'കുടുംബകഥ പറയുന്ന സിനിമയിലേക്ക് സെക്സി ഡാൻസ് ചെയ്യുന്ന പെണ്ണിനെ എങ്ങനെ കാസ്റ്റ് ചെയ്തു?'; ഭദ്രൻ പറയുന്നു!
27 വർഷത്തിനുശേഷമുള്ള ഈ രണ്ടാംവരവിൽ സ്ഫടികം മലയാള സിനിമാ പ്രേക്ഷകരുടെ സിരകളിൽ കത്തിക്കയറുകയാണ്. സിനിമയിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അപൂർവതകളിലൊന്നാണ് സ്ഫടികം. സംവിധായകൻ ഭദ്രന്റെ സിനിമാ ജീവിതത്തിലെ മാസ്റ്റർ ക്രാഫ്റ്റ്. അത് റീമേക്ക് ചെയ്യാതെ റീ മാസ്റ്റർ ചെയ്ത് വീണ്ടും തിയറ്ററിലെത്തിച്ചിരിക്കുകയാണ് ഭദ്രൻ ഇപ്പോൾ.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ ചിന്തിച്ചുപോവുന്നൊരു കാര്യമുണ്ട്. തിലകനും കരമനയ്ക്കും രാജൻ പി.ദേവിനും എൻ.എഫ്.വർഗീസിനും ശങ്കരാടിക്കും കെപിഎസി ലളിതയ്ക്കും സിൽക്ക് സ്മിതയ്ക്കുമൊക്കെ പകരം വെക്കാൻ മറ്റാരുമില്ലല്ലോ എന്നത്.

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, പൊലീസുകാരെ മുണ്ടുപറിച്ചടിക്കുന്ന ആ ആടുതോമയെ വീണ്ടുമൊന്നു കാണാൻ കേരളത്തിലങ്ങോളമിങ്ങോളം ജനങ്ങൾ തിയറ്ററുകളിലേക്ക് ഒഴുകുകയാണ്. സ്ഫടികത്തിന്റെ കഥയും ഓരോ ഡയലോഗും മലയാളിക്ക് മനപ്പാഠമാണ്.
എത്ര തവണ കണ്ടുവെന്നുപോലും പലർക്കും ഓർമ കാണില്ല. ജീവിതത്തിൽ നിത്യവും ഉപയോഗിക്കുന്ന പല ഡയലോഗുകളും സ്ഫടികത്തിലേതാണ്.
എങ്കിലും വലിയ സ്ക്രീനിൽ പുതിയ കാലഘട്ടത്തിന്റെ സാങ്കേതികത്തികവോടെ സ്ഫടികം വീണ്ടും കാണാൻ പ്രേക്ഷകർ ഓടിയെത്തുകയാണ്. സിൽക്ക് സ്മിത അനശ്വരമാക്കിയ ഏഴിമല പൂഞ്ചോലയ്ക്ക് ഇന്നും വലിയൊരു വിഭാഗം ആരാധകരുണ്ട്.
സിൽക്ക് സ്മിത സ്ഫടികത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടത് എങ്ങനെ എന്നത് ഇന്നും പ്രേക്ഷകർ അത്ഭുതത്തോടെ ചോദിക്കുന്ന ഒന്നാണ്. ഇപ്പോഴിത സിൽക്ക് സ്മിത സ്ഫടികത്തിൽ അഭിനയിച്ചതിനെ കുറിച്ചും അതിന്റെ പേരിൽ താൻ നേരിട്ട ചോദ്യങ്ങളെ കുറിച്ചും സംവിധായകൻ ഭദ്രൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
സെക്സി ഡാൻസ് ചെയ്യുന്ന പെണ്ണിനെ എങ്ങനെ കുടുംബകഥ പറയുന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്തുവെന്ന് പലരും തന്നോട് ചോദിച്ചിരുന്നതെന്നാണ് ഭദ്രൻ പറയുന്നത്. പത്ത് ലൈൻ കഥ പറഞ്ഞപ്പോഴേക്കും സിൽക്ക് സമ്മതം അറിയിച്ചുവെന്നും ഭദ്രൻ പറയുന്നു.
'സെക്സി ഡാൻസ് ചെയ്യുന്ന പെണ്ണിനെ എങ്ങനെ കുടുംബകഥ പറയുന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്തുവെന്ന് പലരും എന്നോട് അക്കാലത്ത് ചോദിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് മീനച്ചിലാറിലെ വെള്ളം പറ്റി കഴിയുമ്പോൾ അടിയുന്ന മണ്ണ് കോരാൻ ലോറിയുമായി നിരവധി ആണുങ്ങളും പെണ്ണുങ്ങളും വരാറുണ്ട്.'

