പണം നഷ്ടപ്പെട്ടശേഷം മോഹൻലാൽ ഫിലോസഫറെപ്പോലെയായി, ഹിമാലയം വരെ നടന്ന് പോകാനും പ്ലാനിട്ടു; ശ്രീനിവാസൻ
ഒരു സമയത്ത് നിരന്തരം ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നവരാണ് മോഹൻലാലും ശ്രീനിവാസനും. മോഹൻലാലിന്റെ ഹിറ്റുകളിൽ ഏറെയും ശ്രീനിവാസൻ ഒപ്പം അഭിനയിച്ചിട്ടുള്ളതോ തിരക്കഥ എഴുതിയതോ ആയ സിനിമകളാണ്. നായകനായി ഹിറ്റുകൾ തുടരെ തുടരെ വന്നശേഷമാണ് നിർമ്മാണത്തിലേക്ക് മോഹൻലാൽ തിരിഞ്ഞത്. ഇപ്പോഴിതാ സിനിമ നിർമ്മിച്ച് പണം നഷ്ടപ്പെട്ട സമയത്ത് ലാലിനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രീനിവാസൻ.
പണം നഷ്ടപ്പെട്ടശേഷം മോഹൻലാൽ പിന്നീട് ഫിലോസഫറെപ്പോലെയാണ് സംസാരിച്ചിരുന്നതെന്ന് ശ്രീനിവാസൻ പറയുന്നു. സത്യൻ അന്തിക്കാടും ഞാനും മോഹൻലാലും ഒരുമിച്ച് ചെയ്ത സിനിമകൾ സാമ്പത്തികമായി വിജയിച്ചിട്ടുള്ള കാലഘട്ടത്തിൽ നിർമാതാവ് കെ ടി കുഞ്ഞുമോൻ ഇന്നസെന്റ് മുഖാന്തരം ഞങ്ങളോട് ഒരു കാര്യം പറഞ്ഞു.

ഒരു സിനിമ നിർമ്മിക്കാനുള്ള മുഴുവൻ പണവും ഞങ്ങൾക്കുള്ള പ്രതിഫലവും അദ്ദേഹം തരാമെന്നതായിരുന്നു അത്. മാത്രമല്ല ഇങ്ങനൊരു പ്രോജക്ട് ഏറ്റെടുത്ത് ചെയ്യുമെങ്കിൽ എനിക്കും സത്യനും പ്രോഫിറ്റിന്റെ ഒരു ഭാഗം ചില ലക്ഷങ്ങൾ കൂടി തരാമെന്നുമുള്ള ഓഫർ മുന്നോട്ട് വെച്ചു. പക്ഷെ ഞാനും സത്യനും അത് വേണ്ടെന്ന് തീരുമാനിച്ചു. കാരണം... ലാഭ നഷ്ടത്തിന്റെ ഒരു ബിസിനസ് ചെയ്യാൻ വേണ്ടി സിനിമയിൽ വന്നവരല്ല ഞങ്ങൾ.
അതുകൊണ്ട് തന്നെ ഇങ്ങനൊരു സിനിമ ചെയ്ത് കുറേ ലക്ഷങ്ങൾ ഉണ്ടാക്കിയാൽ പിന്നീട് നമ്മുടെ ശ്രദ്ധ മുഴുവൻ പണത്തിന്റെ പിന്നാലെയായാൽ എഴുതാനും ക്രിയേറ്റീവായി ചെയ്യാനുമുള്ളതിന്റെ ശ്രദ്ധ പണം പണം എന്നതിലേക്ക് വരുമോയെന്ന ഭയം കാരണം വേണ്ടെന്ന് വെച്ചു. അങ്ങനെപോയവരുടെ ചില ഉദാഹരണങ്ങളും ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു.
ജനങ്ങൾക്ക് ഇഷ്ടമാകുന്ന സിനിമകൾ ചെയ്യുന്നതിലായിരുന്നു ഞങ്ങളുടെ സന്തോഷം. ഒപ്പം കുറച്ച് സാമ്പത്തിക കാര്യങ്ങൾ കൂടി ആവശ്യമായിരിക്കും. അതിൽ കവിഞ്ഞൊരു ബിസിനസ് മനസ് ഞങ്ങൾക്ക് ഇല്ലായിരുന്നു. പക്ഷെ മോഹൻലാൽ പിൽക്കാലത്ത് സ്വന്തം നിലയിൽ നിർമ്മാതാവായി. പണത്തിനോടുള്ള മോഹം കൊണ്ടാണോയെന്ന് അറിയില്ല. നല്ല സിനിമകൾ നിർമ്മിക്കണമെന്ന ഉദ്ദേശം കൊണ്ടാകും.
പിന്നീട് വാനപ്രസ്ഥം പോലുള്ള സിനിമ അദ്ദേഹം നിർമ്മിക്കുകയും അതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അംഗീകാരം ലഭിക്കുകയും എല്ലാം ചെയ്തു. ഈ നേട്ടം മാറ്റി നിർത്തിയാൽ അദ്ദേഹത്തിന് സിനിമ നിർമ്മിച്ച് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടശേഷം ഒരു ഘട്ടത്തിൽ അദ്ദേഹം ഫിലോസഫറെപ്പോലെയായി. പണം നഷ്ടപ്പെട്ട് കഴിയുമ്പോൾ ഫിലോസഫി വരും.

