ്പ് നല്‍കുന്നത് അതില്‍ ചേര്‍ത്ത ഉപ്പാണ്, മാങ്ങയല്ല.

    English summary
    Something about the Blockbuster Malayalam Movie Premam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X