അന്ന് ഞാന്‍ ചെയ്തത് മോഹന്‍ലാലിന് മാറ്റിവെച്ച നായക വേഷം: കാരണം ഇന്നസെന്റ്: ശ്രീനിവാസന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍, അഭിനേതാവായും, സംവിധായകനായും, തിരക്കഥാകൃത്തായുമൊക്കെ തിളങ്ങിയ നടന്‍ സിനിമയില്‍ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ നായകനായി എത്തിയ പൊന്‍മുട്ടിയിടുന്ന താറാവ് എന്ന സിനിമയെക്കുറിച്ച് ശ്രീനിവാസന്‍ പറയുന്ന വാക്കുകള്‍ ചര്‍ച്ചയാകുകയാണ്.
ചിത്രത്തില്‍ ശ്രീനിവാസന്റെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശ്രീനിവാസന്‍ ചെയ്ത സിനിമകളില്‍ മികച്ച അഭിനയം കാഴ്ച വെച്ച ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് പൊന്‍മുട്ടിയിടുന്ന താറാവ്. എന്നാല്‍ ഈ വേഷം തന്നിലേക്ക് എത്തിയതിനെക്കുറിച്ചാണ് നടന്‍ പറയുന്നത്. മുന്‍പ് കൈരളി ടിവിയില്‍ പരിപാടിയില്‍ ശ്രീനിവാസന്‍ സംസാരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പുതിയ കാലഘട്ടത്തില്‍ വന്ന് മലയാള ചെറുകഥാ സാഹിത്യത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയ രഘുനാഥ് പലേരി രചന നിര്‍വഹിച്ച സിനിമയാണ് പൊന്‍മുട്ടയിടുന്ന താറാവ്. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം ആ തിരക്കഥ എഴുതിയപ്പോള്‍, അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ആഗ്രഹം.
ഒരു ദിവസം മദ്രാസിലെ വുഡ്‌ലാന്‍ഡ് ഹോട്ടലില്‍ വെച്ച് എന്നെ കണ്ടപ്പോള്‍ രഘു, ഒരു കഥ പറയാം സമയുണ്ടോ എന്ന് ചോദിച്ചു. ഉണ്ടല്ലോ. പിന്നെന്താ എന്ന് ഞാനും മറുപടി പറഞ്ഞു. പുള്ളി അത് ഏകദേശം മുഴുവനായും എഴുതി വെച്ചിരിക്കുകയായിരുന്നു. ഒരു മുറിയില്‍ വെച്ച് ആ കഥ പറഞ്ഞു. പൊന്‍മുട്ടയിടുന്ന താറാവിന്റെ കഥ.
വളരെ രസകരമായി എഴുതിയിരുന്ന ആ കഥ വളരെ രസകരമായി തന്നെ അദ്ദേഹം പറഞ്ഞു. അന്ന് അതിന് നായകമായി അഭിനയിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നത് മോഹന്‍ലാലിനെയാണ്. ഞാന്‍ അതില്‍ ദുബായില്‍ നിന്ന് തിരിച്ചു വരുന്ന കഥാപാത്രമുണ്ട്. ആ കഥാപാത്രം പില്‍ക്കാലത്ത് ജയറാമാണ് ചെയ്തത്. ആ കഥാപാത്രമായിരുന്നു തനിക്ക് നല്‍കിയിരുന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു.
'ദുബായില്‍ നിന്ന് വരുന്ന കഥാപാത്രത്തെ ശ്രീനിക്ക് ചെയ്തുകൂടെ എന്നാണ് രഘു എന്നോട് ചോദിച്ചത്. തീര്‍ച്ചയായും നല്ലതാണ്. മാത്രമല്ല, ഇതുപോലെ ഒരു രസമുള്ള കഥയിലെ ഏത് കഥാപാത്രമാവാനും എനിക്ക് സന്തോഷമേയുള്ളു എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷെ എന്തുകൊണ്ടോ രഘുവിന് ആ സിനിമ സംവിധാനം ചെയ്യാന്‍ സാധിച്ചില്ല,' ശ്രീനിവാസന്‍ പറയുന്നു.
പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് സത്യന്‍ അന്തിക്കാട് ഈ കഥ കേള്‍ക്കുന്നതും ഇത് സിനിമയാക്കാന്‍ ആഗ്രഹിക്കുന്നതുമെല്ലാം. രഘു പറഞ്ഞതു പോലെ മോഹന്‍ലാലിനെ തന്നെയാണ് സത്യന്‍ അന്തിക്കാടും നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നത്.
ആ തീരുമാനത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്നസെന്റ് ഈ കഥ കേള്‍ക്കുന്നത്. അപ്പോള്‍ ഇന്നസെന്റ് പറഞ്ഞു, ഈ കഥയില്‍, മോഹന്‍ലാലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അതൊരു ഹെവി വെയിറ്റ് ആകാന്‍ സാധ്യതയുണ്ട്. കാരണം ആ സമയങ്ങളില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അത് ഹെവി ആയി പോകും.

'ഈ ആളുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് സിനിമയ്ക്ക് ദോഷം ചെയ്‌തേക്കും എന്നും ഇന്നസെന്റ് പറഞ്ഞു. ഇതിന് ശരിക്കും ശ്രീനിവാസനാണ് നന്നാവുക എന്നാണ് എനിക്ക് കൂടുതല്‍ തോന്നുന്നത് എന്നാണ് ഇന്നസെന്റ് അന്ന് പറഞ്ഞത്. അതോടെ രഘുനാഥും സത്യന്‍ അന്തിക്കാടുമൊക്കെ മാറ്റി ചിന്തിച്ചു തുടങ്ങി,'ശ്രീനിവാസന്‍ പറയുന്നു.
അങ്ങനെയാണ് തട്ടാന്‍ ഭാസ്‌കരനായി ഞാന്‍ അതിലെ നായകനാകുന്നത്. ഞാന്‍ അഭിനയിച്ചു എന്നുള്ളതല്ല, രഘുവിന് മാത്രം ചെയ്യാന്‍ കഴിയുന്ന തമാശകളും എഴുത്ത് രീതിയും അതിലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











