ആങ്കർക്ക് നാവ് പിഴ, സദസിലിരുന്ന് മമ്മൂട്ടി അലറി, പ്രസിഡന്റ് കെ.ആർ നാരായണൻ പോലും ഞെട്ടിപ്പോയി; ശ്രീനിവാസൻ
നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരുമാണ് മലയാള സിനിമയുടെ അഭിമാന താരങ്ങളായ ശ്രീനിവാസനും മമ്മൂട്ടിയും. പത്തേമാരിയാണ് അവസാനം ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ. കഥ പറയുമ്പോൾ അടക്കം ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിക്ക് ലഭിച്ചത് ഏറെയും നല്ല സിനിമകളും കഥാപാത്രങ്ങളുമാണ്. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന അഭിമുഖങ്ങൾ പോലും കണ്ടിരിക്കാൻ രസകരമാണ്.
ഇത്രയും വർഷങ്ങൾക്കിടയിൽ ഒരുപാട് സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളതുകൊണ്ട് തന്നെ മമ്മൂട്ടിയുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങൾ നിരവധി ശ്രീനിവാസന് അറിയാം. ഇപ്പോഴിതാ ഒരിക്കൽ മമ്മൂട്ടിക്കൊപ്പം നാഷണൽ അവാർഡ് സ്വീകരിക്കാൻ പോയപ്പോഴുള്ള അനുഭവം ശ്രീനിവാസൻ പങ്കുവെച്ചതാണ് വീണ്ടും വൈറലാകുന്നത്.

പുരസ്കാരങ്ങളുടെ എണ്ണം പറഞ്ഞപ്പോൾ ആങ്കർക്ക് തെറ്റിയെന്നും ഉടൻ തന്നെ മമ്മൂട്ടി അത് വേദിയിലിരുന്ന് തന്നെ തിരുത്തി എന്നും ശ്രീനിവാസൻ സിനിമ ദി ക്യുവിന് ഏറെ നാളുകൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം വാങ്ങാനായിരുന്നു അന്ന് എത്തിയത്. അന്ന് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയ്ക്കും പുരസ്കാരമുണ്ടായിരുന്നു.
ഒരു വർഷം ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് നാഷണൽ അവാർഡുണ്ടായിരുന്നു. മമ്മൂട്ടിക്കും അതേ വർഷം അഭിനയത്തിന് നാഷണൽ അവാർഡുണ്ടായിരുന്നു. മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് മാത്രമല്ല അജയ് ദേവ്ഗണിനും കൂടിയായിരുന്നു. ഇരുവരും ആ വർഷം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് എടുക്കുകയായിരുന്നു.
ഡൽഹിയിൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സദസിൽ ഇരിക്കുകയാണ് ഞാനും മമ്മൂട്ടിയും. ഞങ്ങൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തിട്ടില്ല അപ്പോൾ. ഊഴത്തിന് കാത്തിരിക്കുകയാണ്. ആങ്കർ വേദിയിൽ നിന്ന് മമ്മൂട്ടിയുടെ പ്രൊഫൈൽ വിശദീകരിക്കുന്നുണ്ട്. അന്ന് പ്രസിഡന്റ് കെ.ആർ നാരായണനായിരുന്നു. രണ്ടാം തവണയാണ് മമ്മൂട്ടിക്ക് പുരസ്കാരം കിട്ടുന്നതെന്ന് അതിനിടയിൽ ആങ്കർ പറഞ്ഞു. അത് കേട്ടതും മമ്മൂട്ടി സദസിൽ ഇരുന്ന് നോ എന്ന് പറഞ്ഞ് ഒറ്റ അലറൽ.
കെ. ആർ നാരായണൻ അടക്കം ഞെട്ടിപ്പോയി. ആ ഞെട്ടൽ മരിക്കുന്നത് വരെ അദ്ദേഹത്തിന് മാറിയിരുന്നില്ല. മമ്മൂട്ടി അങ്ങനെ അലറാൻ കാരണം മമ്മൂട്ടിക്ക് അത് മൂന്നാമത്തെ നാഷണൽ അവാർഡായിരുന്നു. കെ. ആർ നാരായണന് പിന്നീട് അസുഖം മാറിയിട്ടില്ല. ഹാർട്ട് അറ്റാക്കാ... അദ്ദേഹം പേടിച്ച് പോയി.

മമ്മൂട്ടിയെപ്പോലൊരാൾ നോ എന്ന് പറഞ്ഞ് അലറുകയായിരുന്നു. അദ്ദേഹം കരുതി വെടിവെപ്പോ എന്താ ആണെന്ന്. ആങ്കറെ കൊണ്ട് തിരുത്തി പറയിപ്പിക്കുകയും ചെയ്തു എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. തന്റെ അടുത്ത സുഹൃത്താണ് എന്നതുകൊണ്ട് തന്നെ ഇത്തരം കഥകൾ ശ്രീനിവാസൻ പങ്കുവെക്കുമ്പോൾ മമ്മൂട്ടിയും ആസ്വദിക്കാറുണ്ട്. പത്തേമാരിയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ശ്രീനിവാസൻ അഭിനയിച്ചത്.
വിവാഹ സമയത്ത് പോലും ശ്രീനിവാസനെ സഹായിച്ചത് മമ്മൂട്ടിയാണ്. താലി വാങ്ങാൻ പണമില്ലാതെ വിഷമിച്ചപ്പോൾ അക്കാലത്ത് രണ്ടായിരം രൂപ തന്ന് മമ്മൂട്ടി സഹായിച്ച കഥ പല പൊതുവേദികളിലും ശ്രീനിവാസൻ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമയിൽ സ്റ്റാർ വാല്യുവുള്ള നടനായി മാറും വരെ പലപ്പോഴും ചിലവിനും വണ്ടിക്കൂലിക്കും വരെ മമ്മൂട്ടി സഹായിച്ച കഥകൾ ശ്രീനിവാസൻ മുമ്പ് പറഞ്ഞിട്ടുണ്ട്.
ആരോഗ്യനില മോശമായതിനാൽ ഏറെനാൾ ചികിത്സയിലായിരുന്ന ശ്രീനിവാസൻ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. വളരെ വിരളമായി സിനിമാക്കാരുടെ പൊതുപരിപാടികളിൽ നടന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. മമ്മൂട്ടിയും കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ അലട്ടുന്നതിനാൽ നടൻ ചികിത്സയിലും വിശ്രമത്തിലുമാണ്.


Click it and Unblock the Notifications