പപ്പ എനിക്ക് അത്രയും വലുതാണെന്ന് അറിയാമോ? ജഗതിയ്ക്ക് ആശംസകള്‍ അറിയിച്ച് താരപുത്രി ശ്രീലക്ഷ്മി!
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. നടന്‍ ജഗതി ശ്രീകുമാറിന്റെ 69-ാം ജന്മദിനമാണിന്ന്. സമൂഹ മാധ്യമങ്ങള്‍ നിറയെ ജഗതിയുടെ സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ രസകരമായ വീഡിയോസ് നിറഞ്ഞിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം സിനിമാ താരങ്ങളും ആശംസയുമായി എത്തുന്നുണ്ട്.
കൂട്ടത്തില്‍ എല്ലാവരും അന്വേഷിച്ചത് ശ്രീലക്ഷ്മിയുടെ ആശംസകള്‍ എത്തിയോ എന്നാണ്. ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പ്രിയപ്പെട്ട പപ്പയ്ക്ക് ആശംകള്‍ അറിയിച്ച് കൊണ്ട് ജഗതിയുടെ മകളും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ എത്തിയിരിക്കുകയാണ്. രസകരമായ കാര്യം സാധരണയില്‍ നിന്നും വ്യത്യസ്തമായൊരു ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത് എന്നതാണ്.

പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എന്‍കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്തമകനായി 1951 ജനുവരി 5 നായിരുന്നു തിരുവനന്തപുരത്തെ ജഗതിയില്‍ ശ്രീകുമാര്‍ ജനിക്കുന്നത്. നാടകാചാര്യനായിരുന്ന അച്ഛന്റെ നാടകങ്ങളിലൂടെയായിരുന്നു ജഗതി കലാലോകത്തേക്ക് എത്തുന്നത്. ശേഷം 1973 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. കന്യാകുമാരി എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഏകദേശം 1500 ഓളം സിനിമകളില്‍ അഭിനയിച്ചിരുന്ന താരം മലയാളത്തിലെ പ്രമുഖ ഹാസ്യ നടനായിട്ടാണ് അറിയപ്പെട്ടത്.

ഹാസ്യ സാമ്രാട്ട് എന്ന് വിളിപ്പേര് സ്വന്തമാക്കി ജഗതി 2011 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 2012 ല്‍ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തില്‍ ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റു. എല്ലുകള്‍ക്കേറ്റ പൊട്ടലും തലക്കേറ്റ പരിക്കും ശരീരത്തെ തളര്‍ത്തി. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും ഇപ്പോള്‍ വീട്ടിലാണ്. പൂര്‍ണ ആരോഗ്യം കൈവരിച്ചിട്ടില്ലെങ്കിലും സിനിമയിലേക്ക് തിരികെ വന്ന് കൊണ്ടേ ഇരിക്കുകയാണ്.

ജഗതിയുടെ മൂന്നാമത്തെ ഭാര്യ കലയില്‍ ജനിച്ച മകളാണ് ശ്രീലക്ഷ്മി. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. മകളുടെ വിവാഹത്തില്‍ പങ്കുടെക്കാന്‍ താരം എത്തിയിരുന്നില്ല. എങ്കിലും പപ്പയുടെ അടുത്ത് പോവണമെന്നും അനുഗ്രഹം വാങ്ങണമെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. പപ്പയുടെ ആഗ്രഹം പോലെ മകള്‍ നല്ലൊരു വീട്ടിലേക്കാണ് കയറി ചെല്ലുന്നതെന്ന് പപ്പയുടെ ചെവിയില്‍ പറയണമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിരുന്നു. പിന്നാലെ താരപുത്രിയുടെ ഹൃദയം തുറന്നുള്ള ആശംസ എത്തിയതും വാര്‍ത്തകളില്‍ നിറയുകയാണ്.
ഈ ചിത്രവും അതിലെ എക്‌സ്പ്രഷനും എല്ലായിപ്പോഴും കിടിലനാണ്. എനിക്ക് പപ്പ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അങ്ങേക്ക് തന്നെ മനസിലാവുമെന്നാണ് കരുതുന്നത്. പപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നും ശ്രീലക്ഷ്മി കുറിക്കുന്നു. ജഗതിയുടെ ഹിറ്റായ ഒരു കഥാപാത്രത്തിന്റെ ചിത്രവും താരപുത്രി പങ്കുവെച്ചിരുന്നു. ശ്രീലക്ഷ്മിയുടെ പോസ്റ്റിന് താഴെയും നിരവധി ആളുകളാണ് ജന്മദിന ആശംസ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











