ഞാൻ നിർത്തുമ്പോൾ അമ്മ തുടങ്ങണം, ശാസനയായിരുന്നു; കല്യാണം എഐയിൽ നിർമിക്കാൻ അനുവദിച്ചില്ല: ശ്രീദേവി ഉണ്ണി
മോനിഷയെ മറക്കാൻ ഇതുവരെയും മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. വളരെ കുറച്ച് സിനിമകളിൽ മാത്രമേ കണ്ടിരുന്നുള്ളൂയെങ്കിലും മോനിഷ ചെയ്ത കഥാപാത്രങ്ങൾ അനശ്വരമായി പ്രേക്ഷക മനസിലുണ്ട്. മലയാളത്തിലെ ജനപ്രിയ നായിക നടിയായിയിരിക്കെയാണ് മോനിഷ വാഹനാപകടത്തിൽ മരിക്കുന്നത്. 21 വയസായിരുന്നു മരണം. മരണം ഏറ്റവും കൂടുതൽ ഉലച്ചത് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയെയാണ്. മോനിഷയായിരുന്നു ശ്രീദേവി ഉണ്ണിയുടെ ലോകം. മോനിഷയുടെ ഓർമകളിലാണ് ശ്രീദേവി ഉണ്ണി ജീവിക്കുന്നത്.
തന്നിലെ അഭിനയ മോഹം മോനിഷയിലൂടെ സാക്ഷാത്കരിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീദേവി ഉണ്ണി. നടിയാകണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹിച്ചയാളാണ് താനെന്ന് ശ്രീദേവി ഉണ്ണി പറയുന്നു. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു ഇവർ. കുട്ടിക്കാലത്തേ എനിക്ക് അഭിനേത്രിയാകണമെന്നാണ് മോഹം. മോനിഷ തുടങ്ങിയ ശേഷമാണ് എനിക്ക് സമാധാനമായത്. എന്റെ പ്രതിഫലനം അവളിൽ കണ്ടു.

അവളിലൂടെ ഞാൻ തൃപ്തയായി. മോനിഷയ്ക്കതറിയാം. അമ്മയുടെ ആറ്റിറ്റ്യൂഡും പിആർ വർക്കുമാണ് സിനിമയ്ക്ക് ബെസ്റ്റ്, എന്റെയല്ല എന്ന് എപ്പോഴും പറയും. ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്. എപ്പോഴും ഞാനത് ഓർക്കും. അഭിനയിക്കണമെന്ന് എനിക്ക് ശാസനയും കൂടി തന്നതല്ലേ.
കുട്ടിക്കാലം മുതൽ ഞാൻ എന്നെ സിനിമയിൽ വിടൂ എന്ന് പറഞ്ഞ് അച്ഛന്റെയും അമ്മയുടെയും പിന്നാലെ നടന്നതാണ്. അന്ന് അമ്മ പറഞ്ഞത് നീ വലുതായിട്ട് നിനക്ക് പെൺകുട്ടിയുണ്ടായാൽ അവളെ നീ സിനിമയിൽ വിടുമോയെന്ന് നോക്കട്ടെ ഞാനൊന്ന് നോക്കട്ടെ എന്നാണ്. മോൾ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഇത് അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞത് അത് അവളുടെ അച്ഛൻ തീർച്ചയാക്കിയിട്ടുണ്ടാകും, എനിക്ക് വിരോധമില്ലെന്നാണ്. ആ ക്രെഡിറ്റ് മുഴുവൻ അച്ഛന് കൊടുത്തു.

പണ്ട് മുതലേ സിനിമാ മോഹമായിരുന്നു. പത്മിനി, വെെജയന്തിമാല എന്നിവരാണ് എന്നെ സ്വാധീനിച്ചത്. ഇന്നും സ്വാധീനിക്കുന്നത് വെെജയന്തിമാലയെയാണ്. ഈ പ്രായത്തിലും അവർ ഡാൻസ് ചെയ്യുന്നു. ജന്മം മുഴുവൻ ആർട്ടിസ്റ്റല്ലേ. ഞാൻ അഞ്ചാറ് വയസ് മുതലേ ഇവരെ ആരാധിച്ച് വരുന്നയാളാണ്. അത് അവരോട് പറഞ്ഞിട്ടുമുണ്ട്.
32 വർഷമായി മോനിഷ പോയിട്ട്. മോനിഷയെ വെച്ച് എഐ പ്രൊഡക്ഷൻ ചെയ്യാൻ ആൾ വന്നിരുന്നു. പറ്റില്ലെന്ന് പറഞ്ഞു. കല്യാണമാണ് എഐയിലൂടെ കാണിക്കുന്നത്. അത് മാത്രം വേണ്ട, ബാക്കി എന്ത് വേണമെങ്കിലും ചെയ്തോ എന്ന് മോൻ ( മോനിഷയുടെ സഹോദരൻ) പറഞ്ഞു. നമുക്ക് കാണാൻ പറ്റുമല്ലോ എന്നാണ് അവർ പറയുന്നത്. മോളെക്കുറിച്ചുള്ള എന്റെ ഇന്റർവ്യൂകൾ കണ്ടിട്ട് അതിലൊരു പ്രൊഡക്ഷൻ ചെയ്യാനാണ് വന്നത്. അതൊരു കൊമേഴ്ഷ്യൽ സെെഡായത് കൊണ്ട് മോൻ വേണ്ടെന്ന് പറഞ്ഞു. ഞങ്ങൾക്ക് അന്നും ഇന്നും കൊമേഴ്ഷ്യൽ പരിപാടി പറ്റില്ല. അഭിനയത്തോടുള്ള ഭ്രമം ആയിരുന്നെന്നും ശ്രീദേവി ഉണ്ണി പറഞ്ഞു.
എന്താ ഈശ്വരാ എനിക്കിത്രയും വലിയ ശിക്ഷ എന്ന് ആലോചിച്ചിട്ടുണ്ട്. എത്ര പിടിച്ച് നിൽക്കുമ്പോഴും മോനിഷയുടെ അമ്മയല്ലേ എന്ന് ചോദിച്ച് ആളുകൾ വരുമ്പോൾ എനിക്ക് വലിയ അഭിമാനമാണ്. അതേപോലെ നൊമ്പരവുമാണെന്നും ശ്രീദേവി ഉണ്ണി പറഞ്ഞു. നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മോനിഷയ്ക്ക് ലഭിച്ചിരുന്നു. കമലദളവും ഏറെ ജനപ്രീതി നേടിയ സിനിമയാണ്. മോഹൻലാലായിരുന്നു ചിത്രത്തിലെ നായകൻ. അഭിനയ രംഗത്ത് ഇന്ന് ശ്രീദേവി ഉണ്ണി സാന്നിധ്യം അറിയിക്കുന്നുണ്ട്.


Click it and Unblock the Notifications











