'ആഢംബരങ്ങൾ കുത്തിനിറച്ചിട്ടില്ല...'; രജിനികാന്തിനെപ്പോലെ സിംപിളാണ് പേയസ് ഗാർഡനിലെ 40 കോടിയുടെ വസതിയും!
രജിനികാന്ത്... ചലച്ചിത്ര ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിയ ഇതിഹാസനാമമാണ് അത്. ഇന്ത്യൻ സിനിമാലോകത്തിന്റെ തലൈവയായ താരം സ്ക്രീൻ പ്രെസൻസിന്റെ രാജാവാണ്. തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജിനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഉണ്ടാവില്ല. പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരാൾ എങ്ങിനെ തമിഴകത്തിന്‍റെ താരമായിയെന്ന് ചോദിച്ചാല്‍ അതാണ്ടാ നമ്മ രജനി സ്റ്റൈല്‍ എന്ന് അദ്ദേഹത്തിന്‍റെ ആരാധകർ പറയും... രജിനികാന്ത് എന്ന വ്യക്തിയോട് എന്നും ഒടുങ്ങാത്ത ആരാധനയാണ് ആളുകൾക്ക്.
ആളുകളിൽ ഊർജ്ജം നിറയ്ക്കുന്ന രജിനി മാജിക് ഇന്നും സിനിമാപ്രേമികൾക്ക് പിടികിട്ടാത്ത പ്രതിഭാസമാണ്. ഇനിയും ഒരുപാട് കാലം ആ മാജിക് കാണാൻ അവസരം കിട്ടണമെന്നാണ് ആരാധകരുടെ ആഗ്രഹം. കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്റെ പരമ്പരയിലാണ് രജിനിയുടെ ജനനം. പിന്നീട് ഇവര്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു.

ബാംഗ്ലൂരിലെ ആചാര്യ പഠനശാലയിലും വിവേകാനന്ദ ബാലസംഘിലും രജിനി പഠനം പൂര്‍ത്തിയാക്കി. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം നേരെ ചെന്നൈയിലേയ്ക്ക് എത്തി. എന്നാല്‍ ജോലി കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അദ്ദേഹം തന്റെ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച് തിരികെ പോകുകയായിരുന്നു. പിന്നീട് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കീഴില്‍ കണ്ടക്ടറായി ജോലി ചെയ്തു.
ജോലിക്കിടയിലും രജിനി അഭിനയിക്കാനുള്ള അവസരങ്ങള്‍ തേടിക്കൊണ്ടിരുന്നു. വീട്ടുകാര്‍ക്ക് താൽപര്യമില്ലായിരുന്നെങ്കിലും അദ്ദേഹം മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേര്‍ന്നു. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത് 1975 ഓഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജിനികാന്തിന്റെ അരങ്ങേറ്റം.
നാൽപ്പത്തിയെട്ട് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാഗമായ രജിനികാന്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനാണ്. സിനിമയിൽ പച്ച പിടിച്ച് കഴിയുമ്പോൾ മുംബൈയിലേക്കും ദുബായിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും താമസം പറിച്ച് നടാറുണ്ട് താരങ്ങൾ. എന്നാൽ രജിനികാന്ത് തമിഴ്നാട് വിട്ട് എങ്ങോട്ടും പോകാറില്ല.
ചെന്നൈ പേയസ് ഗാർഡനിലാണ് രജിനിയുടെ ആഢംബര വസതി സ്ഥിതി ചെയ്യുന്നത്. രജിനിയെ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വീടിനും നെയിം ബോർഡിനും മുമ്പിൽ നിന്ന് ഫോട്ടോ പകർത്താൻ നിരവധി ടൂറിസ്റ്റുകൾ എത്താറുണ്ട്.
ഇപ്പോഴിതാ രജിനികാന്തിന്റെ പേയസ് ഗാർഡനിലെ വസതിയുടെ അകത്തെ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ആഢംബരങ്ങൾ കുത്തിനിറയ്ക്കാതെ സിംപിൾ ലുക്കിലാണ് വീടിന്റെ അകത്തളങ്ങൾ രജിനിയും കുടുംബവും ഒരുക്കിയിരിക്കുന്നത്.

മുൻമുഖ്യമന്ത്രി ജയലളിതയുടെ വീടും പേയസ് ഗാർഡനിൽ തന്നെയായിരുന്നു. ചെന്നൈയിലെ ഏറ്റവും പോഷ് ഏരിയയാണ് പേയസ് ഗാർഡൻ. കടുംനിറങ്ങൾ ഇല്ലാതെ ശാന്തത നിറയുന്ന തരത്തിലാണ് അകത്തളം രൂപകൽപ്പ ചെയ്തിരിക്കുന്നത്. മാർബിൾ നിലവും ഇളംനിറത്തിലുള്ള ചുവരുകളും അകത്തളങ്ങൾക്ക് വിശാലത തോന്നിപ്പിക്കുന്നു.
ക്രിസ്റ്റൽ ഷാൻലിയറുകളും കലാസൃഷ്ടികളും മേൽക്കൂരയിലും ഭിത്തികളിലുമായി ഇടം പിടിച്ചിട്ടുണ്ട്. അതിഥികളെ സ്വീകരിക്കാനുള്ള മുറിയിൽ താരത്തിന് ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ലഭിച്ച പത്മവിഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങളും ഫോട്ടോകളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിനായി ഒരു ഷെൽഫ് ക്രമീകരിച്ചിട്ടുണ്ട്. വീടിന് പുറത്ത് വിശാലമായ പുൽത്തകിടിയും ഉദ്യാനവുമുണ്ട്.
വീടിന്റെ പിൻഭാഗത്തായി കളിസ്ഥലവും കുടുംബത്തിന് ഒഴിവുനേരങ്ങൾ ആസ്വദിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. 40 കോടിയിലേറെയാണ് ഈ ആഢംബര വസതിയുടെ മതിപ്പ് വില. പേയസ് ഗാർഡനിൽ മാത്രമല്ല രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും രജിനികാന്ത് വീടുകൾ സ്വന്തമാക്കിയിട്ടുണ്ട്. രജിനികാന്തിന്റെ മരുമകൻ ആയിരുന്ന ധനുഷിന്റെ പുത്തൻ ആഢംബര വസതിയും പേയസ് ഗാർഡനിലാണ് സ്ഥിതി ചെയ്യുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ധനുഷിന്റെ വീടിന്റെ ഗൃഹപ്രവേശനം നടന്നത്.


Click it and Unblock the Notifications