'സൗന്ദര്യ ആ നടനൊപ്പം അഭിനയിക്കാൻ ഭയന്നു; കരിയറിലെ മികച്ച സമയത്തുള്ള വിവാഹത്തിന് കാരണം'
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് സൗന്ദര്യ. 2004 ൽ ഹെലികോപ്ടർ അപകടത്തിൽ നടി മരിച്ചത് ഏവർക്കും ഞെട്ടലായിരുന്നു. തെലുങ്ക് സിനിമാ ചരിത്രത്തിൽ സാവിത്രിക്ക് ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട നടിയാണ് സൗന്ദര്യ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സൗന്ദര്യ തിളങ്ങി. ചില ഹിന്ദി സിനിമകളിലും സൗന്ദര്യ അഭിനയിച്ചു. മലയാളത്തിൽ കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകളിലാണ് ശ്രദ്ധേയ വേഷം സൗന്ദര്യ ചെയ്തത്.
പേര് പോലെ തന്നെ നടിയുടെ സൗന്ദര്യം വൻ ആരാധകവൃന്ദം സൃഷ്ടിച്ചു. മരണത്തിന് ഒരു വർഷം മുമ്പാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്. സോഫ്റ്റ്വെയർ എൻജിനീയറായ ജിഎസ് രഘുവിനെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. സൗന്ദര്യയെക്കുറിച്ച് തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ ചെയ്യാറ് ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആഗയം തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

'ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സൗന്ദര്യ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അവരെക്കുറിച്ച് ഗോസിപ്പുകളില്ല, പ്രണയമില്ല. വീട്ടുകാർ കല്യാണം ആലോചിച്ചു. പയ്യനെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. കല്യാണം നടന്നു. കല്യാണം കഴിഞ്ഞാൽ മാർക്കറ്റ് ഇടിയുമെന്ന് എല്ലാവരും ആശങ്കപ്പെട്ടു. എന്നാൽ അത് കുഴപ്പമില്ല, എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷമാണ് മുഖ്യം, ചെറുക്കനെ ഇഷ്ടപ്പെട്ടെന്നുമാണ് സൗന്ദര്യ പറഞ്ഞത്'
സൗന്ദര്യ പാവപ്പെട്ടവർക്ക് ഒരുപാട് സഹായം ചെയ്യുമായിരുന്നു. ഇത് വലിയ തോതിൽ സംസാര വിഷയമായപ്പോഴാണ് അവർക്ക് രാഷ്ട്രീയത്തിലേക്ക് ക്ഷണം വരുന്നതെന്ന് ചെയ്യാർ ബാലു വ്യക്തമാക്കി. 'രണ്ട് തവണ അവരുടെ അഭിമുഖം ഞാനെടുത്തിട്ടുണ്ട്. വളരെ ശാന്തയായ പെൺകുട്ടിയാണ്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകും. ഗോസിപ്പുകൾ ഇഷ്ടമില്ലാഞ്ഞ നടിയായിരുന്നു. ഗോസിപ്പുകളെക്കുറിച്ച് ചോദിക്കുമ്പോൾ ഇതിനൊന്നും മറുപടി പറയാൻ പറ്റില്ലെന്ന് ചിരിച്ച് കൊണ്ട് പറയും'

'വിജയ്കാന്തിനൊപ്പം അഭിനയിക്കാൻ സൗന്ദര്യ മടിച്ചിരുന്നു. വിജയ്കാന്തിനെക്കുറിച്ച് ആരോ മോശമായി പറഞ്ഞതവർ കേട്ടിരുന്നു. ദേഷ്യം വരും, ശരിയായില്ലെങ്കിൽ അടിക്കും എന്നൊക്കെ. അതിനാൽ വിജയ്കാന്തിന്റെ സിനിമ വേണ്ടെന്ന് സൗന്ദര്യ പറഞ്ഞു. എന്താണ് ഈ പെൺകുട്ടിയുടെ പ്രശ്നമെന്ന് വിജയ്കാന്ത് കരുതി. പ്രൊഡ്യൂസർ നിർബന്ധിച്ചാണ് തവസി എന്ന സിനിമയിൽ വിജയ്കാന്തിനൊപ്പം സൗന്ദര്യ അഭിനയിച്ചത്'
മൂന്ന് നാല് ദിവസം ഷൂട്ടിംഗ് സെറ്റിൽ വന്ന് നോക്കി തീരുമാനിക്കെന്ന് പറഞ്ഞു. ഒപ്പമഭിനയിച്ച ശേഷം നടനെ തെറ്റിദ്ധരിച്ചതാണെന്ന് നടി മനസ്സിലാക്കി. നടനോട് ക്ഷമ പറഞ്ഞു. അത് കുഴപ്പമില്ല മറ്റൊരു ഭാഷയിലേക്ക് വരുമ്പോൾ ഇത്തരം പേടികൾ ഉണ്ടാവുമെന്ന് വിജയ്കാന്ത് പറഞ്ഞെന്നും ചെയ്യാറ് ബാലു ഓർത്തു. കർണാടകയിൽ ജനിച്ച് വളർന്ന സൗന്ദര്യ കന്നഡ സിനിമയിലാണ് അഭിനയത്തിൽ തുടക്കം കുറിക്കുന്നത്.
ഒപ്പമഭിനയിച്ച എല്ലാ നടൻമാരുമായും സൗന്ദര്യക്ക് മികച്ച കെമിസ്ട്രിയുണ്ടായിരുന്നു. രജിനികാന്തിനൊപ്പം അഭിനയിച്ച പടയപ്പയാണ് ഇതിലേറെ ശ്രദ്ധേയമായത്. അരുണാചലം എന്ന സിനിമയിലും സൗന്ദര്യ രജിനിക്കൊപ്പം അഭിനയിച്ചു. കമൽഹാസനൊപ്പം കാതല കാതല എന്ന സിനിമയിലും നടി അഭിനയിച്ചു. തമിഴിൽ നടിയെ ഇന്നും ആരാധകർ ഓർക്കുന്നത് പടയപ്പ സിനിമയിലൂടെയാണ്.
മലയാളത്തിൽ കിളിച്ചുണ്ടൻ മാമ്പഴത്തിൽ മോഹൻലാലിനൊപ്പമുള്ള കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്. തെലുങ്കിലാണ് നടി കൂടുതൽ സജീവമായത്. മരിച്ച് രണ്ട് പതിറ്റാണ്ട് പിന്നിട്ടെങ്കിലും സൗന്ദര്യ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.


Click it and Unblock the Notifications