കാവ്യ ഫ്രണ്ട്ലിയായിരുന്നു, പക്ഷെ..., പിന്നീടാണവർ എന്റെ അഭിനന്ദിച്ചത്; റോമ നമ്പർ തേടിപ്പിടിച്ച് വിളിച്ചു: ശ്രീജ
ഡബ്ബിംഗ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ശ്രീജ രവി ഇന്ന് അഭിനയ രംഗത്തും സാന്നിധ്യമറിയിക്കുന്നുണ്ട്. കാവ്യ മാധവൻ, നയൻതാര, റോമ, ശാലിനി തുടങ്ങി നിരവധി താരങ്ങൾക്ക് ശ്രീജ രവി ഡബ് ചെയ്തിട്ടുണ്ട്. കാവ്യക്ക് കരിയറിൽ ഏറ്റവും കൂടുതൽ തവണ ഡബ് ചെയ്തത് ശ്രീജ രവിയാണ്. പുതിയ അഭിമുഖത്തിൽ ശ്രീജ രവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അഭിനേതാക്കൾ ഡബ്ബിംഗ് ആർട്ടിന്റെ വർക്കിനെ അംഗീകരിക്കാൻ മടിക്കാറുണ്ടെന്ന് ശ്രീജ രവി പറയുന്നു. നമ്മൾ ഡബ് ചെയ്ത ആർട്ടിസ്റ്റ് പോലും അഭിമുഖങ്ങളിൽ ഞങ്ങളെക്കുറിച്ച് പറയുന്നത് അപൂർവമാണ്. ഓരോ ആർട്ടിസ്റ്റിനും അവർ തന്നെ സംസാരിക്കുന്നതാണ് നല്ലതെന്ന ചിന്ത ഉണ്ടായിരിക്കാം. അത് തെറ്റല്ല.
ഞാനും ഇപ്പോൾ ഒരു ആർട്ടിസ്റ്റാണ്. മറ്റൊരാൾ എനിക്ക് ശബ്ദം നൽകിയാൽ അത് ഉൾക്കൊള്ളാനാകുമോ എന്നെനിക്ക് അറിയില്ല. കാവ്യ മാധവന് അവർ തന്നെ ഡബ് ചെയ്യണമെന്നുണ്ടായിരുന്നു. എന്നാൽ പ്രൊഡ്യൂസേർസ് സമ്മതിച്ചില്ല. ആ ആഗ്രഹം തെറ്റല്ല. കാരണം അവർ ഭംഗിയായി പെർഫോം ചെയ്തിട്ടുണ്ട്. പക്ഷെ ആ വോയിസ് ടെക്സ്ചർ മാച്ച് ആകാത്തത് കൊണ്ടാണ് ഡബ്ബിംഗ് ആർട്ടിസ്റ്റിനെ വെക്കുന്നത്. ജയസൂര്യ ഹീറോയായ സിനിമയിൽ ഊമയായി അവർ അഭിനയിച്ചിട്ടുണ്ട്. അത് മുഴുവനായും കാവ്യ ഡബ് ചെയ്തു. വിനയനാണ് സംവിധായകൻ. കാവ്യ ഡബ് ചെയ്ത ട്രാക്ക് മുഴുവൻ മാറ്റി എന്നെക്കൊണ്ട് ഡബ് ചെയ്യിച്ചു. ഊമയായ കഥാപാത്രമല്ലേ, എന്തിനാണ് ഡബ് വേറൊരാൾ ചെയ്തതെന്ന് ചോദിക്കാം. പക്ഷെ വോയിസ് കുറച്ച് സ്വീറ്റായി വേണമായിരുന്നെന്നും ശ്രീജ രവി പറയുന്നു.

കാവ്യ കരിയറിൽ അവസാന ഘട്ടത്തിലാണ് തന്റെ വർക്കുകളെ അഭിനന്ദിച്ചതെന്നും ശ്രീജ രവി പറയുന്നുണ്ട്. ലേറ്റർ സ്റ്റേജിലാണ് കാവ്യ ഫ്രണ്ട്ലിയായത്. അതിന് മുമ്പും ഫ്രണ്ട്ലിയായിരുന്നു. പക്ഷെ വർക്കിനെ പ്രശംസിച്ചത് പിന്നീടാണ്. ശാലിനി, ദേവയാനി, റോമ തുടങ്ങിയ നടിമാർ തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും ശ്രീജ രവി പറയുന്നു. റോമ മലയാളം അറിയാത്ത ആർട്ടിസ്റ്റാണ് റോമ. പക്ഷെ ഭംഗിയായി പഠിച്ച് ഡയലോഗ് പറയും. നോട്ബുക്ക് എന്ന സിനിമയിലാണ് ആദ്യം ഡബ് ചെയ്തത്. ഡബിംഗ് കണ്ട് സംവിധായകനിൽ നിന്നും നമ്പർ വാങ്ങി എന്നെ വിളിച്ചു. അതാണ് എനിക്ക് വന്ന വലിയ അഭിനന്ദനം. ഇപ്പോഴും അവർ കോൺടാക്ടിലുണ്ടെന്നും ശ്രീജ രവി പറയുന്നു.
രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു കാവ്യ മാധവൻ. അന്ന് കാവ്യയുടെ സമകാലീനരായിരുന്ന നവ്യ നായർ, മീര ജാസ്മിൻ തുടങ്ങിയവർ സ്വന്തം ശബ്ദത്തിലാണ് ഡബ് ചെയ്തത്. എന്നാൽ കാവ്യയുടെ ശബ്ദം അധികം സിനിമകളിൽ ഉപയോഗിച്ചിട്ടില്ല. പെരുമാഴക്കാലം ഉൾപ്പെടെ ചുരുക്കം സിനിമകളിലേ കാവ്യ സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടുള്ളൂ.
2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് കാവ്യ അവസാനമായി അഭിനയിച്ച സിനിമ. ദിലീപുമായുള്ള വിവാഹം നടന്നു. പിന്നീട് അഭിനയ രംഗത്ത് നിന്നും കാവ്യ മാറി നിൽക്കുകയാണ്. കുടുംബ ജീവിതത്തിലേക്കാണ് കാവ്യ ഇന്ന് പൂർണ ശ്രദ്ധ നൽകുന്നത്. ഒപ്പം ലക്ഷ്യ എന്ന തന്റെ സ്ഥാപനവും നടത്തുന്നു. കാവ്യ സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങിൽ മലയാളത്തിലെ കാവ്യയെ പോലെ ജനപ്രീതി നേടിയ മറ്റൊരു നടി മലയാളത്തിൽ ഉണ്ടായിരുന്നില്ല.


Click it and Unblock the Notifications











