'ഉടുത്തിട്ട് വാ, അല്ലെങ്കിൽ വീട്ടിൽ പോ'; ജയഭാരതിയോട് പറഞ്ഞത്, പിന്നാലെ പങ്കാളി ഹരി പോത്തന്റെ ഭീഷണി
സിനിമാ ലോകത്ത് ഒരു കാലത്തെ നിറ സാന്നിധ്യമായിരുന്നു നടി ജയഭാരതി. ഷീല, ശാരദ എന്നിവർക്ക് ശേഷം മുൻനിര നായിക നടിയായി വളർന്ന് വന്ന ജയഭാരതി നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. ജയഭാരതിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അന്ന് പല ഗോസിപ്പുകളും വന്നു. നിർമാതാവ് ഹരി പോത്തനായിരുന്നു സിനിമാ രംഗത്ത് തിരക്കേറിയ സമയത്ത് ജയഭാരതിയുടെ പങ്കാളി. ഹരി പോത്തന് അന്ന് ഭാര്യയും കുടുംബവുമുണ്ട്. ഹരിപോത്തനുമായി അകന്നതോടെ നടൻ സാത്താറുമായി അടുത്ത ജയഭാരതി ഇദ്ദേഹത്തെ വിവാഹം ചെയ്തു.
ഈ ബന്ധത്തിൽ ഒരു മകനും പിറന്നു. എന്നാൽ പിന്നീട് ഇരുവരും പിരിയുകയാണുണ്ടായത്. ജയഭാരതിയുമായും ഹരി പോത്തനുമായും തനിക്കുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീകുമാരൻ തമ്പിയിപ്പോൾ. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഒരു സംഭവകഥ ഓർത്തെടുത്തത്. ഹരി പോത്തൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. ചന്ദ്രകാന്തം എന്ന ആദ്യ സിനിമയിൽ ആദ്യ ദിവസം തന്നെ ജയഭാരതിയുമായി എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായി.

കാരണം എനിക്കീ പാവാട ചേരുന്നില്ല, വേറെ പാവാട വേണമെന്ന് പറഞ്ഞു. നിങ്ങൾക്കല്ല പാവാട, രജിനി എന്ന കഥാപാത്രത്തിനാണ്, അത് ഞാൻ തീരുമാനിക്കും, സൗകര്യമുണ്ടെങ്കിൽ ഉടുത്തിട്ട് വാ അല്ലെങ്കിൽ വീട്ടിൽ പോകെന്ന് പറഞ്ഞു. ആദ്യ ദിവസത്തെ ആദ്യത്തെ ഷോട്ടാണ്. അങ്ങനെയൊന്നും സിനിമയിൽ പറയാൻ പാടില്ല. പിന്നീട് ഞാനത് പഠിച്ചു. അന്ന് ജയഭാരതിയുടെ കാര്യങ്ങൾ നോക്കുന്നത് ഹരി പോത്തനാണ്. ഒരുമിച്ചാണ് താമസം. രാത്രിയിൽ ബഹദൂർ എന്നെ വിളിക്കുന്നു. തമ്പീ, നിങ്ങൾ വൃത്തികേട് കാണിക്കരുത്, ജയഭാരതിയെക്കുറിച്ച് മോശമായി സംസാരിച്ചെന്ന് ബഹദൂർ പറഞ്ഞു.
പെട്ടെന്ന് ഹരിപോത്തന്റെ കൈയിൽ ബഹദൂർ ഫോൺ കൊടുത്തു. നിന്റെ കൈ ഞാൻ വെട്ടുമെന്ന് ഹരി പോത്തൻ. അന്നെനിക്ക് 33 വയസ് കഴിഞ്ഞിട്ടേയുള്ളൂ. 34ാമത്തെ വയസാണ്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ എന്റെ ഭാര്യയെക്കുറിച്ച് മോശമായി എഴുതിയിരിക്കുന്നു, നിന്റെ കൈ ഞാൻ വെട്ടുമെന്ന് ഹരിപോത്തൻ. ധൈര്യമുണ്ടെങ്കിൽ വന്ന് വെട്ടെന്ന് ഞാൻ. അന്നെനിക്ക് കൺസ്ട്രക്ഷൻസ് ഉണ്ട്. നൂറ് നൂറ്റമ്പത് തൊഴിലാളികൾ നമുക്ക് വേണ്ടി മരിക്കും.

അതിലൊരുത്തനെ വിളിച്ചു. എന്നെ പ്രൊട്ടക്റ്റ് ചെയ്യാൻ. ഹരിപോത്തൻ വന്ന് ഒരക്ഷരം മിണ്ടാതെ മുഖത്തോട്ട് നോക്കാതെ കയറി പോയി. അതാണന്ന് സംഭവിച്ചതെന്ന് ശ്രീകുമാരൻ തമ്പി ഓർത്തു. 1977 ൽ ഇവർ തമ്മിൽ പിണങ്ങി. ജയഭാരതി ഹരിപോത്തനെ പുറത്താക്കി. ഹരി പോത്തൻ ഭാര്യയുമായി എന്റെയടുത്ത് ക്ഷമ ചോദിക്കാൻ വന്നു.
പ്രേം നസീർ സംസാരിച്ചത് കൊണ്ടാണ് ഹരി പോത്തനുമായി സംസാരിക്കാൻ താൻ തയ്യാറായതെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. സിനിമാ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് ജയഭാരതി. ടെലിവിഷൻ ഷോകളിലോ പൊതുവേദികളിലോ ജയഭാരതിയെ അധികം കാണാറില്ല. ജയഭാരതിയെ കൂടാതെ പഴയ കാല നടി ശാരദയും ഇന്ന് ലൈം ലൈറ്റിൽ ഇല്ല. ഷീല ഇടയ്ക്ക് സിനിമാ ലോകത്ത് സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications











