എവിടെയാണെങ്കിലും ഡ്രൈവറെ വേണമെങ്കില്‍ എന്നെ വിളിക്കണേ ശ്രീനിയേട്ടാ ! നെഞ്ചുപൊട്ടി ഷിനോജിന്റെ വാക്കുകള്‍
ഒപ്പമുള്ളവരെയെല്ലാം ചേര്‍ത്തുനിര്‍ത്തിയിരുന്നു ശ്രീനിവാസന്‍. വീട്ടിലെ സഹായികളും, ഡ്രൈവറിനുമെല്ലാം അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. 17 വര്‍ഷത്തോളമായി ഷിനോജായിരുന്നു ശ്രീനിവാസന്റെ ഡ്രൈവര്‍. ഒരു കുടുംബം പോലെ കഴിഞ്ഞവരാണ് ഞങ്ങള്‍. കഴിഞ്ഞ വിഷുവിനായിരുന്നു ഷിനോജിനായി ശ്രീനിവാസന്‍ വീടൊരുക്കിയത്. ചോറ്റാനിക്കരയിലെ ആ വീട് തനിക്ക് ലഭിച്ച അമൂല്യ സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വീടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോഴൊന്നും ഷിനോജ് സമ്മതിച്ചിരുന്നില്ല. എന്നാല്‍ വിനീതാണ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചത്. ഇപ്പോഴിതാ ശ്രീനിവാസനെക്കുറിച്ച് ഇമോഷണല്‍ പോസ്റ്റുമായെത്തിയിരിക്കുകയാണ് ഷിനോജ്.
ഇപ്പോള്‍ എവിടെയാണെന്നറിയില്ല. എവിടെയാണെങ്കിലും ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കണമെന്നായിരുന്നു ഷിനോജിന്റെ കുറിപ്പ്.പ്രിയപ്പെട്ട ശ്രീനി സർ. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാലമത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി, ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല.

ആവിശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്. എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല. ചേച്ചിക്ക് സാറായിരുന്നു ലോകം. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി.നിരവധി പേരായിരുന്നു ഷിനോജിന്റെ കുറിപ്പ് ഷെയര്‍ ചെയ്തത്.


Click it and Unblock the Notifications