സ്റ്റാറായിരുന്നപ്പോഴും നസീറിന്റെ പ്രതിഫലം ഒന്നര ലക്ഷം, ജയനെക്കാൾ പ്രതിഫലം ചോദിച്ച സുകുമാരൻ; ശ്രീകുമാരൻ തമ്പി
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാറുള്ള വിഷയമാണ് താരങ്ങളുടെ പ്രതിഫലം. അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം താങ്ങാനാകുന്നില്ലെന്ന് അടുത്തിടെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പരാതിപ്പെട്ടിരുന്നു. പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്നാണ് സംഘടന ആരോപിച്ചത്. പ്രതിഫലത്തിന് പുറമെ അഭിനേതാക്കള്‍ക്ക് ജിഎസ്ടിയും നല്‍കണം എന്നതും നിർമാതാക്കളുടെ സംഘടന ആരോപിച്ചിരുന്നു.
മാർക്കറ്റ് വാല്യുവുള്ള താരങ്ങളുടെ പ്രതിഫലത്തിൽ മുമ്പുള്ളതിനെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ സിനിമയുടെ വിജയത്തെ ആശ്രയിച്ചാണ് പുതിയ പ്രോജക്ടിൽ എത്ര പ്രതിഫലം വേണമെന്നത് താരങ്ങൾ നിശ്ചയിക്കുന്നതത്രെ. ഇപ്പോഴിതാ പഴയ കാല നടന്മാരായിരുന്ന ജയൻ, പ്രേം നസീർ, സുകുമാരൻ എന്നിവർ എത്ര രൂപയാണ് പ്രതിഫലം കൈപ്പറ്റിയിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് ശ്രീകുമാരൻ തമ്പി.

സംവിധായകൻ കൂടിയായിരുന്നതിനാൽ എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം പ്രവർത്തിക്കാനും സൗഹൃദം സൃഷ്ടിക്കാനുമുള്ള സാഹചര്യം ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിരുന്നു. മുമ്പൊരിക്കൽ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയൻ അടക്കമുള്ള താരങ്ങൾ വാങ്ങിയ ഏറ്റവും ഉയർന്ന പ്രതിഫലത്തെ കുറിച്ച് ശ്രീകുമാരൻ തമ്പി മനസ് തുറന്നത്.
ജയന്റെ മരണശേഷം നടൻ സുകുമാരൻ പ്രതിഫലം ഉയർത്തിയെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സൂപ്പർ സ്റ്റാറായിരുന്നിട്ടും ഒന്നര ലക്ഷത്തിന് മുകളിൽ ഒരിക്കലും പ്രേം നസീർ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1980 നവംബറിൽ ജയൻ മരിച്ചു. ജയന്റെ മരണശേഷം പിന്നിലെ മലയാള സിനിമയിൽ നായകന്മാരായി ഉള്ളത് സുകുമാരനും സോമനും മാത്രമാണ്.
പ്രായം കൊണ്ട് നസീർ സാറും മധുവുമൊക്കെ വേറൊരു തലത്തിലായി. ചെറുപ്പക്കാർ സുകുമാരനും സോമനും മാത്രമായിരുന്നു. ഒരിക്കൽ സുകുമാരനോട് ഞാൻ ഭുവന ഒരു കേഴ്വി കുറി എന്ന സിനിമ മലയാളത്തിൽ എടുക്കാൻ പോവുകയാണെന്ന്. സുബ്രഹ്മണ്യനായിരുന്നു നിർമാതാവ്. ഞാനായിരുന്നു സംവിധാനം. ഭുവന ഒരു കേഴ്വി കുറിയിൽ രജനികാന്ത് ചെയ്ത റോൾ ചെയ്യാമോ എന്നാണ് സുകുമാരനോട് ഞാൻ ചോദിച്ചത്.
ഭുവന ഒരു കേഴ്വി കുറി എന്ന സിനിമയിലൂടെയാണ് രജനികാന്ത് ഹീറോയായതും പേരെടുക്കുന്നതും. ഭുവന ഒരു കേഴ്വി കുറിയിലാണ് നല്ലൊരു കഥാപാത്രത്തെ രജനികാന്ത് അവതരിപ്പിക്കുന്നത്. അതിന് മുമ്പ് വരെ വില്ലനായിരുന്നു. ആ റോൾ ചെയ്യാമോയെന്ന് ചോദിച്ചപ്പോൾ പ്രതിഫലമായി അമ്പതിനായിരം വേണമെന്ന് സുകുമാരൻ പറഞ്ഞു. ജയൻ പരമാവധി മേടിച്ചിട്ടുള്ള പ്രതിഫലം നാൽപ്പതിനായിരം രൂപയാണ്.

നായാട്ടിലും മൂർഖനിലും അഭിനയിച്ചപ്പോൾ ജയന്റെ പ്രതിഫലം നാൽപ്പതിനായിരം രൂപയായിരുന്നു. എനിക്ക് അത് അറിയാം. അതിൽ കൂടുതൽ വാങ്ങിയിട്ടേയില്ല. ജയൻ അനുകരിച്ചത് നസീർ സാറിനെ. നസീർ സാർ മാക്സിമം വാങ്ങിയത് ഒന്നര ലക്ഷം രൂപയാണ്. രണ്ട് ലക്ഷം വാങ്ങിച്ചിട്ടില്ല. രണ്ട് ലക്ഷമാണ് പ്രതിഫലമായി ഇപ്പോൾ വാങ്ങുന്നതെന്ന് അദ്ദേഹം പറയും. ഒപ്പം തമ്പി അത്രയും തരേണ്ടെന്നും പറയുമെന്നുമാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത്.
വിടപറഞ്ഞ് 36 വർഷം കഴിഞ്ഞിട്ടും ഓരോ മലയാള സിനിമ പ്രേമിയും ഒരു ദിവസമെങ്കിലും പ്രേം നസീറെന്ന അതുല്യ നടനെ അനുസ്മരിക്കാതെ കടന്നുപോയിട്ടുണ്ടാവില്ല. സോഷ്യൽ മീഡിയയിൽ ഇന്നും ഏറെ പ്രേക്ഷകരുണ്ട് പ്രേം നസീറിൻ്റെ സിനിമകൾക്ക്. കേവലം ഒരു സിനിമാതാരം എന്നതിലുപരി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു പ്രേം നസീർ.
നല്ലൊരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനായിരുന്നു നസീറെന്ന് അദ്ദേഹത്തെ അടുത്ത് പരിചയപ്പെട്ടിട്ടുള്ളവർ പറയാറുണ്ട്. മനുഷ്യത്വപരമായ കാര്യങ്ങളിൽ പ്രേം നസീർ ചെയ്ത കാര്യങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണെന്ന് അദ്ദേഹത്തെ കഴിച്ച് രചിക്കപ്പെട്ട പല പുസ്തകങ്ങളിലും കാണാം.


Click it and Unblock the Notifications











