ജാതകത്തിൽ മരണം അന്നേ പറഞ്ഞു, സൗന്ദര്യക്ക് ഒരേയൊരു പകരക്കാരി; സായ് പല്ലവിക്ക് തുണയായത്
സിനിമാ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത മുഖമാണ് നടി സൗന്ദര്യയുടേത്. പ്രിയ നടിയുടെ ചരമ വാർഷിക ദിനമാണിന്ന്. 2004 ഏപ്രിൽ 17 നാണ് ഹെലികോപ്‌ടർ അപകടത്തിൽ സൗന്ദര്യ മരിക്കുന്നത്. മരിക്കുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു. മരണത്തിന് ഒരു വർഷം മുമ്പാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്. സോഫ്റ്റ്വെയർ എൻജിനീയറായ ജിഎസ് രഘുവായിരുന്നു ഭർത്താവ്. പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സൗന്ദര്യയെ താര റാണിയായി വാഴ്ത്തിയത് തെലുങ്ക് സിനിമാ ലോകമാണ്.
സാവിത്രിക്ക് ശേഷം ടോളിവുഡ് ഏറ്റവും കൂടുതൽ ആഘോഷിച്ച നടിയാണ് സൗന്ദര്യ. ബഹുമാന്യ സ്ഥാനം സിനിമാ ലോകവും ആന്ധ്ര ജനതയും സൗന്ദര്യക്ക് നൽകിയിരുന്നു. മരണം ഏവരെയും ഞെട്ടിച്ചു. സൗന്ദര്യക്ക് ശേഷം തെലുങ്ക് സിനിമാ ലോകത്ത് അത്രയും ജനപ്രീതി നേടിയത് അനുഷ്ക ഷെട്ടിയും സായ് പല്ലവിയുമാണ്. പ്രത്യേകിച്ചും സായ് പല്ലവിയും സൗന്ദര്യയും തമ്മിൽ സാമ്യതകളേറെയാണ്. നെക്സ്റ്റ് ഡോർ ഗേൾ ഇമേജിൽ താരമായവരാണ് ഇരുവരും.

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരികൾ. തനിക്ക് ലഭിക്കുന്ന റോളുകളെല്ലാം സൗന്ദര്യ നന്നായി ചെയ്തു. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ സൗന്ദര്യ തയ്യാറായിരുന്നില്ല. ഇതേ പോലെയാണ് സായ് പല്ലവിയെ തെലുങ്ക് പ്രേക്ഷകർ സ്വീകരിച്ചതും. ഫിദ ഉൾപ്പെടെയുള്ള സിനിമകൾ സായ് പല്ലവിയെ ജനപ്രിയയാക്കി. നെക്സ്റ്റ് ഡോർ ഇമേജിൽ വന്ന സായ് പല്ലവിയോട് പ്രേക്ഷകർ പ്രത്യേക മമത കാണിച്ചു. ഡാൻസിലെ മികവും ഗുണം ചെയ്തു. സൗന്ദര്യയെ പോലെ ഗ്ലാമറസ് വേഷങ്ങളോട് സായ് പല്ലവിയും നോ പറഞ്ഞു.
ഓഫ് സ്ക്രീനിലും ഇവർ തമ്മിൽ സാമ്യമുണ്ട്. കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിരുന്ന നടിയാണ് സൗന്ദര്യ. അമര സൗന്ദര്യ ഫൗണ്ടേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സായ് പല്ലവിയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. എംബിബിഎസ് നേടിയ സായ് പല്ലവി പാവപ്പെട്ട രോഗികളെ ചികിത്സിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്നും ഈ ആഗ്രഹം വിട്ടിട്ടില്ല. പണത്തിനോട് തനിക്ക് അത്യാഗ്രഹമില്ലെന്നും നടി പറയുകയുണ്ടായി.

ഡോക്ടറാകാനാണ് സൗന്ദര്യ ആഗ്രഹിച്ചത്. നടിയുടെ പിതാവിന്റെ സ്വപ്നമായിരുന്നു ഇത്. എന്നാൽ സൗന്ദര്യയുടെ ജാതകത്തിൽ ഭാവിയിൽ നടിയായി മാറുമെന്നാണ് പറഞ്ഞിരുന്നത്. എംബിബിഎസ് ആദ്യ വർഷ വിദ്യാർത്ഥിയായിരിക്കെ സിനിമയിൽ നിന്നും അവസരം വന്നു. അങ്ങനെ സൗന്ദര്യ സിനിമയിലേക്ക് എത്തി.
റിപ്പോർട്ടുകൾ പ്രകാരം സൗത്തിലെ വലിയ നടിയായി സൗന്ദര്യ മാറും എന്നാൽ 2004 ഓടെ കരിയർ അവസാനിക്കും എന്നാണ് ജാതകത്തിൽ പറഞ്ഞിരുന്നത്. 2004 ൽ വിവാഹം ചെയ്യുമായിരിക്കും അത് കൊണ്ടായിരിക്കും ജാതകത്തിൽ അങ്ങനെ പറഞ്ഞതെന്ന് സൗന്ദര്യയുടെ കുടുംബം കരുതി. എന്നാൽ 2004 ൽ സൗന്ദര്യ മരിച്ചു.
മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പിന്നീട് വന്നു. ഈയടുത്ത് പോലും ഇത്തരം വാദങ്ങൾ ഉയർന്നു. സൗന്ദര്യയുടെ കെെവശമുണ്ടായിരുന്ന പ്രോപ്പർട്ടിക്ക് വേണ്ടി നടൻ മോഹൻ ബാബു നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസിൽ പരാതി വന്നു. എന്നാൽ സൗന്ദര്യയുടെ ഭർത്താവ് ജിഎസ് രഘു ഈ വാദം നിഷേധിച്ചു. സൗന്ദര്യയെക്കുറിച്ചുള്ള ഓർമകൾ ഇന്നും സഹപ്രവർത്തകർ പങ്കുവെക്കാറുണ്ട്. മലയാളത്തിൽ കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകളിൽ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