'ആണുങ്ങൾ മണ്ണ് കോരി പെണ്ണുങ്ങളുടെ തലയിൽ വെച്ച് കൊടുക്കും. അവിടെ പണിയെടുക്കാൻ വരുന്ന പെണ്ണുങ്ങളുടെ വേഷത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിൽക്ക് സ്മിതയ്ക്ക് സ്ഫടികത്തിൽ കഴുത്തിറക്കമുള്ള ബ്ലൗസും പുക്കിളിന് താഴെ ഉടുക്കുന്ന മുണ്ടും തലേൽ കെട്ടും നൽകിയത്.'
'സ്ക്രിപ്റ്റ് എഴുതാൻ എന്നെ സഹായിച്ച രാജേന്ദ്ര ബാബുവാണ് ഞാൻ എന്റെ സങ്കൽപം പറഞ്ഞപ്പോൾ സിൽക്ക് സ്മിതയെ കാസ്റ്റ് ചെയ്താലോയെന്ന നിർദേശം നൽകിയത്. കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി. മാത്രമല്ല വേറൊരു രീതിയിലും സിൽക്കിനെ സിനിമയിൽ ഉപയോഗിക്കുന്നുമില്ല. അങ്ങനെയാണ് സിൽക്കിനോട് പത്ത് ലൈൻ കഥ പറഞ്ഞു.'
'അവർ ഉടനെ സമ്മതിച്ചു. എന്നെ അന്ന് സിൽക്കിന് അത്ര പരിചയമില്ല. സിൽക്കിനെ പക്ഷെ ഞാൻ കുട്ടിക്കാലം മുതൽ ശ്രദ്ധിക്കാറുണ്ടായിരുന്നു. കഥാപത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ സിൽക്ക് ഒരു വസ്ത്രം ഡിസൈൻ ചെയ്ത് കൊണ്ടുവന്നിരുന്നു. പക്ഷെ അതായിരുന്നില്ല എനിക്ക് വേണ്ടിയിരുന്നത്. അങ്ങനെയാണ് മുണ്ടും ബ്ലൗസും ഡിസൈൻ ചെയ്യിപ്പിച്ചത്.'
'പിന്നെ നിർദേശിച്ചപ്പോൾ ഞാൻ പറഞ്ഞപോലെ പുക്കിളിന് താഴെ സിൽക്ക് മുണ്ടുടുത്തു. കഥ സിൽക്കിന് വല്ലാതെ ഇഷ്ടമായി. തന്റെ കഥാപാത്രത്തിന് ഒരു ഗ്രേസുണ്ടെന്നും സിൽക്ക് മനസിലാക്കിയിരുന്നു. അന്ന് സിൽക്കിന് നല്ല തിരക്കുള്ള സമയമായിരുന്നു. പക്ഷെ നന്നായി സഹകരിച്ചു. സ്മിതയ്ക്ക് വേണ്ടി ഷോട്ട് വെച്ചപ്പോൾ ക്വീവേജ് അധികം വരാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. സ്ഫടികത്തിൽ എകസ്ട്ര സ്മാർട്ടായിരുന്നു ഇന്ദ്രൻസ്' ഭദ്രൻ പറയുന്നു.


Click it and Unblock the Notifications











