ഹ്യൂമറിന് വേണ്ടി ചെയ്തത്! അത് പാടില്ലായിരുന്നു! ഉദയനാണ് താരത്തെക്കുറിച്ച് ശ്രീനിവാസന്‍ അന്ന് പറഞ്ഞത്
ശ്രീനിവാസനുമായി ആത്മാര്‍ത്ഥ സൗഹൃദത്തെക്കുറിച്ചും, അദ്ദേഹവുമായി നടത്തിയ സിനിമാ ചര്‍ച്ചകളെക്കുറിച്ചുമൊക്കെ പ്രേംലാല്‍ എഴുതിയിരുന്നു. തന്റെ സിനിമകളിലെ കഥാപാത്രത്തെക്കുറിച്ചും, അത് പിറന്ന സാഹചര്യത്തെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്ന് സംസാരിക്കാറുണ്ട്. ഉദയനാണ് താരം സിനിമയുടെ ഇന്‍ട്രോ സീനിനെക്കുറിച്ച് ശ്രീനിവാസനുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ചും പ്രേംലാല്‍ എഴുതിയിരുന്നു.
കളിയാക്കാൻ മാത്രമല്ല സ്വയം കളിയാക്കപ്പെടാനും വിമർശിക്കപ്പെടാനുമുള്ള
മനസ്സും ശ്രീനിയേട്ടനിൽ അത്ഭുതപ്പെടുത്തുംവിധം ഉണർന്നുനിന്നിരുന്നു.
അച്ഛൻ്റെ സിനിമകളെക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യം ചെറുപ്രായത്തിൽ തന്നെ ഉണ്ടായിരുന്നതിനെക്കുറിച്ച് വിനീത് അഭിമുഖങ്ങളിൽ പറയുന്നത് കേട്ടിട്ടുണ്ട്. എൻ്റെ കാര്യത്തിലും
ശ്രീനിയേട്ടനുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയിൽ അത് അനുഭവിച്ചറിഞ്ഞു.

'ആത്മകഥ'യുടെ കഥ പറയാൻ പോയ ദിവസം ഒന്നു തുടങ്ങിക്കിട്ടാനുള്ള എൻ്റെ പ്രയാസം മനസ്സിലാക്കി ശ്രീനിയേട്ടൻ തൻ്റെ സിനിമകളെ കുറിച്ച് സംസാരിച്ചുതുടങ്ങി. 'ഉദയനാണ് താരം ' വിഷയമായപ്പോൾ അതിലെ ഒരു രംഗത്തെ കുറിച്ച് എനിക്ക് ഒരു എതിരഭിപ്രായം ഉണ്ടെന്ന് ഞാൻ പറഞ്ഞു. കൗതുകത്തോടെ ശ്രീനിയേട്ടൻ അതെന്താണെന്ന് തിരക്കി. " മോഹൻലാൽ അവതരിപ്പിച്ച ഉദയഭാനുവിനെ പ്രേക്ഷകന് പരിചയപ്പെടുത്തുന്ന ആദ്യരംഗത്തിൽ അയാൾ "ഓം സത്യജിത് റായേ നമഃ , സ്പിൽബർഗായേ നമഃ, കുറോസവയേ നമഃ, പ്രിയദർശനായേ നമഃ " എന്നൊക്കെ പറഞ്ഞ് പൂജ ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ പിന്നീട് നാം സിനിമയിൽ കാണുന്നത് ഏറ്റവും ആത്മാർത്ഥമായും സത്യസന്ധമായും സിനിമ എന്ന ലക്ഷ്യത്തെ മുൻനിർത്തി സഞ്ചരിക്കുന്ന ഇൻ്റഗ്രിറ്റിയുള്ള ഒരു സഹസംവിധായകനെയാണ്. ആ ഇൻ്റഗ്രിറ്റിക്ക് നിരക്കുന്നതല്ല ചിത്രത്തിലെ ആദ്യരംഗം"എന്ന് ഞാൻ പറഞ്ഞു.
