'എന്റെ അച്ഛൻ എനിക്ക് മകളായി പുനർജനിച്ചു'; ഹൃദയം തൊടുന്ന കുറിപ്പുമായി സൗഭാഗ്യ വെങ്കിടേഷ്!
നടി താര കല്യാണും കുടുംബവും എല്ലാവർക്കും സുപരിചിതരാണ്. താര കല്യാൺ വർഷങ്ങളായി സിനിമയിലും സീരിയലിലും സജീവമാണ്. താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിയും താരയുടെ ഭർത്താവ് രാജാറാമും അഭിനയത്തിൽ സജീവമായിരുന്നവരാണ്.
ഇപ്പോൾ ഇവരുടെ മകൾ സൗഭാഗ്യയും മരുമകൻ അർജുനും അഭിനയത്തിലേക്ക് വന്നിട്ടുണ്ട്. സൗഭാഗ്യയും അർജുനും ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയത്.
പിന്നീട് വിവാഹശേഷം ചക്കപ്പഴത്തിൽ അഭിനയിച്ചുകൊണ്ടാണ് അർജുൻ ടെലിവിഷനിലേത്ത് എത്തിയത്. ശേഷം അമൃത ടിവിയിലെ ഹാസ്യ സീരിയലിലൂടെ സൗഭാഗ്യയും അഭിനയത്തിലേക്ക് എത്തി.
ഇപ്പോൾ ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് സൗഭാഗ്യ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. 'എന്റെ അച്ഛനേക്കാൾ ഒരുപടി മുന്നിലാണ് അർജുനിലെ അച്ഛൻ' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചത്. സൗഭാഗ്യയും അർജുനും സോഷ്യൽമീഡിയ സെലിബ്രിറ്റികളായതിനാൽ ഇവരുടേയും വിശേഷങ്ങൾ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.
'എന്റെ ഭർത്താവ് അർജുൻ സോമശേഖറിന് പിതൃദിനാശംസകൾ നേരുന്നു. എന്റെ ഡാഡിക്കും പിതൃദിനാശംസകൾ നേരുന്നു. എന്റെ ഭർത്താവ് എന്റെ കുഞ്ഞിനോടൊപ്പമായിരിക്കുമ്പോഴെല്ലാം ഞാൻ എന്റെ ഡാഡിയെയാണ് അർജുനിൽ കാണുന്നത്.'

'അതാണ് ഏറ്റവും നല്ല ഭാഗം. എന്റെ ഡാഡി എങ്ങനെയായിരുന്നുവോ അതിനേക്കാൾ മികച്ചതാണ് അർജുനിലെ പിതാവ്. എന്നെ മുന്നോട്ട് നയിക്കുന്ന മറ്റൊരു അത്ഭുതകരമായ ഭാഗം എനിക്ക് എന്റെ ഡാഡിയെ മകൾ സുദർശനയിലുടെ തിരിച്ചുകിട്ടി എന്നതാണ്.'
'ഞാൻ എപ്പോഴും അങ്ങനെ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നു. സുദർശനയ്ക്ക് വേണ്ടി എന്റെ ഭർത്താവ് എക്കാലത്തെയും മികച്ച ഡാഡിയാകുന്നു' എന്നാണ് സൗഭാഗ്യ സോഷ്യൽമീഡിയയിൽ കുറിച്ചത്. പെട്ടന്ന് ഒരു ദിവസമാണ് സൗഭാഗ്യയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്.
അസുഖബാധിതനായി അച്ഛൻ ആശുപത്രിയിൽ കഴിയുമ്പോഴും സൗഭാഗ്യ അച്ഛന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ 2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ അന്ത്യം.

താൻ അമ്പത് വയസുവരെ മാത്രമെ ജീവിച്ചിരിക്കൂവെന്നും അത് കഴിഞ്ഞാൽ ഫോട്ടോയായിട്ട് കാണാമെന്നും അച്ഛൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് സൗഭാഗ്യ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
'എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞ് പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അത് പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്ന് അച്ഛൻ പറയുമായിരുന്നു.'
'അച്ഛന്റെ വാക്കുകൾ മനസിലുണ്ടായിരുന്നത് കൊണ്ട് ഒരു പെൺകുഞ്ഞ് വേണമെന്ന് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചു. അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹം ഏറ്റവും മികച്ച് നിന്ന കഥാപാത്രം അതായിരുന്നു.'
'ഈ ലോകത്തെ ഏറ്റവും നല്ല അച്ഛൻ എന്ന് വേണമെങ്കിൽ പറയാം. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അർജുൻ.'
Recommended Video

'അതിൽ സന്തോഷമുണ്ടെന്നും' സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. 2020ൽ ആണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം സൗഭാഗ്യയും അർജുനും വിവാഹിതരായത്. 2021ൽ മകൾ സുദർശനയും ഇരുവരുടേയും ജീവിതത്തിലേക്ക് വന്നു.
ഇരുവരും ഇപ്പോൾ താര കല്യാണിന്റെ ഡാൻസ് അക്കാദമി നോക്കി നടത്തുകയാണ്. ഗർഭിണിയായപ്പോൾ മുതൽ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി സൗഭാഗ്യ തന്റെ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു.
അതിന്റെ പേരിൽ വലിയ വിമർശനങ്ങൾ സൗഭാഗ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും അർജുൻ പിന്തുണ നൽകി കൂടെയുള്ളതിനാൽ സൗഭാഗ്യ സങ്കടപ്പെടാറില്ല.


Click it and Unblock the Notifications