'എന്നെപ്പോലൊരു ഭ്രാന്തനെ വെച്ച് ഇങ്ങനൊരു നല്ല സിനിമ എടുക്കാൻ കൂട്ടുകാർക്ക് സാധിച്ചു, ഞാനും സ്റ്റക്കായിരുന്നു'
ശ്രീനാഥ് ഭാസി നല്ല നടനാണെന്ന കാര്യത്തിൽ സിനിമാപ്രേമികൾക്ക് ആർക്കും തന്നെ തർക്കമുണ്ടാവില്ല. പക്ഷെ കുറച്ച് നാളുകൾക്ക് മുമ്പ് വരെ വലിയൊരു പ്രതിസന്ധിയിലൂടെയാണ് ശ്രീനാഥ് ഭാസിയുടെ കരിയർ നീങ്ങിയിരുന്നത്. സിനിമാ അഭിനയത്തിൽ നിന്ന് പോലും വിലക്ക് നേരിടേണ്ടി വന്നിരുന്നു താരത്തിന്. മാത്രമല്ല നല്ല സിനിമകളോ കഥാപാത്രങ്ങളോ നടന് ലഭിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു.
എന്നാൽ മഞ്ഞുമ്മൽ ബോയ്സ് റിലീസിനുശേഷം കഥയാകെ മാറി. സൗത്ത് ഇന്ത്യയൊട്ടാതെ ഇപ്പോൾ ചർച്ചാ വിഷയം മഞ്ഞുമ്മൽ ബോയ്സും അതിലെ താരങ്ങളായ ശ്രീനാഥ് ഭാസിയും സൗബിനും ഗണപതിയും അടക്കമുള്ള താരങ്ങളുമാണ്. സർവൈവൽ ത്രില്ലർ എന്ന ജോണറിനോട് നൂറ് ശതമാനവും നീതി പുലർത്തി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്.

സാക്ഷാൽ കമൽ ഹാസൻ വരെ മഞ്ഞുമ്മൽ ബോയ്സിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ച് എത്തിയിരുന്നു. താൻ സിനിമയിൽ നിന്നും വിലക്ക് നേരിട്ടിരുന്ന സമയത്ത് കൂട്ടുകാർ എനിക്ക് വെച്ച് നീട്ടിയ സമ്മാനമായിരുന്നു സുഭാഷ് എന്ന കഥാപാത്രമെന്ന് മഞ്ഞുമ്മൽ ബോയ്സ് പ്രമോഷനിടയിൽ എല്ലാം പ്രസംഗിക്കവെ സൗബിൻ പറഞ്ഞിരുന്നു.
ഇപ്പോഴിതാ കരിയറിൽ ഏറ്റവും കൂടുതൽ വിഷമിച്ച സമയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീനാഥ് ഭാസി. എഫ്.ടി.ക്യൂ വിത്ത് രേഖാ മേനോൻ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുഭാഷ് എന്ന കഥാപാത്രം തന്നിലേക്ക് എത്തിയപ്പോള്‍ താൻ കടന്നുപൊയ്‌ക്കൊണ്ടിരുന്ന അവസ്ഥയെക്കുറിച്ച് ശ്രീനാഥ് ഭാസി സംസാരിച്ചത്.
മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിക്കുമ്പോള്‍ എന്തായിരുന്നു മനസില്‍ എന്ന ചോദ്യത്തിനാണ് താരം അപ്പോഴത്തെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. 'ഞാനും സുഭാഷിനെപ്പോലെ സ്റ്റക്കായി നില്‍ക്കുന്ന സമയത്താണ് സുഭാഷിന്റെ വേഷം എന്റെയടുത്തേക്ക് വരുന്നത്. ആ സമയത്ത് ഞാന്‍ മൊത്തത്തില്‍ സ്റ്റക്കായിരുന്നു.'
'കരിയറിലായാലും ജീവിതത്തിലായാലും. ഒരു സിനിമയില്‍ നിന്ന് എന്നെ മാറ്റിയ സമയമായിരുന്നു അത്. എന്നെ വെച്ച് അത്രയും വലിയ സിനിമ ചെയ്താല്‍ ഓടുമോ എന്ന പേടിയാവാം അല്ലെങ്കില്‍ ഞാന്‍ ആരോടും സംസാരിക്കാതെ മാറിയിരുന്നത് കൊണ്ടാവാം. എല്ലാവരും ഒന്നിച്ചിരുന്ന സംസാരിക്കുമ്പോള്‍ ഞാന്‍ മാറിയിരിക്കുകയായിരുന്നു. പിന്നീട് എനിക്ക് തോന്നി ഞാന്‍ മാത്രം എന്തിനാണ് മാറിയിരിക്കുന്നതെന്ന്.'

'ഫോണൊക്കെ വണ്ടിയില്‍ വെച്ച് എല്ലാവരോടും സംസാരിക്കാമെന്ന് വിചാരിച്ചപ്പോഴേക്ക് ഞാന്‍ ആ സെറ്റില്‍ നിന്ന് പുറത്തായി. അപ്പോഴാണ് എന്റെ കൂട്ടുകാര്‍ എനിക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് വെച്ച് നീട്ടുന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച സമയം എനിക്ക് ഒരു തെറാപ്പി കൂടിയായിരുന്നു. അന്ന് ഇന്റർവ്യൂവിൽ റിയാക്ട് ചെയ്തശേഷം ഞാൻ പോയി മാപ്പ് പറഞ്ഞു. ആ സമയത്ത് കരഞ്ഞപ്പോൾ ഞാൻ നന്നായി അഭിനയിക്കുന്നുവെന്നായിരുന്നു പലരും പറഞ്ഞത്.'
'അങ്ങനെയാണ് വ്യാഖ്യാനം വന്നത്. അതോടെ മനസിലാക്കി ഇനി സംസാരിക്കുകയല്ല പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കകയാണ് വേണ്ടതെന്ന്. സ്ട്രഗിൾസ് ഒരിക്കലും അവസാനിക്കില്ല. പക്ഷെ മഞ്ഞുമ്മൽ ബോയ്സ് വന്നതുകൊണ്ട് എനിക്ക് ആ സാഹചര്യം ഡീൽ ചെയ്യാൻ പറ്റി. മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷേട്ടനോട് അനുഭവം ചോദിക്കാൻ പറ്റില്ല.'
ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ നീ അത് ചോദിക്കല്ലേ ഭാസി എനിക്ക് രാത്രി ഉറങ്ങാൻ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് മഞ്ഞുമ്മൽ ബോയ്സിനൊപ്പം മഞ്ഞുമ്മൽ പെരുന്നാളിന് വരെ പോയിരുന്നു.'
'മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രമാകാൻ കഴിഞ്ഞത് അനുഗ്രഹമാണ്. സൗബിനിക്ക അല്ലാതെ ആരും ഞങ്ങളെ വെച്ച് ഇത്രയും പണം മുടക്കി ഇങ്ങനൊരു സിനിമ ചെയ്യില്ല. പിന്നെ എന്നെ പോലൊരു ഭ്രാന്തനെ വെച്ച് ഇങ്ങനൊരു നല്ല സിനിമ എടുക്കാൻ എന്റെ കൂട്ടുകാർക്ക് സാധിച്ചുവല്ലോയെന്ന്', പറഞ്ഞാണ് ശ്രീനാഥ് ഭാസി അവസാനിപ്പിച്ചത്.


Click it and Unblock the Notifications











