ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച സൗന്ദര്യ! കുഞ്ഞതിഥി എത്തും മുന്‍പേ വിയോഗവും! വിമാന അപകടമായിരുന്നു
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒരുപോലെ കരയിച്ച വിയോഗങ്ങളിലൊന്നായിരുന്നു സൗന്ദര്യയുടേത്. 2004, ഏപ്രില്‍ 17 ന് ബെംഗലുരുവിലുണ്ടായ വിമാന അപകടത്തിലായിരുന്നു താരം അന്തരിച്ചത്. യാത്ര തുടങ്ങിയപ്പോള്‍ത്തന്നെ വിമാനത്തിന് തീ പിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. 16 വര്‍ഷത്തിനിപ്പുറവും വിങ്ങലോടെയല്ലാതെ ഈ നായികയെക്കുറിച്ചോര്‍ക്കാന്‍ നമുക്ക് കഴിയില്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയും ഈ താരത്തെ ഏറ്റെടുത്തിരുന്നു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലൂടെയായിരുന്നു സൗന്ദര്യ മലയാളത്തില്‍ അരങ്ങേറിയത്. പിന്നീടാണ് മോഹന്‍ലാലിനൊപ്പം കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ താരം അഭിനയിച്ചത്. ഈ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചതും. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും സൗന്ദര്യ എത്തിയിരുന്നു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ദ്വീപ നിര്‍മ്മിച്ചത് താരമായിരുന്നു. ദേശീയ പുരസ്‌കാരമുള്‍പ്പടെ ഒട്ടനവധി പുരസ്‌കാരങ്ങളായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്കായ ആപ്തമിത്രയായിരുന്നു സൗന്ദര്യയുടെ അവസാനത്തെ ചിത്രം.
എംബിബിഎസ് പഠനത്തിനിടയിലായിരുന്നു സൗന്ദര്യ സിനിമയില്‍ അഭിനയിച്ചത്. ഗന്ധര്‍വയെന്ന കന്നഡ സിനിമ വന്‍വിജയമായി മാറിയതോടെ പഠനം ഉപേക്ഷിക്കുകയായിരുന്നു. അമിതാഭ് ബച്ചന്‍ ചിത്രമായ സൂര്യവംശയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി 100ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു സൗന്ദര്യ. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.

വ്യക്തി ജീവിതത്തിലെ വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞതിന് ശേഷമായാണ് സൗന്ദര്യ വിട വാങ്ങിയത്. സംവിധായകനായ ഉദയകുമാറായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു സംവിധായകന്‍ സൗന്ദര്യയെക്കുറിച്ച് വാചാലനായത്. കന്നഡ സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയില്‍ അവള്‍ വിളിച്ചിരുന്നു. ഇത് അവസാനത്തെ സിനിമയാവുമെന്നും താന്‍ രണ്ടുമാസം ഗര്‍ഭിണിയാണെന്നും അന്ന് അവള്‍ പറഞ്ഞിരുന്നു. ഇതിന്റെ പിറ്റേന്നാണ് അവളുടെ മരണവാര്‍ത്ത അറിഞ്ഞതെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.
കുഞ്ഞതിഥിയുടെ വരവിന് കാത്തുനില്‍ക്കാതെയായിരുന്നു സൗന്ദര്യ യാത്രയായത്. കേവലം 2 സിനിമകളിലൂടെയായിരുന്നു സൗന്ദര്യ മലയാളക്കരയുടെ ഹൃദയം കീഴടക്കിയത്. താരം അഭിനയിച്ച സിനിമകളിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നുവെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.


Click it and Unblock the Notifications











