ഒരു സ്ത്രീക്ക് ആഗ്രഹം കാണില്ലേ, കഷ്ടപ്പെട്ട് അഭിനയിച്ച കാലത്ത് അവർ വാങ്ങിച്ചതാണ്; ഷീലയെക്കുറിച്ച് ശ്രീലത
സിനിമാ ലോകത്ത് ഇന്നും ബഹുമാന്യ സ്ഥാനമാണ് നടി ഷീലയ്ക്കുള്ളത്. മലയാളത്തിൽ നായികമാരുടെ സുവർകാലത്താണ് ഷീല കരിയറിൽ തിളങ്ങുന്നത്. പ്രശസ്തമായ നോവലുകൾ സിനിമയാക്കിയപ്പോൾ അതിലെ നായികയായി ഷീലയെത്തി. ഒരു ദിവസം തന്നെ ഒന്നിലേറെ സിനിമകളിൽ ഷീല അഭിനയിച്ചിരുന്നു കാലഘട്ടം. ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും പൂർണമായും മാറി നിന്ന ഷീല പിന്നീട് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി. അകലെ, മനസിനക്കരെ എന്നീ സിനിമകളിൽ അവിസ്മരണീയ പ്രകടനം ഷീല കാഴ്ച വെച്ചു.
അനുരാഗം എന്ന സിനിമയിലാണ് ഏറെക്കാലത്തിന് ശേഷം അടുത്തിടെ ഷീലയെ പ്രേക്ഷകർ കണ്ടത്. ചെന്നെെയിലാണ് ഷീല മകനും കുടുംബത്തിനുമൊപ്പം താമസിക്കുന്നത്. പൊതുവേദികളിൽ എത്തുമ്പോഴെല്ലാം നന്നായി ഒരുങ്ങാൻ ഷീല ശ്രദ്ധിക്കാറുണ്ട്. ആഭരണങ്ങളും പട്ടുസാരികളും ധരിച്ചേ ഷീലയെ ക്യാമറയ്ക്ക് മുന്നിൽ കാണാറുള്ളൂ. പ്രായമാകുന്നതിൽ ആശങ്കയില്ല, എന്നാൽ ഗ്രേസ്ഫുളായി പ്രായമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഷീല ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ഷീലയെക്കുറിച്ച് നടി ശ്രീലത നമ്പൂതിരി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷീല ആഭരണങ്ങളും നല്ല വസ്ത്രങ്ങളും ധരിക്കുന്നതിന് കാരണമുണ്ടെന്ന് ശ്രീലത അന്ന് ചൂണ്ടിക്കാട്ടി. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇവർ. പഴയ കാലത്ത് ഷീല ഷൂട്ടിംഗ് തിരക്കുകളിലായിരുന്നെന്ന് നടി അന്ന് പറഞ്ഞു.
ഷീലാമ്മയ്ക്ക് ഏതെങ്കിലും ദിവസം ഷൂട്ടിംഗ് ഇല്ലെങ്കിൽ സാധനങ്ങളൊക്കെ വാങ്ങിക്കും. ജ്വല്ലറിയും മറ്റുമൊക്കെ. പക്ഷെ അത് ഇട്ടോണ്ട് നടക്കാൻ സമയം ഇല്ല. ഷീലാമ്മ എന്തിനാണ് ഇത്രയധികം ഒരുങ്ങുന്നത്, ആ ഡ്രസ് ഇടുന്നു ഈ ഡ്രസ് ഇടുന്നു എന്നൊക്കെ എല്ലാവരും ചോദിക്കാറുണ്ട്. അവർ കാശ് കൊടുത്ത് വാങ്ങിച്ചതല്ലേ. അവർ കഷ്ടപ്പെട്ട് അന്നത്തെ കാലത്ത് അഭിനയിച്ചു. അവരുടെ ആഗ്രഹത്തിന് വാങ്ങിച്ച സാധനങ്ങളാണ് ഇപ്പോൾ ഇട്ടോണ്ട് നടക്കുന്നത്. അതിനൊരു സ്ത്രീക്ക് ആഗ്രഹം കാണില്ലേ. നമ്മളാരും അതിൽ അസൂയപ്പെടേണ്ടതില്ലെന്നും ശ്രീലത നമ്പൂതിരി വ്യക്തമാക്കി.

അന്തരിച്ച അനശ്വര നായകൻ പ്രേം നസീറിനെക്കുറിച്ചും ശ്രീലത നമ്പൂതിരി അന്ന് സംസാരിച്ചു. അദ്ദേഹത്തെയൊക്കെ പൂവിട്ട് പൂജിക്കണം. ഒരു പ്രൊഡ്യൂസർക്ക് ഒരു പടം നഷ്ടമായാൽ അദ്ദേഹത്തെ വിളിച്ച് നമുക്ക് അടുത്ത പടം ചെയ്യാം, കാശൊക്കെ പിന്നെ മതി എന്ന് പ്രേം നസീർ സർ പറയും. അങ്ങനെ പറയുന്ന ആരെങ്കിലും ഇപ്പോഴുണ്ടോ. ആ കാലത്ത് അദ്ദേഹമത് ചെയ്തു.
അതുകൊണ്ട് അദ്ദേഹം ഒരുപാട് സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന് ജീവിക്കാനുള്ളത് മാത്രം. ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. ആരെയാെക്കെ സഹായിച്ചെന്ന് പുറത്ത് പറഞ്ഞിട്ടില്ല. പ്രാരാബ്ദങ്ങളിൽ ജീവിച്ചിരുന്ന ഞാൻ കിളി കൂട് കൂട്ടുന്നത് പോലെ കാശായിട്ട് ചേർത്ത് വെച്ച് ഒരു വീടുണ്ടാക്കി. അതിന്റെ ഗൃഹ പ്രവേശനത്തിന് എല്ലാവരെയും വിളിച്ചു. ഒരു ദിവസം നസീർ സർ എന്റെയെന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ എന്ന് പറഞ്ഞു. ഇന്നത്തെ കാലത്ത് ആരാണ് അങ്ങനെ ചോദിക്കുകയെന്നും ശ്രീലത നമ്പൂതിരി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications