'വിനയൻ ചിത്രത്തിൽ അഭിനയിച്ചതിനാണ് വിലക്ക് വന്നത്, ഇവിടുത്തെ പൊളിറ്റിക്സ് അറിയില്ലായിരുന്നു'; സ്ഫടികം ജോർജ്
കഴിഞ്ഞ പത്ത് വർഷത്തെ പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയുടേയും കത്തുകളുടേയും ഫലമാണ് സ്ഫടികത്തിന്റെ റീറിലീസ് സംവിധായകൻ ഭദ്രൻ ഒരുക്കുന്നത്. സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല എന്നും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും കണ്ടന്റിൽ മാറ്റങ്ങൾ ഇല്ലെന്നുമാണ് സിനിമയെ കുറിച്ച് ഭദ്രൻ പറഞ്ഞത്.
ഡോൾബി സാങ്കേതിക വിദ്യയിൽ കൂടുതൽ മിഴിവേകാൻ കൂടുതൽ ഷോട്ടുകൾ സ്ഫടികത്തിൽ ചേർത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാൻ പോകുന്നത്.
അതിനായി എട്ട് ദിവസത്തോളം ആർട്ടിസ്റ്റുകൾ ഇല്ലാതെ ഷൂട്ടിങ് ഭദ്രൻ നടത്തിയിരുന്നു. 1995ല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ് ഇന്നും സിനിമയുടെ വിജയം.
മോഹന്‍ലാല്‍ ആരാധകരുടേയും സംവിധായകന്‍ ഭദ്രന്‍റേയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് വർഷങ്ങൾക്ക് ശേഷം സിനിമയുടെ റീ റിലീസ് സംഭവിക്കുമ്പോൾ സഫലമാകുന്നത്.

സ്ഫടികത്തിലൂടെ തലവരെ തന്നെ മാറിയ മറ്റൊരു നടനാണ് വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ സ്ഫടികം ജോർജ്. ഇപ്പോഴിത സിനിമ റീ റിലീസിന് തയ്യാറെടുക്കുമ്പോൾ സിനിമയിൽ വന്ന ശേഷം തനിക്ക് ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ചില അനുഭവങ്ങളെ കുറിച്ചും മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സ്ഫടികം ജോർജ്.
വിനയൻ ചിത്രത്തിൽ അഭിനയിച്ചതിന് വന്ന വിലക്ക് കാരണം രണ്ടര വർഷം അഭിനയം നിർത്തി വീട്ടിലിരുന്നതിനെ കുറിച്ച് സ്ഫടികം ജോർജ് സംസാരിച്ചു.

'മോഹൻലാലിനൊപ്പം അഭിനയിക്കാൻ നൂറ് ശതമാനം സേഫാണ്. ഒരു അടിപോലും ഇതുവരെ ദേഹത്ത് കൊണ്ടിട്ടില്ല. പുള്ളിയുടേത് അപാര ടൈമിങാണ്. അത്രത്തോളം എതിരെ നിൽക്കുന്ന ആളെ സേഫ് ആക്കിയിട്ട് മാത്രമെ അദ്ദേഹം ഫൈറ്റ് ചെയ്യു.'
'ഇത്ര പെർഫെക്ടായി ഫൈറ്റ് സീൻ ചെയ്യുന്ന മോഹൻലാലിനെപ്പോലെ മറ്റൊരു നടൻ മലയാളത്തിലില്ല. വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും നാച്വറലായുമാണ് മോഹൻലാൽ ഫൈറ്റ് സീൻ ചെയ്യുന്നത്. ഞാൻ കളരി പഠിച്ചിരുന്നു. അതുകൊണ്ട് ഫൈറ്റ് ചെയ്യുമ്പോൾ അപകടം പറ്റാറില്ല.'

'എന്റെ ആദ്യത്തെ പടം വിനയന്റെ കന്യാകുമാരിയിലെ കവിതയാണ്. ശേഷം സിബി മലയിലിന്റെ ചെങ്കോലിൽ അഭിനയിച്ചു. എന്റെ മൂന്നാമത്തെ സിനിമയാണ് സ്ഫടികം. ഞാൻ സ്ഫടികത്തിൽ അഭിനയിക്കുന്ന സമയത്ത് ഇൻഡസ്ട്രിയിൽ മൂന്ന് ജോർജുമാരുണ്ടായിരുന്നു.'
'അന്ന് ഏത് ജോർജാണ് എന്ന് അറിയണമെങ്കിൽ സ്ഫടികത്തിലെ ജോർജ് എന്ന് പറയണമായിരുന്നു. അങ്ങനെ വായനക്കാർക്ക് മനസിലാക്കി കൊടുക്കാൻ വേണ്ടി പത്രക്കാരാണ് എന്നെ സ്ഫടികം ജോർജെന്ന് വിളിച്ച് തുടങ്ങിയത്. സ്ഫടികം ജോർജെന്നത് പത്രക്കാരിട്ട പേരാണ്. എന്റെ പേര് ജോർജ് ആന്റണി എന്നാണ്. നടൻ നാസറിന് പകരമാണ് ഞാൻ സ്ഫടികത്തിൽ എത്തിയത്.'

'ഇനി താൻ മലയാള സിനിമയിൽ ഇതുപോലൊരു പോലീസ് വേഷം ചെയ്യില്ലെന്ന് അന്നെ ഭദ്രൻ സാർ പറഞ്ഞിരുന്നു. അന്ന് പക്ഷെ ചുമ്മ പറയുകയാണെന്നാണ് ഞാൻ കരുതിയത്. പിന്നെ ഷൂട്ടിങ് പുരോഗമിക്കുന്തോറും സംഭവം ശരിയാണ് എന്ന് എനിക്കും തോന്നി. ഫൈറ്റ് കാമറ ടെക്നിക്കാണെന്ന് അന്ന് പല പോലീസുകാരും വിചാരിച്ചിരുന്നു.'
'നായകനായി അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിട്ടില്ല. ഞാൻ സിനിമയിൽ വരുമ്പോഴേക്കും എന്റെ എയ്ജ് കഴിഞ്ഞിരുന്നു. പിന്നെ അതൊരു അതിമോഹമല്ലേ. ബാക്ക് ടു ബാക്ക് സിനിമ ചെയ്തുകൊണ്ടിരിക്കെയാണ് കുറച്ച് കാലം ഗ്യാപ്പ് വന്നത്.'
'അതിന് കാരണം എനിക്കും മാള അരവിന്ദൻ ചേട്ടനും തിലകൻ ചേട്ടനും വിലക്ക് വന്നിരുന്നു സിനിയിൽ അഭിനയിക്കുന്നതിന്. കാരണം ഞങ്ങൾ വിനയന്റെ സിനിമയിൽ അഭിനയിച്ചുവെന്നതാണ്.'

'രണ്ടര വർഷത്തോളം വിലക്കുണ്ടായിരുന്നു. വിലക്ക് വന്നതുകൊണ്ട് ഞങ്ങൾ സൈലന്റായി മാറി നിന്നു. ഞാൻ ഒച്ചപ്പാടും ബഹളവുമൊന്നും ഉണ്ടാക്കാൻ പോയില്ല. അത് എന്റെ വിധിയാണെന്ന് ഞാൻ വിചാരിച്ചു. ഞാൻ അന്ന് ബാംഗ്ലൂർ ആയിരുന്നു താമസം.'
'ഇവിടുത്തെ പൊളിറ്റിക്സ് എനിക്ക് അറിയില്ലായിരുന്നു. വിനയനാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. അതുകൊണ്ടാണ് അദ്ദേഹം ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ പോയത്. പക്ഷെ ഇത്രയും പ്രത്യാഘാതം വരുമെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. യക്ഷിയും ഞാനും ആയിരുന്നു ആ സിനിമ' സ്ഫടികം ജോർജ് പറഞ്ഞു.


Click it and Unblock the Notifications











