എന്റെ മകനും മോനിഷയെ പോലെ; നീ എന്റെ അച്ഛനോ മകനോ എന്ന് ഞാൻ ചോദിക്കും; ശ്രീദേവി ഉണ്ണി
അന്തരിച്ച നടി മോനിഷയെ മറക്കാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. 1992 ൽ തന്റെ 21ാം വയസിലാണ് മോനിഷ മരിക്കുന്നത്. വാഹനാപടത്തിൽ പെട്ടാണ് മരണം. അമ്മ ശ്രീദേവി ഉണ്ണി പരിക്കുകളോടെ രക്ഷപ്പെട്ടു. മോനിഷയുടെ മരണം കുടുംബത്തിന് വലിയ ആഘാതമായിരുന്നു. മകളുടെ വിയോഗത്തെ ഉൾക്കൊള്ളാൻ ശ്രീദേവി ഉണ്ണി ഏറെ നാളെടുത്തു ഇപ്പോഴും മകളുടെ ഓർമകൾ പങ്കുവെക്കുകയാണ് ശ്രീദേവി ഉണ്ണി. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.
മകളുടെ കാര്യത്തിൽ ഭയങ്കര തൃപ്തിയായിരുന്നു. ഞാനവളുടെ വലിയ ഫാനായിരുന്നു. എവിടെ നിന്നാലും ഞാൻ അവളെ ക്ലിക്ക് ചെയ്യും. അമ്മ ചിലപ്പോഴെങ്കിലും എന്നെ വെറുതെ വിടണമെന്ന് അവൾ പറയും. മകൾ എനിക്കൊരു ഭ്രമമായിരുന്നു. വലിയ പെർഫോമറായിരുന്നു. 35 കച്ചേരികൾ ചെയ്തിട്ടുണ്ട്. ശരിയായ തമിഴ്നാട് ഭരതനാട്യം കച്ചേരി. സിനിമയിൽ ഡാൻസ് ചെയ്യുമ്പോൾ അവൾക്കാദ്യം പ്രശ്നമായിരുന്നു. തെലുങ്ക് സിനിമ ചെയ്തിട്ടുണ്ട്.

ഭരതനാട്യം പഠിച്ചയാൾ എങ്ങനെ ഇത് ചെയ്യുമെന്ന് മോനിഷ ചോദിച്ചു. ആർട്ടിസ്റ്റെന്ന് പറഞ്ഞാൽ എന്തും ചെയ്യണം. ഞാൻ ചെയ്യുമല്ലോ എന്ന് ഞാൻ പറഞ്ഞു. ശ്രമിക്കാമെന്ന് അവൾ. മലയാളത്തിൽ ഡാൻസ് അന്ന് കുറവാണ്. മകളിലേക്ക് പൂർണമായും എന്നെ സമർപ്പിച്ചു. തനിക്ക് മകളിൽ മാത്രമായിരുന്നു ശ്രദ്ധയെന്ന് ശ്രീദേവി ഉണ്ണി പറയുന്നു. അവൾ ബാലതാരമായി അഭിനയിക്കണമെന്ന് മാത്രമേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂയെന്നും ശ്രീദേവി ഉണ്ണി വ്യക്തമാക്കുന്നു.
മോനിഷയ്ക്ക് വളരെ ചെറുപ്പത്തിലേ പക്വതയുണ്ടായിരുന്നെന്നും ശ്രീദേവി പറയുന്നു. അവൾ കൺവിൻസ്ഡ് ആയെന്ന് നമ്മൾ വിചാരിക്കും. ഉള്ളിൽ കൃത്യമായ ജഡ്ജ്മെന്റുണ്ടാകും. എന്റെ മകനും ഭർത്താവ് ഉണ്ണിയേട്ടനും അങ്ങനെയാണ്. എന്റെ മകനോട് ഞാൻ അങ്ങോട്ട് ചില കാര്യങ്ങൾ ചോദിച്ച് മനസിലാക്കും.

നീ എന്റെ അച്ഛനോ മകനോ എന്ന് ഞാൻ ഇടയ്ക്ക് ചോദിക്കും. ഉണ്ണിയേട്ടനേക്കാൾ കൂടുതൽ കാര്യങ്ങൾ നോക്കുക എന്റെ മകനാണ്. അതേ പോലെയായിരുന്നു മോനിഷയും. ഒരിക്കൽ മോഹൻലാൽ നൈറ്റിന് പോയ സമയത്ത് അവൾക്ക് വേണ്ടി ഷോപ്പിംഗ് നടത്തി പതിനായിരം രൂപയായി. അന്നത്തെ കാലത്ത്. അടുത്ത ഷോപ്പിൽ പോകാൻ നോക്കിയപ്പോൾ അമ്മേ, മതിയെന്ന് പറഞ്ഞു. മോൾക്ക് നല്ല ശ്രദ്ധയുണ്ടായിരുന്നെന്നും ശ്രീദേവി ഉണ്ണി പറയുന്നു.
മോനിഷയുടെ വിയോഗ ശേഷം പിടിച്ച് നിന്നതിനെക്കുറിച്ചും ശ്രീദേവി ഉണ്ണി സംസാരിച്ചു. ഞാൻ തന്നെയായിരുന്നു ആ കുട്ടി. എന്റെ പ്രതിബിംബമായിരുന്നു അവൾ. കണ്ണാടി പൊട്ടി. പ്രതിബിംബം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. ഞാനതായി മാറി. മരണം മാത്രമാണ് ശരിക്കുള്ള യാഥാർത്ഥ്യമെന്നാണ് ഞാൻ പറയാറ്. ബാക്കിയെല്ലാം മായയാണ്. യഥാർത്ഥ്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.
ദൈവത്തെ ഞാൻ കുറേ ചീത്ത പറഞ്ഞിട്ടുണ്ട്. പക്ഷെ ദൈവ വിശ്വാസം നഷ്‌ടപ്പെട്ടില്ല. ഉണ്ണിയേട്ടനും മകനുമെല്ലാം വിശ്വാസം നഷ്ടപ്പെട്ടു. മോനിഷയുടെ ഊർജം എന്നിൽ ജീവിപ്പിക്കണം. വിശ്വാസം പോയാൽ എവിടെ പോകും. എന്റെ കൂടെ ഭഗവാനുണ്ട്. വാഹനാപകടത്തിൽ നിന്നും താൻ രക്ഷപ്പെട്ടത് അത് കാരണമാണെന്നും ശ്രീദേവി ഉണ്ണി പറയുന്നു.


Click it and Unblock the Notifications