വെള്ളാനകളുടെ നാട്ടിലെ "കൃഷ്ണാ ... പ്രസാദം ചൊരിയൂ കൃഷ്ണാ. ഒരു പാലം, ഒരു ഷോപ്പിംഗ് കോംപ്ലക്സ് അല്ലെങ്കിൽ ഒരു മുനിസിപ്പൽ ബസ് സ്റ്റാൻ്റ്" എന്നിങ്ങനെ ഒരു വലിയ പണി ചോദിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന പവിത്രൻ്റെ (മോഹൻലാൽ) ആദ്യരംഗം ഓക്കെയാണ്. കാരണം അയാൾ ജീവിക്കാൻ വേണ്ടി എന്ത് തരികിടപ്പണിയും ചെയ്യാൻ തയ്യാറായ ആളാണ്. പക്ഷേ ഉദയഭാനു അങ്ങനെയല്ല, നിലപാടുള്ള മനുഷ്യനാണ്" എന്ന് പറഞ്ഞുനിർത്തിയപ്പോൾ സന്ദേഹം തെല്ലുമില്ലാതെ ശ്രീനിയേട്ടൻ പറഞ്ഞു."പ്രേംലാൽ പറഞ്ഞത് വളരെ കറക്ടാണ്. ഹ്യൂമറിനു വേണ്ടി ചെയ്തത്, പക്ഷേ ചെയ്യാൻ പാടില്ലാത്തതായിരുന്നു."തൻ്റെ ചലച്ചിത്രപ്രമേയങ്ങളെയും കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ അതിൻ്റെ അടിസ്ഥാനമായി പ്രവർത്തിച്ച സാമൂഹ്യവീക്ഷണത്തെ ശ്രീനിയേട്ടൻ അളന്നെടുത്തത് തൻ്റെ കുടുംബത്തെ മുൻനിർത്തിയായിരുന്നു
എന്നതാണ് യാഥാർത്ഥ്യം.
ഭാര്യാഭർതൃബന്ധത്തിൽ മലയാളിയുടെ ഒരു പൊതുവായ ആണഹങ്കാരബോധമോ അടുത്ത തലമുറയോടുള്ള ഇടപെടലിൽ പിതൃകല്പനാബിംബമോ തൻ്റെ വ്യക്തിത്വത്തിൽ മുളപൊട്ടാൻ ശ്രീനിയേട്ടൻ ഒരിക്കലും അനുവദിച്ചില്ല. ജനാധിപത്യപരമായ ഒരു സ്വാതന്ത്ര്യസങ്കൽപം അദ്ദേഹം എന്നും തൻ്റെ കുടുംബത്തിൽ നിലനിർത്തിയിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഏറെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്ത, സ്നേഹത്തിൻ്റെയും പരസ്പരവിശ്വാസത്തിൻ്റെയും കൃത്യവും എന്നാൽ വളരെ സർഗാത്മകവുമായ ഒരു കൊടുക്കൽവാങ്ങൽ പ്രക്രിയയിലൂടെയാണ് ശ്രീനിയേട്ടനും വിമലചേച്ചിയും അവരുടെ ദാമ്പത്യത്തെ സാർത്ഥകമാക്കിയത്. ശ്രീനിയേട്ടൻ്റെ മോശം സിനിമകൾ പോലും വിമലച്ചേച്ചിക്ക് മഹത്തരമായിരുന്നു ! എന്നാൽ അത് തന്നോടുള്ള സ്നേഹത്തെ മുൻനിർത്തിയാണെന്ന തിരിച്ചറിവോടെ തന്നെ, ശ്രീനിയേട്ടൻ ആ അഭിപ്രായങ്ങൾക്ക് ചെറുചിരിയോടെ മൂളിക്കൊണ്ടേയിരിക്കുകയും ചെയ്യും.
തൻറെ പല ജീവിതവീക്ഷണങ്ങൾക്കും അപ്പുറത്തു നിൽക്കുന്ന വിശ്വാസസങ്കൽപങ്ങളിലൂടെ വിമലച്ചേച്ചി കടന്നുപോകുമ്പോൾ അവരോടുള്ള സ്നേഹം കൊണ്ട് മാത്രം ശ്രീനിയേട്ടൻ പലപ്പോഴും പലതിനും മൗനാനുവാദം നൽകിയിരുന്നു. "വിമലയുടെ ഇഷ്ടമല്ലേ" എന്ന ചോദ്യം കൊണ്ട് ശ്രീനിയേട്ടൻ സ്വയം ന്യായീകരിച്ചു. ഞാനടക്കമുള്ളവരോട് അതേ ന്യായം പലപ്പോഴും പങ്കുവെച്ചു. മകനെ എഞ്ചിനീയറാക്കാൻ ഉഴറി നടക്കുന്ന പിതാവായി ശ്രീനിയേട്ടനും മകനായി വിനീതും അഭിനയിച്ച 'മകൻ്റെ അച്ഛൻ' എന്ന സിനിമയെ മുൻനിർത്തി ഞങ്ങൾ സംസാരിക്കുകയുണ്ടായിട്ടുണ്ട്. സിനിമയിലേതിന് നേർവിപരീതമായി, മക്കൾ തൻ്റെ ആഗ്രഹങ്ങൾക്കൊത്തല്ല വളരേണ്ടതെന്നും അവർ അവരുടെ അനുഭവങ്ങൾ കൊണ്ടും ആർജ്ജിക്കുന്ന അറിവുകൊണ്ടും സ്വയം തങ്ങളുടെ വഴി കണ്ടെത്തുകയാണ് വേണ്ടതെന്നും ബോദ്ധ്യമുണ്ടായിരുന്ന പിതാവായിരുന്നു ശ്രീനിയേട്ടൻ.


Click it and Unblock the Notifications











