കോടികൾ പൂജയ്ക്ക്, കൈയ്യടി നേടുന്നത് സൗബിൻ: വൈറലായി കൂലിയിലെ നൃത്തരംഗം
സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനഗരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് കൂലി. ഓഗസ്റ്റ് പതിനാലാം തിയതി തീയറ്ററുകളിൽ ഏതാണ് ഒരുങ്ങുന്ന ചിത്രത്തിന് വലിയ പ്രൊമോഷണൽ പരിപാടികളാണ് നിർമ്മാതാക്കളായ സൺ പിക്ചേർസ് ഒരുക്കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി അടുത്തിടെ കൂലിയിലെ പൂജ ഹെഗ്ഡെയും സൗബിൻ ഷാഹിറും പ്രത്യക്ഷപ്പെടുന്ന 'മോണിക്ക' എന്ന സോങ് വീഡിയോ ടീം പുറത്തിറക്കിയിരുന്നു. അനിരുദ്ധ് ചിട്ടപ്പെടുത്തിയ അടിപൊളി പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
പുതിയ റിപോർട്ടുകൾ അനുസരിച്ച്, രജിനികാന്ത് ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പൂജ ഹെഗ്‌ഡെയ്ക്ക് നിർമ്മാതാക്കൾ പ്രതിഫലമായി നൽകിയത് ഏതാണ്ട് രണ്ടു കോടി രൂപയാണ്. പ്രശസ്ത താരം തന്റെ അഴകുള്ള നൃത്ത ചുവടുകളും, എനർജിയും കൊണ്ട് 'മോണിക്ക' സോങ് വീഡിയോ കൊഴുപ്പിച്ചു. പക്ഷെ, തമിഴ് സിനിമ പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയത്, ഒപ്പം സ്‌ക്രീനിൽ എത്തിയ മലയാളി താരം സൗബിൻ ഷാഹിറിന്റെ നൃത്തം കണ്ടാണ്.

അപ്രതീക്ഷിതമായി സ്‌ക്രീനിലെത്തി പെർഫോമൻസ് കൊണ്ട് ഞെട്ടിച്ച സൗബിൻ ഷാഹിറും, താരത്തിന്റെ നൃത്ത രംഗവും ഇപ്പൊൾ വൈറലാവുകയാണ്. സിനിമ രംഗത്ത് നിന്നുള്ള അജു വർഗീസ് അടക്കമുള്ള നടന്റെ സുഹൃത്തുക്കളും, പ്രേക്ഷകരും ഒരുപോലെ ആഘോഷിക്കുകയാണ് സൗബിന്റെ ഡാൻസ്. "ഏറ്റവും നാണമുള്ള ആൾ ഒടുവിൽ നൃത്തവേദിയിലെത്താൻ തീരുമാനിച്ചപ്പോൾ," ഒരു ആരാധകൻ സൗഹിന്റെ പ്രകടനത്തെക്കുറിച്ച് രസകരമായി പ്രതികരിച്ചു,. "സൗബിന്റെ അപ്രതീക്ഷിത പ്രകടനം ഒരു ഷോ-സ്റ്റീലറായിരുന്നു! മോണിക്ക ഒരു ക്ലാസിക് അനിരുദ്ധ് സോങ് ആണ്, ഉറപ്പായും ഇൻസ്റ്റാഗ്രാം റീലുകളിൽ ട്രെൻഡ് ചെയ്യും," മറ്റൊരാൾ ട്വീറ്റ് ചെയ്തു.
തമിഴ് സിനിമ പ്രേക്ഷകർ സൗബിൻ ഷാഹിറിനെ ആദ്യമായി അടുത്തറിയുന്നത്, ബ്ലോക്ക്ബസ്റ്റർ ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ കുട്ടേട്ടൻ എന്ന കഥാപാത്രമായിട്ടാണ്. ആ റോളിലെ പ്രകടനം കൊണ്ട് പ്രശസ്ത നടൻ തമിഴ് നാട്ടിൽ നിന്നും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. എന്നാൽ, സൗബിൻ ഇത്രയും നല്ലൊരു ഡാൻസർ ആണെന്നുള്ളത് അന്യഭാഷാ പ്രേക്ഷകർ അടുത്തറിയുന്നത് ഇപ്പോഴാണ്. മോണിക്ക എന്ന പാട്ടിനേക്കാൾ ഇപ്പോൾ വൈറലാവുന്നത്, ആ വിഡിയോയിൽ സൗബിൻ തനിച്ചു നൃത്തം ചെയ്യുന്ന ഒരു ക്ലിപ്പ് ആണ്.

ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള ചെറുപ്പക്കാരനായ ഫിലിം മേക്കർ ലോകേഷ് കനകരാജ്, പ്രേക്ഷകരെ എങ്ങനെ കൈയിലെടുക്കണമെന്ന് തനിക്ക് അറിയാമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. നായകൻ രജിനികാന്തിന്റെ സാന്നിധ്യം ഇല്ലാതിരുന്നിട്ടു കൂടി, മോണിക്ക എന്ന പാട്ട് ഇന്ന് ഇന്റർനെറ്റ് കീഴടക്കുന്നു എന്നത് ലോകേഷിന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും കഴിവിന്റെ ഏറ്റവും നല്ല തെളിവാണ് എന്നാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ പറയുന്നത്. പൂജ ഹെഗ്ഡെയും, സൗബിൻ ഷാഹിറും ഒരുമിച്ച, അനിരുദ്ധ് രവിചന്ദർ ചിട്ടപ്പെടുത്തിയ പാട്ടിന് വരികൾ എഴുതിയത് വിഷ്ണു എടവനാണ്. സുബ്‌ലഹസ്നിയും, അനിരുദ്ധും, അസൽ കോലാറും, ചേർന്നാണ് മോണിക്ക ആലപിച്ചിരിക്കുന്നത്.
രജനികാന്ത് നായകനായ ദേവ ആയി എത്തുന്ന കൂലിയിൽ, വില്ലനായി എത്തുന്നത് തെലുങ്ക് സൂപ്പർ താരം നാഗാർജുന അക്കിനേനിയാണ്. സൗബിൻ ഷാഹിർ ദയാൽ എന്ന കഥാപാത്രമായി എത്തുന്ന ലോകേഷ് കനഗരാജ് ചിത്രത്തിൽ, കന്നഡ താരം ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ ഒരു അതിഥി വേഷത്തിൽ കൂലിയിൽ എത്തുമെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സൺ പിക്ച്ചേഴ്സിന് വേണ്ടി കലാനിധി മാരനാണ്.


Click it and Unblock the Notifications











