അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
സിനിമാ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ച വാർത്തയായിരുന്നുവ നടി സുബ്ബലക്ഷ്മിയുടെ വിയോഗം. സിനിമകളിൽ മുത്തശ്ശിയായി കണ്ടിട്ടുള്ള സുബ്ബലക്ഷ്മി ഏവർക്കും പ്രിയങ്കരിയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് സുബ്ബലക്ഷ്മി മരിച്ചത്. നടി താര കല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലെ താരമാണ്. മുത്തശ്ശിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സൗഭാഗ്യയിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് സൗഭാഗ്യ മനസ് തുറന്നത്.
അമ്മൂമ്മയുടെ അവസാന നാളുകളിലാണ് അവർ എത്ര മാത്രം യഥാർത്ഥ കലാകാരിയാണെന്ന് മനസിലായത്. അവസാന കാലത്ത് അമ്മൂമ്മയുടെ ഓർമ്മ നശിച്ച് കൊണ്ടിരുന്നു. ഹാലുസിനേഷൻ ഉണ്ടായിരുന്നു. അപ്പോഴും അമ്മൂമ്മയുടെ മനസിൽ വർക്കിന് പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നതൊക്കെയാണ്. അമ്മൂമ്മയ്ക്ക് ട്യൂമറായിരുന്നു. അവസാന ഘട്ടത്തിലാണ് കണ്ടെത്തിയത്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നെന്നും സൗഭാഗ്യ ഓർത്തു. ഹാലുസിനേഷനായ സമയത്ത് വേറൊന്നും പറഞ്ഞ് കേട്ടിട്ടില്ല.

ചെറുപ്പത്തിലേ കഷ്ടപ്പാടോ, പൈസയില്ല എന്നുള്ളതോ വീട്ടുകാര്യങ്ങളോ ഒന്നും ഞാൻ പറഞ്ഞ് കേട്ടിട്ടില്ല. 86 വയസ് വരെ ഒറ്റയ്ക്ക് താമസിച്ചു. അസുഖം പിടിപെട്ടപ്പോഴാണ് നമ്മുടെ വീട്ടിൽ വന്ന് നിൽക്കാൻ തയ്യാറാകുന്നത്. ഞാൻ 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അപ്പൂപ്പൻ മരിക്കുന്നത്.
ഒറ്റയ്ക്ക് ജീവിക്കണമെന്ന പാഠം അമ്മൂമ്മയിൽ നിന്നും ഏറ്റവും കൂടുതലെടുത്തത് എന്റെ അമ്മയാണെന്ന് തോന്നുന്നു. കാരണം അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്. അമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ആരെയും ഒരു രീതിയിലും അമ്മ ബുദ്ധിമുട്ടിക്കാൻ വരില്ല.
അമ്മ അമ്മയുടെ കാര്യം നോക്കുന്നു. 99 ശതമാനവും അമ്മയ്ക്ക് എന്റെ പോലും ആവശ്യം വരാറില്ല. ആ ലെവലിൽ അമ്മ ഇപ്പോൾ പോകുന്നതിന് അമ്മൂമ്മയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും സൗഭാഗ്യ വ്യക്തമാക്കി.എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പറ്റില്ല. പാനിക് അറ്റാക്ക് വരും. ഇതിന്റെ അംശം ഭാവിയിൽ തനിക്കും കിട്ടിയാൽ കൊള്ളാമായിരുന്നെന്നും സൗഭാഗ്യ പറഞ്ഞു.

സുബ്ബലക്ഷ്മിയുടെ ചെറുപ്പ കാലത്തെക്കുറിച്ചും സൗഭാഗ്യ സംസാരിച്ചു. അമ്മൂമ്മയ്ക്ക് പത്ത് വയസുള്ളപ്പോഴാണ് അമ്മൂമ്മയുടെ അമ്മയ്ക്ക് ടി.ബി വന്ന് മരിച്ചത്. രണ്ട് സഹോദരങ്ങളുണ്ട്. ചെറുതാണ്. പത്ത് വയസുള്ള കുട്ടിക്ക് വലിയ ഉത്തരവാദിത്വം വന്നു. അമ്മൂമ്മ അമ്മൂമ്മയുടെ ബാല്യകാലമാണ് ത്യജിച്ചത്. എത്രയൊക്കെ പറഞ്ഞാലും അമ്മയില്ലാത്ത അവസ്ഥ അറിയാമല്ലോ. ഏതൊക്കെ വീട്ടിൽ പോയി നിന്നാലും അതൊരു കുറവ് തന്നെയാണ്. സിനിമയിൽ കാണുന്ന പോലെ അവഗണനയൊക്കെ നേരിട്ടു.
അങ്ങനെ വന്ന ആളാണ്. ഒരുപാട് അമ്മൂമ്മ സ്ട്രഗിൾ ചെയ്തിട്ടുണ്ട്. സാമ്പത്തികമാണ് പ്രധാനമായും പറയേണ്ടത്. അമ്മൂമ്മ സിനിമയിലേക്ക് വന്ന ആ സമയത്താണ് കുറച്ചെങ്കിലും സാമ്പത്തികമായി സ്ഥിരതയിലായത്. അറുപത് വയസ് വരെ അമ്മൂമ്മ വളരെയധികം സ്ട്രഗിൾ ചെയ്തിട്ടുണ്ടെന്നും സൗഭാഗ്യ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ 30 നാണ് സുബ്ബലക്ഷ്മി മരിച്ചത്. 87 വയസായിരുന്നു. പാണ്ടിപ്പട, കല്യാണരാമൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് സുബ്ബലക്ഷ്മി ചെയ്തത്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications