'സംവൃതയുടെ സഹോദരി പറഞ്ഞത് കേട്ട് ഡാനിയേല ഞെട്ടി; സ്പാനിഷ് മസാലയിലെ നായികയുണ്ടാക്കിയ പ്രശ്നങ്ങൾ'
വ്യത്യസ്തമായ കഥാപാശ്ചാത്തലത്തിൽ സിനിമകൾ അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണ് ലാൽ ജോസ്. അറബിക്കഥ ഉൾപ്പെടെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. സ്പെയ്ൻ കഥാപശ്ചാത്തലമാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണ് സ്പാനിഷ് മസാല. ദിലീപ് നായകനായെത്തിയ സ്പാനിഷ് മസാല 2012 ലാണ് റിലീസ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, സ്പാനിഷ് നടി ഡാനിയേല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.
സിനിമയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ ലാൽ ജോസ്. സ്പെയ്നിൽ ഷൂട്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ടിയെന്നും സ്പെയ്നിൽ നിന്നുള്ള അണിയറ പ്രവർത്തകർ പലപ്പോഴും സിനിമയോട് സഹകരിച്ചില്ലെന്നും ലാൽ ജോസ് പറയുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ക്യാമറ യൂണിറ്റിലുണ്ടായിരുന്ന സ്പെയിൻകാരുടെ ഇൻഫ്ലുവൻസിന് വിധേയയായിട്ട് നായിക ഡാനിയേല കുറച്ച് ആറ്റിറ്റ്യൂഡ് പ്രശ്നങ്ങളും കാര്യങ്ങളും തുടങ്ങി. ഡാനിയേലയെ ഡയലോഗ് പഠിപ്പിട്ടിരുന്നത് സംവൃത സുനിലിന്റെ സഹോദരി സംജുക്തയാണ്. ആ കുട്ടിയാണ് ഇവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നത്. ഷൂട്ടിംഗിന്റെ അവസാന ദിവസങ്ങൾ ആയപ്പോൾ ഡാനിയേലയ്ക്ക് ചെറിയൊരു അപകടം മനസിലായി.
കേരളത്തിൽ ഒരാഴ്ച ഷൂട്ടിംഗിന് വരണം. അവർക്ക് പേടിയായി. നാട്ടിൽ വരുമ്പോൾ ഞങ്ങൾ അവരോട് പ്രതികാരം ചെയ്യുമോയെന്നുമായിരുന്നു പേടി. അവസാന ദിവസങ്ങളിൽ നല്ല രീതിയിൽ നിന്നു. സംജുക്തയുമായി സൗഹൃദമുണ്ടാക്കാൻ ശ്രമിച്ചു. ഞാൻ ആദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഷൂട്ടില്ലാത്ത ദിവസം കൊച്ചി കാണിക്കാൻ നീ എന്റെ കൂടെ വരുമോ എന്ന് സംജുക്തയോട് ഡാനിയേല ചോദിച്ചു. അതിനെന്താ, ഞാൻ വരാമെന്ന് സംജുക്ത. ടാക്സിയൊക്കെ വിളിക്കാൻ ചെലവായിരിക്കുമോ എന്നും ഡാനിയേല ചോദിച്ചു.

ടാക്സി വിളിക്കേണ്ട, കാർ ഉണ്ടെന്ന് സംജുക്ത. അപ്പോൾ അവർ ഞെട്ടി. അസിസ്റ്റന്റായി വർക്ക് ചെയ്യുന്ന പെൺകുട്ടിക്ക് കാറും സ്വന്തമായി ഡ്രൈവറും ഉണ്ടെന്ന് പറഞ്ഞപ്പോൾ അവർ ഷോക്കായി. യൂറോപ്യൻമാരുടെ ചിന്തയിൽ കാറും ഷോഫറും വലിയ പ്രഭു കുടുംബങ്ങളിലെ ആളുകൾക്കേ ഉണ്ടാകൂ.
ലാൽ ജോസ് എവിടെയാണ് താമസിക്കുന്നതെന്ന് ഡാനിയേല ഒരു ദിവസം എന്നോട് ചോദിച്ചു. എന്റെ വീട് ഒറ്റപ്പാലത്താണ്. എറണാകുളത്ത് ഫ്ലാറ്റുണ്ടെന്നും പറഞ്ഞു. അവർ വീണ്ടും ഞെട്ടി. അതുവരെയുണ്ടായിരുന്ന പുച്ഛം ഡാനിയേലയ്ക്ക് മാറി. സംജുക്ത അവരെ കൊച്ചി മുഴുവൻ കാണിച്ചു. സമ്മാനങ്ങളൊക്കെ വാങ്ങിക്കൊടുത്തു. ഇവിടെ വന്ന ശേഷമാണ് കേരളത്തിലെ സിനിമയെക്കുറിച്ചും ബോളിവുഡ് സിനിമാ രംഗത്തെക്കുറിച്ചുമെല്ലാം ഡാനിയേല മനസിലാക്കുന്നത്.
പിന്നീട് തനിക്ക് ബോളിവുഡ് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് ഡാനിയേല മെയിൽ അയക്കുമായിരുന്നെന്നും ലാൽ ജോസ് വ്യക്തമാക്കി. ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിലിറങ്ങിയ സ്പാനിഷ് മസാലയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സ്പാനിഷ് മസാലയ്ക്ക് ശേഷം ഡാനിയേലയെ മലയാളി പ്രേക്ഷകർ കണ്ടിട്ടുമില്ല.
സ്പാനിഷ് മസാലയുടെ ഷൂട്ടിംഗ് തനിക്ക് ഒരു പേടി സ്വപ്നമാണെന്നാണ് ലാൽ ജോസ് പറയുന്നത്. പുരോഗമനക്കാരായി അറിയപ്പെടുന്ന യൂറോപ്യൻമാരുടെ മറ്റൊരു മുഖം കണ്ടത് ഈ സിനിമയുടെ ഷൂട്ടിംഗിനിടെയാണെന്നും ലാൽ ജോസ് തുറന്ന് പറഞ്ഞു. മാവ്യൂ, സോളമന്റെ തേനീച്ചകൾ എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രങ്ങൾ. സംവിധായകന്റെ ഹിറ്റ് സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications











