ബിഗ് ബോസില്‍ പോകേണ്ടി വരുമോന്ന ആവലാതിയോടെയാണ് 2024 തുടങ്ങിയത്! പിന്നെ നടന്നതിനെ പറ്റി ശ്രീലക്ഷ്മി
സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ താരമാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. പലപ്പോഴും വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രീലക്ഷ്മി വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ബിഗ് ബോസിലേക്ക് ശ്രീലക്ഷ്മി എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകരില്‍ പലരും. കഴിഞ്ഞുപോയ പല സീസണുകളിലും ശ്രീലക്ഷ്മി ഉണ്ടെന്ന തരത്തില്‍ പ്രവചനങ്ങള്‍ നടന്നിരുന്നു.
പ്രൊഡക്ഷന്‍ ലിസ്റ്റ് വരുമ്പോള്‍ ആദ്യമുള്ള ആളുകളില്‍ ശ്രീലക്ഷ്മി അറക്കലിന്റെ പേരും ഉണ്ടാവാറുണ്ട്. കേട്ടത് പോലെ കഴിഞ്ഞ തവണ താനും മത്സരിക്കേണ്ടിയിരുന്നത് ആണെന്നും എല്ലാം ഉപേക്ഷിച്ച് ബിഗ് ബോസിലേക്ക് പോകേണ്ടി വരുമോ എന്ന പേടിയിലാണ് തന്റെ ഒരു വര്‍ഷം തുടങ്ങിയതെന്നും പറയുകയാണ് താരമിപ്പോള്‍.

ബിഗ് ബോസിന്റെ ഓഡിഷനുകളില്‍ പങ്കെടുത്തിരുന്നുവെന്നും പിന്നീട് നടന്നതെന്താണെന്നും താരം പറഞ്ഞു. പുതുവര്‍ഷത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഫേസ്ബുക്കിലൂടെ ശ്രീലക്ഷ്മി പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
'എന്റെ 2024 തുടങ്ങിയത് ബിഗ് ബോസ് ഒഡിഷന്‍, യൂട്യൂബുകളില്‍ അതിന്റെ ബഹളം ഒക്കെ കൊണ്ട് ആണ്. മാര്‍ച്ചില്‍ കോഴ്‌സ് പകുതിക്ക് വെച്ച് നിര്‍ത്തി ബിഗ് ബോസില്‍ പോകേണ്ടി വരുമോ എന്ന് ആവലാതിയോടെ ആണ് 2024 തുടങ്ങിയത്. പക്ഷേ ഭാഗ്യത്തിന് ബിഗ് ബോസില്‍ കയറാത്തതു കൊണ്ട് എം.എഡ് നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ പറ്റി.
ജനുവരിയില്‍ കെയുസിടിഇ നെടുമങ്ങാട് ടീച്ചര്‍ ട്രെയിനി ആയിട്ട് ബി.എഡ് പിള്ളേരെ പഠിപ്പിച്ചു. അത് വളരെ വലിയ ഒരു അനുഭവം ആയിരുന്നു. ഡിഗ്രിയും പി ജിയും കഴിഞ്ഞ് വന്നിരിക്കുന്ന പിള്ളേര്‍ക്ക് ക്ലാസ്സ് എടുക്കുക എന്നുള്ളത് ഒരു ചലഞ്ച് തന്നെ ആയിരുന്നു.

ഈ ഏപ്രിലില്‍ ആദ്യമായി ചെന്നൈ പോയി കുറച്ച് ദിവസം നിക്കാന്‍ സാധിച്ചു. പി കേ റോസി ഫിലിം ഫെസ്റ്റിവലില്‍ ഗസ്റ്റ് ആയി പോകാന്‍ സാധിച്ചു. എനിക്കീ സ്വപ്‌നസാക്ഷാത്കാര നിമിഷം ഒരുക്കിയതിന് രാംദാസ് കടവല്ലൂരിന് നന്ദി.
ജൂണില്‍ ഒരു അസുഖം വന്നത് മൂലം ഡയറ്റ് എടുക്കാന്‍ തീരുമാനിച്ചു. അത് കുറച്ചൊക്കെ സക്‌സസ് ആയി. ഇങ്ങനൊരു മോട്ടിവേഷന്‍ തന്നതിന് ഞാനെന്റെ കോച്ചിനോട് നന്ദി പറയുകയാണ്. കൂടെ ഉള്ള കൂട്ടുകാര്‍ക്ക് വേണ്ടി കുറച്ച് ഒക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. കൂട്ടുകാര്‍ ഒരാള്‍ക്ക് നല്ലൊരു ജോലി കിട്ടി. അതുകൊണ്ട് ഞങ്ങള്‍ക്ക് കൂടുതല്‍ ചായ കുടിക്കാന്‍ പറ്റി...
വേറെ ഒരാള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ പറ്റി. അത് കാരണം ഞങ്ങള്‍ക്ക് കുറെ സിനിമ കണക്ഷന്‍ കിട്ടുകയും കുറെ പുതിയ കൂട്ടുകാരെ കിട്ടുകയും ചെയ്തു. വേറെ ഒരാള്‍ക്ക് ഏറെ ആഗ്രഹിച്ച പോലെ നല്ലൊരു കോളജില്‍ ഡിഗ്രി അഡ്മിഷന്‍ ലഭിച്ചു. എനിക്ക് അധികം കടം വാങ്ങാതെ ട്യുഷന്‍ വരുമാനം കൊണ്ട് തന്നെ കൊറേ ഒക്കെ ജീവിച്ചു പോകാന്‍ പറ്റി. കൊറേ സിനിമ കാണാന്‍ പറ്റി. ഇതൊക്കെ ആണ് 2024 ലേ സന്തോഷങ്ങള്‍. 2025 എന്തെരാകുമോ എന്തോ...' എന്നും പറഞ്ഞാണ് ശ്രീലക്ഷ്്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











