'അവന്റെ പ്രായം വെച്ച് നോക്കുമ്പോൾ നന്നായി ചെയ്യുന്നുണ്ട്, മകനായ എനിക്ക് അവരുടെ കെമിസ്ട്രി കണ്ട് അസൂയ തോന്നി'
മലയാളസിനിമാ ലോകത്ത് അനശ്വരങ്ങളായ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവൻ നൽകിയ മഹാപ്രതിഭയാണ് നടൻ തിലകൻ. 2012 സെപ്റ്റംബർ 24ന് ആയിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മരണം. മൂന്ന് ദേശീയ പുരസ്കാരങ്ങളും പതിനൊന്ന് സംസ്ഥാനപുരസ്കാരങ്ങളും നേടിയിട്ടുള്ള ആ അതുല്യ നടൻ ഇന്നും ജനമനസ്സുകളിൽ അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ്. പലപ്പോഴും തന്‍റേതായ നിലപാടുകളിൽ ഉറച്ച് നിന്ന അദ്ദേഹം സിനിമാരംഗത്ത് തന്നെ ഒരു ഒറ്റയാനായിരുന്നു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേ തുടർന്ന് 2010ൽ അദ്ദേഹത്തെ അമ്മയിൽ നിന്ന് പുറത്താക്കിയത് വാർത്തയായിരുന്നു. മരിച്ച് വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ഇന്നും തിലകൻ മലയാളികൾക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്.

തിലകൻ അവസാന നാളുകളിൽ ചെയ്ത സിനിമകളിൽ ഒന്നായിരുന്നു ദുൽഖർ സൽമാൻ നായകനായ ഉസ്താദ് ഹോട്ടൽ. ദുൽഖറിന്റെ തുടക്കകാലവുമായിരുന്നു അത്. ഉപ്പൂപ്പ-കൊച്ചുമകൻ കോമ്പോയും ഈ ചിത്രവും വലിയ ഹിറ്റായി. ഇപ്പോഴിതാ ദുൽഖറിനൊപ്പം അഭിനയിച്ചശേഷം തിലകൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഓർത്തെടുത്ത് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ മകനും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമെല്ലാമായ ഷോബി തിലകൻ.
അത്രമാത്രം എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് ചെയ്തതായി അച്ഛന് തോന്നിയതുകൊണ്ടാകും ദുൽഖറിനെ കുറിച്ച് തന്നോട് സംസാരിച്ചതെന്നാണ് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ഷോബി തിലകൻ പറഞ്ഞത്. അച്ഛൻ ഒരാളെ കുറിച്ചോ അല്ലെങ്കിൽ നടനെ കുറിച്ചോ... കലാപാരമായ പ്രകടനത്തെ കുറിച്ചോ പറയുന്നത് മടിയുള്ള കാര്യമാണ്.
എനിക്ക് ആദ്യമായി അവാർഡ് കിട്ടിയത് പഴശ്ശിരാജയ്ക്കാണ്. അതേ സിനിമയിൽ അച്ഛനും അഭിനയിച്ചിട്ടുണ്ട്. എനിക്ക് അവാർഡ് കിട്ടിയ കാര്യം ഞാൻ അച്ഛനെ അങ്ങോട്ട് വിളിച്ച് പറയുകയാണ് ചെയ്തത്. അന്ന് അത് കേട്ട് ഒരു മൂളൻ മാത്രമായിരുന്നു അച്ഛന്റെ പ്രതികരണം. അത് തന്നെ എനിക്ക് ധാരാളമായിരുന്നു. അതുപോലെ നമ്മളെ നിർത്തികൊണ്ട് അച്ഛൻ മറ്റുള്ളവരോട് നമ്മളെ പുകഴ്ത്തി സംസാരിക്കാറില്ല. പക്ഷെ നമ്മളില്ലെങ്കിൽ അച്ഛൻ പറയും.
ഒന്നും കേട്ട് നമ്മൾ അഹങ്കരിക്കരുതെന്ന് അച്ഛനുണ്ട്. പഴശ്ശിരാജയിൽ എന്നെ ഡബ്ബിങിന് വിളിക്കാൻ ഹരിഹരൻ സാറിന് കോൺഫിഡൻസ് കൊടുത്തതും അച്ഛൻ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് എനിക്ക് ഡബ്ബ് ചെയ്യാൻ സാധിച്ചതും പുരസ്കാരം കിട്ടിയതും. ഇത്തരത്തിലാണ് അച്ഛൻ എന്നോടുള്ള കരുതൽ കാണിക്കാറുള്ളത്.

അതുപോലെ ഉസ്താദ് ഹോട്ടൽ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ഞാനും അച്ഛനും കൂടി റിയാദിൽ ഒരു ഫങ്ഷന് വേണ്ടി പോകുന്നത്. യാത്രയ്ക്കിടെ ഞാൻ വെറുതെ അച്ഛനോട് ചോദിച്ചു ദുൽഖർ എങ്ങനെയുണ്ടെന്ന്. കുഴപ്പമില്ല... അവന്റെ പ്രായം വെച്ച് നോക്കുമ്പോൾ അവൻ നന്നായി ചെയ്യുന്നുണ്ട്. അച്ഛന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു അഭിപ്രായം വരണമെങ്കിൽ ഇത്തിരി പാടാണ്.
അത്രമാത്രം എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് ചെയ്തൊരാളെ കുറിച്ചെ അച്ഛൻ അങ്ങനെ പറയുകയുള്ളു. അതുകൊണ്ട് അച്ഛന് അയാളിൽ അത്രമാത്രം വിശ്വാസം ഉണ്ടെങ്കിലോ നന്നായി ചെയ്തിട്ടുണ്ടെങ്കിലോ മാത്രമെ പറയുകയുള്ളു. ആ സിനിമയിൽ ഉപ്പൂപ്പയെന്ന് ദുൽഖർ വിളിക്കുന്നതിൽ തന്നെ ഭയങ്കര ഇന്റിമസി നമുക്കൊക്കെ ഫീൽ ചെയ്യുന്നുണ്ട്. അറിഞ്ഞുകൊണ്ട് ആ കഥാപാത്രത്തിലേക്ക് അച്ഛനെ ഇട്ടതുപോലെ തോന്നി.
തിലകന്റെ മകനായ എനിക്ക് പോലും അവരുടെ കെമിസ്ട്രി കണ്ട് അസൂയ തോന്നിയെന്നും ഷോബി തിലകൻ പറയുന്നു. ഉസ്താദ് ഹോട്ടൽ മുതലാണ് ദുൽഖറിന്റെ കരിയർ മെച്ചപ്പെട്ട് തുടങ്ങിയത്. ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ തിരക്കുള്ള നടനാണ് ദുൽഖർ.


Click it and Unblock the Notifications