കിടപ്പിലായപ്പോൾ എന്നെ ആഴ്ച തോറും വിളിച്ചത് സുരേഷ് ഗോപി; കരുണയുള്ള പച്ചയായ മനുഷ്യൻ; സ്ഫടികം ജോർജ്
മലയാള സിനിമയിൽ തന്റേതായ സ്ഥാനമുള്ള നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം പ്രേക്ഷകർ ഏറെ സ്നേഹിച്ച താരമാണ് സുരേഷ് ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം തിളങ്ങി നിന്ന ഒരു കാലഘട്ടം സുരേഷ് ഗോപിക്കുണ്ടായിരുന്നെങ്കിലും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഇടക്കാലത്ത് പറ്റിയ വീഴ്ചയും പൊലീസ് വേഷങ്ങളിൽ ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടതും സുരേഷ് ഗോപിയുടെ കരിയറിന് ബാധിച്ചു.
ഇടയ്ക്ക് സിനിമയിൽ നിന്ന് പൂർണമായും സുരേഷ് ഗോപി മാറി നിൽക്കുന്ന സാഹചര്യവുമുണ്ടായി. രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടതും സുരേഷ് ഗോപിയുടെ കരിയറിനെ ബാധിച്ചെന്ന് വിലയിരുത്തലുണ്ട്.
എന്നാൽ സിനിമാ രംഗത്തേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ച് വരവിനെ ഇരു കൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. പാപ്പൻ, മേം ഹൂ മൂസ എന്നിവയാണ് സുരേഷ് ഗോപിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ, തിരിച്ചു വന്നെങ്കിലും പഴയ് മാസ് സുരേഷ് ഗോപിയെ പ്രേക്ഷകർക്ക് തിരിച്ച് കിട്ടിയിട്ടില്ല. മാസ് ഡയലോഗുകളിടക്കുന്ന പഴയ സുരേഷ് ഗോപിയെ ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

സിനിമയ്ക്കപ്പുറം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന നടനാണ് സുരേഷ് ഗോപി. നടന്റെ നല്ല മനസ്സിനെ പറ്റി നിരവധി പേർ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ സ്ഫടികം ജോർജ് സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. സഹായ മനസ്ക്തയുള്ളയാളാണ്'
'രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആഗ്രഹം,' സ്ഫടികം ജോർജ് പറഞ്ഞു. മൈൽസ്റ്റോൺ മേക്കേർസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടൻ ജയറാമിനെക്കുറിച്ചും സ്ഫടികം ജോർജ് സംസാരിച്ചു, 'സൂപ്പർ മാൻ സിനിമയിൽ ഒരു ഫൈറ്റ് സീൻ ഫൈറ്റ് മാസ്റ്റർ വരാഞ്ഞതിനെത്തുടർന്ന് ഞങ്ങൾ തന്നെ കംപോസ് ചെയ്തിട്ടുണ്ട്. അതിനകത്ത് എനിക്കേറ്റവും സങ്കടം വന്ന സീനുണ്ട്. ജയറാമിന്റെ അപ്പനായിട്ട് വരുന്നത് നെടുമുടി വേണുമാണ്. അദ്ദേഹം സ്റ്റേഷനിൽ വരുമ്പോൾ ഞാൻ ഭയങ്കര രൂക്ഷമായാണ് പുള്ളിയോട് സംസാരിക്കുന്നത്'

'അവരെ പിടിച്ച് തള്ളുന്നുണ്ട്. അത്രയും പ്രായമുള്ള സീനിയർ നടനോട് അങ്ങനെ ചെയ്യുമ്പോൾ മാനുഷികമായ തലത്തിൽ വിഷമം തോന്നും. പക്ഷെ എന്റെ കഥാപാത്രം അതല്ലല്ലോ. ഞാൻ പൊലീസ് ഓഫീസറല്ലേ. ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഉള്ളിന്റെയുള്ളിൽ ഫീലിംഗ് ഉണ്ടാവും പക്ഷെ അത് മുഖത്ത് കാണിക്കാനും പറ്റില്ല,' സ്ഫടികം ജോർജ് പറഞ്ഞു.
സ്ഫടികം ജോർജ് വില്ലനായി അഭിനയിച്ച സ്ഫടികം എന്ന സിനിമ വീണ്ടും റിലീസ് ചെയ്യുകയാണ്. ഇതിനോടനുബന്ധിച്ചുള്ള പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഇദ്ദേഹം. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം 1995 ലാണ് റിലീസ് ചെയ്യുന്നത്. അന്ന് സൂപ്പർ ഹിറ്റായ സിനിമ വീണ്ടും തിയറ്ററുകളിലൂടെ പ്രേക്ഷകർക്ക് കാണാൻ അവസരം ലഭിച്ചിരിക്കുകയാണ്. മോഹൻലാൽ, ഉർവശി, തിലകൻ, കെപിഎസി ലളിത തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications











