പങ്കാളിയിൽ നിന്നും നിരന്തരം ഉപദ്രവം, അവന്റെ സുഹൃത്തുക്കൾ എന്നെ കാണരുതെന്ന് പറഞ്ഞു: സോന ഹെയ്ഡൻ
ബിഗ് സ്ക്രീനിൽ ഗ്ലാമറസ് നടിയായി തിളങ്ങിയ സോന ഹെയ്ഡന് ജീവിതത്തിൽ ഒരുപാട് ദുഖങ്ങളുണ്ട്. ഗ്ലാമർ വേഷങ്ങളിൽ തളയ്ക്കപ്പെട്ടത്, ആഗ്രഹിച്ചത് പോലെ വിവാഹവും കുടുംബ ജീവിതം ഇല്ലാതെ പോയത് എന്നിവയെല്ലാം സോനയുടെ മനസിലെ വേദനകളാണ്. പ്രണയ ബന്ധം തകർന്നത് സോന ഹെയ്ഡനെ കാര്യമായി ബാധിച്ചിരുന്നു. ജീവിത പങ്കാളിയായി കണ്ടയാൾ തന്നെ നിരന്തരം ഉപദ്രവിച്ചതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ സോന ഹെയ്ഡൻ തുറന്ന് സംസാരിക്കുന്നുണ്ട്.
ആ ബന്ധത്തെക്കുറിച്ച് എനിക്കൊരുപാട് പറയാനുണ്ട്. പക്ഷെ അവന് എന്നെ അങ്ങനെ ട്രീറ്റ് ചെയ്യാനുള്ള ഇടം കൊടുത്തത് ഞാനാണല്ലോ. ആ ബന്ധത്തിന്റെ അവസാനം ഞാൻ മനസിലാക്കിയത് ഞാൻ എന്നെ ബഹുമാനിച്ചില്ലെന്നാണ്. കാരണം എന്റെ മനസിൽ ഞാനൊരു ഗ്ലാമർ ആർട്ടിസ്റ്റാണ് അതിനാൽ എന്നെ അവൻ പ്രണയിക്കുന്നത് വലിയ കാര്യമാണെന്ന് കരുതി. എനിക്ക് ജീവിതം തരാൻ പോകുന്നു, അതിനാൽ എന്തുണ്ടായാലും അഡ്ജസ്റ്റ് ചെയ്യാമെന്ന് ഞാൻ ചിന്തിച്ചു. പക്ഷെ ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ എല്ലാം ഒരു ആർമി റൂൾ പോലെയായി.

പതിയെ അത് ഫിസിക്കൽ അബ്യൂസ് ആയി. തനിക്ക് വേണ്ടത് കിട്ടിയില്ലെങ്കിൽ ഉപദ്രവിക്കും. മിക്കപ്പോഴും ആവശ്യം പണമായിരിക്കും. ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം നമുക്കെല്ലാം ആഘോഷിച്ചാലോ എന്ന് ചോദിച്ചു. അവൻ പറഞ്ഞത് നിന്നെ എന്റെ സുഹൃത്തുക്കൾ കാണേണ്ട എന്നാണ്. വിവാഹത്തിനടുത്തെത്തിയിരുന്നു. പക്ഷെ ഭാഗ്യത്തിന് വിവാഹം ചെയ്തില്ലെന്നും സോന ഹെയ്ഡൻ പറയുന്നു.
ബ്രേക്കപ്പ് ആകുമ്പോൾ അവന്റെ കുടുംബം പ്രശ്നം പരിഹരിച്ച് വീണ്ടും ഒരുമിപ്പിക്കാൻ ശ്രമിച്ചതാണ്. എന്റെ മൂക്ക് പൊട്ടിയിരുന്നു. ഫിഷ് ടാങ്ക് എന്റെ പുറത്ത് എറിഞ്ഞ് പൊട്ടിച്ചു. ഒരു ഘട്ടത്തിനപ്പുറം താങ്ങാൻ പറ്റാതായി. ഞാൻ ഒരിക്കൽ അവനെ സഹിക്കാൻ പറ്റാതെ ആക്രമിക്കാൻ നോക്കി. അത് പരാജയപ്പെട്ടു. ഞാൻ സ്വയം വേദനിപ്പിച്ചു. അവന്റെ പേര് പറയുന്നില്ല. അവനും ഭാര്യയും സന്തോഷമായിരിക്കട്ടെ. ഞാനവനെ ശരിക്കും സ്നേഹിച്ചിരുന്നു. അതിനാൽ ഞാൻ അവന് നല്ലത് മാത്രം വരട്ടെയെന്ന് കരുതുന്നെന്നും സോന പറയുന്നു.
കരിയറിലെ മോശം അനുഭവങ്ങളും നടി പങ്കുവെച്ചു. ആരും എന്നെ കാര്യമായെടുത്തില്ല. കാരണം ഞാൻ കൊടുത്ത ഇമേജ് അങ്ങനെയായിരുന്നു. പത്ത് വർഷം അതിന് ശ്രമിച്ചിട്ടും നടന്നില്ല. ഗ്ലാമർ നടിയായതിനാൽ ജീവിതത്തിൽ പ്രാക്ടിക്കലായ ചില ബുദ്ധിമുട്ടുകൾ വന്നു. ഗ്ലാമർ നടിയായി അറിയപ്പെട്ട് മരിക്കാൻ ഞാനാഗ്രഹിക്കുന്നില്ല.
സമൂഹത്തിൽ ബഹുമാനം ലഭിക്കാൻ ഞാൻ മറ്റ് കാര്യങ്ങൾ ചെയ്തു. സംവിധാനം പഠിച്ചു. ഗ്ലാമർ റോളുകൾ എനിക്ക് മടുത്തിരുന്നു. പക്ഷെ എന്നെ കബളിപ്പിച്ചതാണെന്ന് ഞാൻ പറയില്ല. എല്ലാം അറിഞ്ഞ് കൊണ്ടാണ് ചെയ്തത്. എന്നാൽ അതിന്റെ സീരിയസ്നെസ് അറിയില്ലായിരുന്നു. വിവാഹം ചെയ്യാനാഗ്രഹിച്ചപ്പോൾ ഇത് വലിയൊരു തടസമായി. ഇനിയത്തരം റോളുകൾ ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സോന. ഇമേജ് മാറ്റാൻ നടി ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചതും ഇതിന് വേണ്ടിയാണെന്നാണ് സോന പറയുന്നത്. അറിവില്ലാത്ത പ്രായമായിരുന്നു. ഇന്നും തന്നെ മറ്റൊരു കണ്ണിലൂടെ കാണുന്ന സാഹചര്യമാണെന്നും സോന ഹെയ്ഡൻ പറയാറുണ്ട്.


Click it and Unblock the Notifications

