രജിനികാന്തിന് പിടികിട്ടാത്ത വില്ലൻ, നാഗാർജ്ജുനയെ പോലും നിഷ്പ്രഭമാക്കി: കൂലിയിലെ താരം സൗബിൻ തന്നെ
തമിഴ് സിനിമാ പ്രേക്ഷകരെ ഏറെ കാത്തിരുന്ന രജനികാന്ത് ചിത്രം കൂലി തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യും റിവഞ്ജ് ആക്ഷൻ ത്രില്ലർ, സിനിമ പ്രേമികളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂലി പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും, പല കഥാപാത്രങ്ങളും എന്തിനോ വേണ്ടി വന്നു പോകുന്നവയായിരുന്നു എന്നുമാണ് പൊതുവെ പ്രേക്ഷകർക്കിടയിൽ ഉള്ള അഭിപ്രായം. എന്നാൽ, എല്ലാവരിൽ നിന്നും ഒരു പോലെ പ്രശംസ പിടിച്ചു പറ്റുന്നത്, രജനികാന്ത് ചിത്രത്തിൽ ദയാൽ ആയി വേഷമിട്ട സൗബിൻ ഷാഹിർ ആണ്.
കൂലിയിലെ പ്രധാന വില്ലൻ തെലുങ്ക് സൂപ്പർതാരമായ നാഗാർജുന അക്കിനേനിയാണ്. പ്രശസ്ത താരം ഏറെ നാളുകൾക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ഇത്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രത്തിൽ, സൈമൺ എന്ന ക്ലാസ്സ് വില്ലനായാണ് നാഗാർജുന എത്തിയത്. എന്നാൽ, ചിത്രം പുറത്തിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വാധീനിച്ചത്, കഥയിലെ രണ്ടാമത്തെ വില്ലനായ സൗബിൻ ഷാഹിറിന്റെ കഥാപാത്രവും, അഭിനയവുമാണ്.

കൂലി കണ്ട് പുറത്തിറങ്ങിയ സിനിമ പ്രേമികൾ, 'മോണിക്ക' എന്ന പാട്ടിൽ മാത്രമല്ല, സിനിമയിലും ഏറ്റവും സ്കോർ ചെയ്തത് സൗബിൻ ആണെന്നാണ് അഭിപ്രായപ്പെടുന്നത്. ദയാൽ എന്ന അൺപ്രെഡിക്റ്റബിൾ വില്ലനെ ഏറെ സൂക്ഷ്മമായിട്ടാണ് മലയാളി താരം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്ന. ചെറുതായി ഒന്ന് പാളിയാൽ പോലും അതി നാടകീയമായി തോന്നാവുന്ന കഥാപാത്രത്തെ സ്‌ക്രീനിൽ മികച്ചതാക്കാൻ സൗബിൻ ഷാഹിർ എന്ന നടന് നിഷ്പ്രയാസം സാധിച്ചു. വില്ലത്തരമായാലും, ഇമോഷണൽ രംഗങ്ങളായാലും, അത് അദ്ധേഹത്തിന്റെ കൈയിൽ ഭദ്രമായിരുന്നു.

"സൗബിന് ദയാലിനെ അവതരിപ്പിക്കാൻ കഴിയുമോ? കൂലിയിൽ തലയുയർത്തി നിൽക്കുന്ന ഒരേയൊരു കഥാപാത്രം ദയാൽ മാത്രമാണ്," ഒരു സിനിമ പ്രേമി എക്സ് പേജിൽ കുറിച്ചു. "സൗബിൻ സ്‌ക്രീനിൽ തീ കൊളുത്തി, തന്റെ പവർഹൗസ് പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി," മറ്റൊരാൾ എഴുതി. "കൗശലക്കാരായ ദയാലും കല്യാണിയും ആയി സൗബിനും, രചിതാ റാമും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അവരുടെ കഥ നന്നായി എഴുതിയിരിക്കുന്നു," ഒരു സോഷ്യൽ മീഡിയ പ്രേക്ഷകൻ അഭിപ്രായപ്പെട്ടു. "കൂലിയിൽ സൗബിൻ ശ്രദ്ധ പിടിച്ചുപറ്റുന്നു! സൂപ്പർസ്റ്റാറിനൊപ്പം അദ്ദേഹം ശക്തമായ, വൈവിധ്യമാർന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്, അത് ഹൃദയങ്ങളെ കീഴടക്കുന്നു," മറ്റൊരാൾ എഴുതി.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടന്ന കൂലി ട്രൈലെർ, ഓഡിയോ ലോഞ്ച് പരിപാടിയിൽ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടെ, സംവിധായകൻ ലോകേഷ് കനഗരാജ് സൗബിൻ ഷാഹിറിനെ ഏറെ പ്രശംസിച്ച് സംസാരിച്ചിരുന്നു. "ഈ സിനിമ തീയറ്ററിൽ എത്തിക്കഴിഞ്ഞാൽ സൗബിൻ ഷാഹിർ പ്രേക്ഷകർക്ക് ഇടയിൽ സംസാരവിഷയമാകും. അദ്ദേഹത്തിന് ചിലപ്പോൾ ചെന്നൈയിലേക്ക് താമസം മാറേണ്ടി വരെ വന്നേക്കാം, കാരണം ആളുകൾ അദ്ദേഹത്തെ വച്ച് സിനിമകൾ ചെയ്യാൻ നോക്കും. അദ്ദേഹം കൂലിയിൽ അവതരിപ്പിക്കുന്ന കഥാപാത്രം അത്രയേറെ ചർച്ച ചെയ്യപ്പെടും," സംവിധായകൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
രജനികാന്ത് ദേവ എന്ന നായകനായി എത്തുന്ന ചിത്രത്തിൽ, നാഗാർജുന അക്കിനേനിയാണ് പ്രധാന വില്ലനായ സൈമൺ ആയി വേഷമിട്ടത്. ഒപ്പം, സത്യരാജ്, ശ്രുതി ഹാസൻ, ഉപേന്ദ്ര, രചിത റാം, ചാർളി, തുടങ്ങിയവരും, അതിഥി വേഷത്തിൽ ബോളിവുഡ് താരം ആമിർ ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് കൂലിയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്.


Click it and Unblock the Notifications











