'ഒരു പേരിന് വേണ്ടി ദിലീപേട്ടൻ വന്നതല്ല... അമ്മൂമ്മ കരഞ്ഞത് കണ്ടപ്പോൾ ഓടി വന്നതാണ്, രണ്ട് പ്രാവശ്യം വന്നു'
മലയാളികളുടെയെല്ലാം മനസ് കീഴടക്കിയ കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. മുത്തശ്ശി സുബ്ബലക്ഷ്മിയും അമ്മ താര കല്യാണുമെല്ലാം സെലബ്രിറ്റികളാണ്. ഒരു മാസം മുമ്പാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നടി സുബ്ബലക്ഷ്മി അന്തരിച്ചത്. മരിക്കുമ്പോൾ 87 വയസായിരുന്നു സുബ്ബലക്ഷ്മിയുടെ പ്രായം. കിടപ്പിലാകുന്നത് വരെ താരയുടെ വീടിനോട് ചേർന്നുള്ള ഫ്ലാറ്റിലാണ് സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. താര പലവട്ടം തനിക്കൊപ്പം താമസിക്കാൻ സുബ്ബലക്ഷ്മിയെ വിളിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കുള്ള താമസമായിരുന്നു സുബ്ബലക്ഷ്മിക്കും താൽപര്യം.
താരയുടെ വീട്ടിലെ ബാൽക്കെണിയിൽ നിന്നും നോക്കിയാൽ സുബ്ബലക്ഷ്മിയുടെ ഫ്ലാറ്റ് കാണാമായിരുന്നു. അമ്മയുടെ വേർപാടോടെ താൻ അനാഥയായി എന്നാണ് പലപ്പോഴും താര കല്യാൺ പറഞ്ഞത്. സുബ്ബലക്ഷ്മിയെ കുറിച്ച് ഓർക്കുമ്പോൾ പല്ലില്ലാതെയുള്ള ആ മനോഹര ചിരിയാണ് മലയാളികൾക്ക് ഓർമ വരാറുള്ളത്.

കൊച്ചുമകൾ സൗഭാഗ്യയെക്കാൾ സ്മാർട്ടായിരുന്നു സുബ്ബലക്ഷ്മി എന്ന് വേണം പറയാൻ. അസുഖങ്ങൾ മൂലം അവശതയിലായി കിടപ്പിലായശേഷം സുബ്ബലക്ഷ്മിയെ കാണാൻ എത്തിയ സെലിബ്രിറ്റി നടൻ ദിലീപ് മാത്രമാണ്. അമ്മയ്ക്കൊപ്പം ദിലീപ് നിൽക്കുന്നതും സംസാരിക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും താര കല്യാണും സൗഭാഗ്യയും സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.
അന്ന് അത് വൈറലായിരുന്നു. അമ്മൂമ്മ കിടപ്പിലായിരുന്ന സമയത്ത് ഒരിക്കൽ ദിലീപ് വീഡിയോ കോൾ ചെയ്തപ്പോൾ അമ്മൂമ്മ കരഞ്ഞത് ദിലീപ് ഓടി വരികയായിരുന്നുവെന്നാണ് സൗഭാഗ്യ പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ദിലീപിനെ കുറിച്ച് സൗഭാഗ്യയും ഭർത്താവ് അർജുനും സംസാരിച്ചത്.
'എന്റെ കുട്ടിക്കാലം മുഴുവൻ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമായിരുന്നു. എനിക്ക് ആ സമയത്ത് അധികം സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. വീട്ടിൽ ഒരുപാട് കുട്ടികൾ ഡാൻസ് പഠിക്കാൻ വരുമായിരുന്നതിനാൽ ഒറ്റക്കുട്ടിയായിപ്പോയതിന്റെ സങ്കടമൊന്നും ഉണ്ടായിരുന്നില്ല. അമ്മൂമ്മ വെജിറ്റേറിയനാണ്. മസാലയോ വെളുത്തുള്ളിയോ പോലും കഴിക്കില്ല. അതുപോലെ എന്റെ അമ്മൂമ്മയ്ക്ക് വളരെ ഫേവറേറ്റ് ആയിട്ടുള്ള ആളാണ് ദിലീപ്.'
'ആദ്യം ദിലീപേട്ടൻ വീഡിയോ കോളാണ് ചെയ്തത്. അതുകണ്ട് അമ്മൂമ്മ കരഞ്ഞു. അപ്പോൾ തന്നെ അദ്ദേഹം ഓടി വന്നു അമ്മൂമ്മയെ കാണാൻ വേണ്ടി. പുള്ളി രണ്ട് പ്രാവശ്യം വന്നിരുന്നു. നമുക്ക് ആവശ്യമുണ്ടായിരുന്ന ഒരു അമ്മൂമ്മ മരിച്ചതുകൊണ്ട് പേരിന് വന്ന് പോകുന്നുവെന്ന രീതിയിലല്ല ദിലീപേട്ടൻ വന്നത്.'

'ജെനുവിൻ സ്നേഹം കൊണ്ട് അദ്ദേഹം വന്നതാണ്. ഒരു സെറ്റ് ഓഫ് പീപ്പിളിനൊപ്പം വർക്ക് ചെയ്താൽ അവരെ അദ്ദേഹം ഒപ്പം കൂട്ടും. അങ്ങനെ അമ്മൂമ്മയ്ക്ക് ദിലീപേട്ടന്റെ നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം അമ്മൂമ്മയ്ക്ക് വളരെ സ്പെഷ്യലാണ്. കിടപ്പിലായശേഷം അമ്മൂമ്മയ്ക്ക് ഓർമ ഇടയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യമൊക്കെ ഉണ്ടായിരുന്നു.'
'പക്ഷെ ദിലീപേട്ടനെ വീഡിയോ കോളിൽ കണ്ടതും അമ്മൂമ്മ ഇമോഷണലായി. അത് മനസിലാക്കി അദ്ദേഹവും ഓടി വന്നു', എന്നാണ് സൗഭാഗ്യയും അർജുനും പറഞ്ഞത്. ദിലീപ് നായകനായ കല്യാണ രാമനിലേയും നന്ദനത്തിലേയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി നല്‍കിയത്.
തിളക്കം, സിഐഡി മൂസ, പാണ്ടിപ്പട തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് സുബ്ബലക്ഷ്മി. സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. പരേതനായ കല്യാണകൃഷ്ണനായിരുന്നു സുബ്ബലക്ഷ്മിയുടെ ഭർത്താവ്. താരത്തിന്റെ ഇളയ മകളാണ് താര കല്യാൺ.


Click it and Unblock the Notifications