'മോനിഷയുമായി ഞാൻ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട്... പക്ഷെ പ്രൂഫ് ചോദിച്ചാൽ എനിക്ക് തരാനുണ്ടാവില്ല'; ശ്രീദേവി
മലയാളി ഇനിയും മറക്കാത്ത മുഖശ്രീ... അതാണ് അകാലത്തിൽ വേർപിരിഞ്ഞുപോയ നടി മോനിഷ. പതിനഞ്ചാം വയസിൽ മലയാള സിനിമയുടെ ഭാഗമായ മോനിഷ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. മലയാള സിനിമയുടെ എക്കാലത്തേയും നഷ്ടമെന്നാണ് മോനിഷയുടെ വേർപാടിനെ കുറിച്ച് പറയാറുള്ളത്. മോനിഷയുടെ ഓർമകൾക്ക് മുപ്പത്തിരണ്ട് വയസ് തികയുമ്പോൾ അമ്മയും നടിയുമായ ശ്രീദേവി ഉണ്ണി മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
വർഷങ്ങൾക്ക് മുമ്പ് കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മകൾക്കൊപ്പമുള്ള ഓർമകൾ ശ്രീദേവി ഉണ്ണി പങ്കിട്ടത്. മോനിഷയുമായി താൻ ഇപ്പോഴും കമ്യൂണിക്കേറ്റ് ചെയ്യാറുണ്ടെന്നാണ് ശ്രീദേവി ഉണ്ണി പറഞ്ഞത്. ഞാനും മോനിഷയും ചേർന്ന് ഒരുപാട് പരിപാടികൾ ഒപ്പിച്ചിട്ടുണ്ട്. അവൾ ഭയങ്കര കുസൃതിയാണ് ഞാനും കുസൃതിയാണ്.

ഞങ്ങൾ രണ്ടുപേരും കൂടി ഓജോ ബോർഡൊക്കെ വെക്കുമായിരുന്നു. എന്നിട്ട് സ്പിരിറ്റിനെ വിളിക്കും. ഇങ്ങനെയൊക്കെ കുറേ പരിപാടി ഞങ്ങൾ ഒപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്ക് റൈറ്റിങ്ങുണ്ടായിരുന്നു. അതിലിങ്ങനെ മെസേജസൊക്കെ കിട്ടും. ചിത്രങ്ങൾ വരക്കും. പരാസൈക്കോളജിയാണോ എന്താണെന്നൊന്നും അറിയില്ലായിരുന്നു.
നമുക്ക് ഒരു എന്റർടെയ്ൻമെന്റ് പോലെയാണ് ചെയ്തിരുന്നത്. മോനിഷയുമായി ഞാൻ കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷെ പ്രൂഫ് ചോദിച്ചാൽ എനിക്ക് തരാനുണ്ടാവില്ല. സൈക്കോളജിക്കലാണെന്നും ചിലപ്പോൾ ആളുകൾ പറഞ്ഞേക്കും. ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്ത് പോയാൽ അവർ പറയും നമ്മുടെ സബ്കോൺഷ്യസ് മൈന്റിൽ കിടക്കുന്നത് തന്നെയാണ് തോന്നുന്നതെന്ന്. ആയിരിക്കാം... മെർജ് ചെയ്ത് പോയിരിക്കുന്നതാണ്.
ഞാൻ വളരെ സെൻസിറ്റീവാണ്. മനസിലുള്ളത് മുഖത്ത് വരും എന്നാണ് മകളെ കുറിച്ച് ശ്രീദേവി ഉണ്ണി പറഞ്ഞത്. മോനിഷയ്ക്ക് ജീവൻ നഷ്ടപ്പെട്ട അപകടം സംഭവിക്കുമ്പോൾ ശ്രീദേവി ഉണ്ണിയും മകൾക്കൊപ്പം കാറിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് ജി.എസ് വിജയന്റെ ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും ശ്രീദേവി ഉണ്ണിയും ഒരു അംബാസിഡര്‍ കാറില്‍ എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു.
പ്രൊഡ്യൂസറുടെ ബന്ധുവും കാറിൽ ഉണ്ടായിരുന്നു. ഒരു നൃത്ത റിഹേഴ്‌സലിന് വേണ്ടി കൊച്ചി വരെ കാറിലും അവിടെ നിന്ന് വിമാനത്തിൽ ബാംഗ്ലൂരിലേക്കും പോകാനായിരുന്നു മോനിഷയുടേയും ശ്രീദേവിയുടേയും തീരുമാനം. എറണാകുളത്ത് എത്തും മുമ്പ് കാർ അപകടം സംഭവിച്ചു. അപകടത്തില്‍ മോനിഷയും ഡ്രൈവറും പ്രൊഡ്യൂസറുടെ ബന്ധുവും കൊല്ലപ്പെട്ടു.

തലയിലേറ്റ ക്ഷതമായിരുന്നു മോനിഷയുടെ മരണകാരണം. ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയ മോനിഷയുടെ മൃതദേഹം അവിടെയാണ് സംസ്ക്കരിച്ചത്. മകളുടെ അകാല മരണം ശ്രീദേവിയെ വല്ലാതെ ബാധിച്ചിരുന്നു. മരിക്കുമ്പോൾ 21 വയസ് മാത്രമായിരുന്നു മോനിഷയ്ക്ക്. ആറ് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ മലയാളത്തിലും തമിഴിലും കന്നഡയിലുമായി 25 സിനിമകളിൽ താരം അഭിനയിച്ചിരുന്നു.
ആദ്യ സിനിമയിൽ മികച്ച നടിക്കുള്ള ദേശീയ അവാർഡും മോനിഷയ്ക്ക് ലഭിച്ചിട്ടുണ്ട്. 1971 ജനുവരി 24ന് കോഴിക്കോട്ടായിരുന്നു മോനിഷയുടെ ജനനം. അച്ഛന്റെ ജോലിയുടെ ഭാഗമായിട്ടാണ് മോനിഷ കുടുംബസമേതം ബാംഗ്ലൂരിലേക്ക് താമസം മാറ്റിയത്. മോനിഷയുടെ വളർന്നതും അവിടെയായിരുന്നു. ശ്രീദേവി തന്നെയായിരുന്നു നൃത്തത്തിൽ മോനിഷയുടെ ആദ്യ ഗുരു. മനോഹരമായി നൃത്തം ചെയ്യുന്ന മുട്ടൊപ്പം മുടിയും വിടർന്ന കണ്ണുകളുമുള്ള മോനിഷ അന്ന് ഭൂരിഭാഗം സിനിമാപ്രേമികൾക്കും പ്രിയങ്കരിയായ അഭിനേത്രിയായിരുന്നു.
ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ മോനിഷയും ഉണ്ടാകുമായിരുന്നു. എഴുപത്തിയൊമ്പതുകാരിയായ ശ്രീദേവി ഉണ്ണി ഇപ്പോൾ വളരെ വിരളമായി മാത്രമെ അഭിനയിക്കാറുള്ളു. പുഴുവിലാണ് അവസാനമായി അഭിനയിച്ചത്. മകളുടെ മരണശേഷം കുറച്ചുകാലം ശ്രീദേവി ലൈം ലൈറ്റിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.


Click it and Unblock the Notifications











