മൂന്ന് തലമുറയ്ക്കുള്ള തെറി രഞ്ജിനി കേട്ടു; സ്റ്റാർ സിംഗർ സംപ്രേഷണം തടയാൻ മേധാവി ശ്രമിച്ചു; ശ്രീകണ്ഠൻ നായർ
റിയാലിറ്റി ഷോകൾ ഇന്ന് മലയാളത്തിൽ ഏറെ ഉണ്ടെങ്കിലും മലയാളത്തിലെ ആദ്യ ഹിറ്റ് റിയാലിറ്റി ഷോ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ ആണ്. ഇന്നും ഈ ഷോ പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ഇപ്പോഴിതാ ഷോയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഐഡിയ സ്റ്റാർ സിംഗർ ജനങ്ങളിലേക്ക് എത്തിച്ച ശ്രീകണ്ഠൻ നായർ. സഫാരി ടിവിയോടാണ് പ്രതികരണം.

'എന്റെ ഏറ്റവും വലിയ തട്ടകവും ഞാനിഷ്ടപ്പെട്ടതും സീരിയലിനേക്കാളും റിയാലിറ്റി ഷോകളാണ്. ആ സമയത്ത് ഏഷ്യാനെറ്റിലെ ഓരോ പ്രോഗ്രാമുകളും ഹിറ്റായി ക്ലച്ച് പിടിച്ച് വരുന്നു. ഏഷ്യാനെറ്റ് വളരെ സജീവമായിക്കഴിഞ്ഞു. ഈ സമയത്ത് ഏഷ്യാനെറ്റിന്റെ മാനേജിംഗ് ഡയരക്ടർ കെ മാധവൻ ആണ്'
'അദ്ദേഹത്തിന്റെ പ്രായോഗികമായ ഇടപെടൽ ഇതിലെല്ലാം ഉണ്ടായിരുന്നു. ഫിനാൻഷ്യൽ കാര്യത്തിൽ അദ്ദേഹം ഉസ്ദാത് ആണ്. അങ്ങനെ ഇരിക്കുമ്പോഴാണ് റിയാലിറ്റി ഷോ ആയി ഐഡിയ സ്റ്റാർ സിംഗർ കൊണ്ട് വരാം എന്ന് തീരുമാനിക്കുന്നത്. പേര് ഞാനാണിട്ടത്'
'സ്റ്റാർ സിംഗർ, ടോപ് സിംഗർ എന്നീ പേരുകൾ. സ്റ്റാർ സിംഗർ ഞാൻ ഏഷ്യാനെറ്റിൽ ചെലവാക്കി. ടോപ് സിംഗർ ഫ്ലവേഴ്സിലും'

'ഐഡിയയാണ് സ്റ്റാർ സിംഗർ ബ്രാൻഡ് ചെയ്തിരിക്കുന്നത്. ഐഡിയയിലൊക്കെ പോയി ചർച്ച ചെയ്ത് കാര്യങ്ങൾ റെഡി ആയി. ടെലികാസ്റ്റിന് റെഡി ആയപ്പോൾ ഏഷ്യാനെറ്റിലെ മേധാവി എന്നെ വിളിച്ചിട്ട് പറഞ്ഞു, ഈ പരിപാടി തിങ്കൾ മുതൽ വെള്ളി വരെ സീരിയൽ സമയത്ത് സംപ്രേഷണം ചെയ്യരുതെന്ന്'
'കമ്പനി രക്ഷപ്പെട്ട് വരികയാണ്. തകർന്ന് പോവുമെന്ന് പറഞ്ഞു. ഇദ്ദേഹം എന്നെ വിളിച്ച് കോവളത്ത് ഹോട്ടലിൽ പോയി മൂന്ന് മൂന്നര മണിവരെ ചർച്ച ചെയ്തു. തർക്കമാണ്'

'അദ്ദേഹത്തിന്റെ വിശ്വാസം പരമ്പരകൾ മാത്രമേ ആളുകൾ കാണൂ എന്നായിരുന്നു. അവസാനം ഞങ്ങൾ സംസാരിച്ച് പിരിഞ്ഞു. ഞാനൊന്ന് ആലോചിക്കട്ടേ എന്ന് പറഞ്ഞു. തിരിച്ച് പോരുമ്പോൾ ഞാൻ ആലോചിച്ചു'
'നീ യുപിഎസിയുടെ ജോലി വേണ്ടെന്ന് വെച്ച് ഏഷ്യാനെറ്റിൽ വന്ന ആളാണ്. വലിയ റിസ്കാണ് നീ എടുത്തത്. ജീവിതമേ റിസ്കാണ്. ഒരു റിസ്ക് നീ എടുക്ക് എന്ന് ഞാനെന്നോട് തന്നെ പറഞ്ഞു. വീഴുന്നെങ്കിൽ വീഴട്ടെ'

'ഇതിൽ നിങ്ങൾ പരാജയപ്പെട്ടാൽ ഏഷ്യാനെറ്റിൽ നിന്ന് പുറത്ത് പോവേണ്ടി വരുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഏഷ്യാനെറ്റിൽ നിന്ന് പുറത്ത് പോയാൽ ജോലി ഇല്ലാതെ തെണ്ടിത്തിരിയേണ്ടി വരും എന്നെനിക്കറിയാം'
'പക്ഷെ ഞാൻ തീരുമാനമെടുത്തു രാത്രി എട്ട് മണിക്ക് തന്നെ ഐഡിയ സ്റ്റാർ സിംഗർ എയറിൽ വരും. റിയാലിറ്റി ഷോ പ്രേക്ഷകർക്ക് പുതിയ അനുഭവം ആയിരുന്നു. ഒരു പരമ്പരയുടെ അംശങ്ങളൊക്കെ അതിൽ ഉണ്ടായിരുന്നു. കെട്ടിപ്പിടിക്കുന്നതും പൊട്ടിക്കരയുന്നതുമൊക്കെ'

'രഞ്ജിനി ഹരിദാസ് എന്ന അവതാരക പിറവി എടുക്കുന്നു. രഞ്ജിനി ഹരിദാസ് ഈ പ്രോഗ്രാം ആങ്കർ ചെയ്യാൻ വന്നതോടെ യൂട്യൂബിലും മറ്റും നല്ല തെറി. മൂന്ന് തലമുറയ്ക്കുള്ള തെറി ആ കൊച്ച് വാങ്ങിച്ചു. കാരണം അവരുടെ വേഷവും സംസാര രീതിയും മൂലം. ഇംഗ്ലീഷ് ഉച്ചാരണത്തിൽ മലയാളം പറയുന്ന രഞ്ജിനിയെ പ്രേക്ഷകർക്ക് പൊരുത്തപ്പെടാൻ പറ്റിയില്ല'
'എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കാണുന്നത് മലയാളത്തിലെ ഏറ്റവും നല്ല അവതാരകരിൽ ഒരാളായി രഞ്ജിനി മാറി. രഞ്ജിനി ഹിറ്റായി. ഐഡിയ സ്റ്റാർ സിംഗർ ഹിറ്റായി. എംജി ശ്രീകുമാറും ശരത്തും ഉഷ ഉതുപ്പ് എന്ന ദീതിയും ഹിറ്റായി,' ശ്രീകണ്ഠൻ നായർ പറഞ്ഞു.


Click it and Unblock the Notifications