ഒരു ദിവസം ഞാൻ മോഹൻലാലിന്റെ മുറിയിൽ ചെല്ലുമ്പോൾ അദ്ദേഹം വിഷാദമൂകനായി ഇരിക്കുകയാണ്. അങ്ങനെ ലാലിനെ കാണാറില്ല. സന്ധ്യ സമയമായിരുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ സന്ധ്യ എന്ന് പറയുമ്പോൾ എനിക്ക് ഒരു വേദനയാണ്. അസ്തമയ സൂര്യൻ കടലിൽ മുങ്ങാൻ പോകുന്നത് കാണുമ്പോൾ അതിന് അനുസരിച്ച് നമ്മുടെ മനസിൽ അസ്വസ്ഥതയും വേദനയും ഉണ്ടാകുമെന്നെല്ലാം ലാൽ പറഞ്ഞു. കുറച്ച് നാളായി ഇങ്ങനെയാണെന്നും പറഞ്ഞു.
അപ്പോൾ ഞാൻ ചോദിച്ചു. ഇതുപോലൊരു സന്ധ്യയ്ക്ക് ഒരാൾ ഒരു 50 ലക്ഷം രൂപ ഫ്രീയായി തന്നാൽ ഈ അസ്വസ്ഥത ഉണ്ടാകുമോയെന്ന് ചോദിച്ചു. അപ്പോൾ നല്ല സന്തോഷമുണ്ടാകുമെന്നായിരുന്നു ലാലിന്റെ മറുപടി. മനുഷ്യന്റെ മാനസീകാവസ്ഥ ആപേക്ഷികമാണ്. പിന്നീട് ഒരു ദിവസം പറഞ്ഞത് അദ്ദേഹം ഹിമാലയം വരെ യാത്ര പോവുകയാണ് ഒപ്പം വരുന്നോയെന്നാണ് ചോദിച്ചത്. സന്യാസമാണോയെന്ന് ഞാൻ ചോദിച്ചു. സാമ്പത്തികമായി പൊളിഞ്ഞ് മാനസീകമായി വിഷമിച്ച് നിൽക്കുമ്പോഴുള്ള പുള്ളിയുടെ ചിന്തകളാണ്.
പൈസയൊന്നും കയ്യിൽ കരുതാതെ നടന്ന് ഹിമാലയം വരെ പോകാനുള്ള പ്ലാനാണ് ലാൽ പറഞ്ഞത്. എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പറഞ്ഞു. നടക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഹിമാലയത്തിന് അടുത്തുള്ള എയർപോട്ടിൽ ചെന്ന് ഞാൻ ലാലിനെ വെയ്റ്റ് ചെയ്യാം ലാൽ നടന്ന് വന്നോളുവെന്ന് പറഞ്ഞു എന്നും ശ്രീനിവാസൻ പറയുന്നു.


Click it and Unblock the Notifications