ശ്രീനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അവസാന യാത്രയിലും! അച്ഛനെ ചിതയിലേക്ക് എടുത്തപ്പോള്‍ വിനീതും ധ്യാനും പറഞ്ഞത്!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവും, എഴുത്തുകാരനുമായ ശ്രീനിവാസന്‍ അരങ്ങൊഴിഞ്ഞിരിക്കുകയാണ്. ഡയാലിസിസിനായി പോവുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ചെന്നൈയിലേക്ക് പോവാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴായിരുന്നു വിനീത് അച്ഛന്‍ വിടവാങ്ങിയ വിവരം അറിഞ്ഞത്. ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു അദ്ദേഹം. തിരക്കുകള്‍ക്കിടയില്‍ നിന്നും അച്ഛനെ അവസാനമായി കാണാനും ധ്യാനും എത്തിയിരുന്നു. അമ്മയുടെ അരികിലായി, നെഞ്ചുപൊട്ടി ഇരിക്കുന്ന വിനീതിനെയും, ധ്യാനിനെയുമാണ് കഴിഞ്ഞ ദിവസം മുതല്‍ കണ്ടത്. വയ്യായ്മകളൊക്കെയുണ്ടായിരുന്നുവെങ്കിലും ശ്രീനി ഇത്ര പെട്ടെന്ന് പോവുമെന്ന് പ്രിയപ്പെട്ടവരാരും കരുതിയിരുന്നില്ല.
ഐസിയുവില്‍ ആയിരുന്നപ്പോള്‍ പോലും പുതിയ തിരക്കഥയെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു അദ്ദേഹം. ആഴ്ചകള്‍ക്ക് മുന്‍പ് പുതിയ സിനിമയുടെ പൂജയിലും പങ്കെടുത്തിരുന്നു. അച്ഛനൊപ്പമായി ഇനിയും സിനിമകള്‍ ചെയ്യുമെന്ന് വിനീതും ധ്യാനും പറഞ്ഞിരുന്നു. ശ്രീനിവാസനെപ്പോലെ തന്നെ അഭിമുഖങ്ങളിലെല്ലാം വാതോരാതെ സംസാരിക്കുന്ന ആളാണ് ധ്യാന്‍. ഈ കഥകളൊക്കെ ഉള്ളതാണോയെന്നാണ് ഞാന്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ചോദ്യമെന്ന് വിനീതും പറഞ്ഞിരുന്നു. ചെറിയൊരു സംഭവം മതി അവന് കഥയുണ്ടാക്കാന്‍. ഇതൊക്കെ എപ്പോള്‍ എന്ന് അച്ഛനും അമ്മയും അവനോട് ചോദിക്കുന്നത് കേട്ടിട്ടുണ്ടെന്നും വിനീത് പറഞ്ഞിരുന്നു. എപ്പോഴും ചിരിപ്പിച്ച്, തമാശ പറയുന്ന ധ്യാനിനെ ഇതാദ്യമായാണ് പൊട്ടിക്കരഞ്ഞ്, തികച്ചും ഇമോഷണലായി കാണുന്നത്. അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ആ നെഞ്ച് വിങ്ങുകയാണെന്ന് കാണുന്നവരെല്ലാം പറഞ്ഞിരുന്നു.

അഭിനയം മാത്രമല്ല എഴുത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന സിനിമകളും, ഡയലോഗുകളുമെല്ലാം മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞതാണ്. അന്ത്യകര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ചിതയിലേക്കെടുത്തപ്പോഴാണ് ഒരു പേനയും പേപ്പറും സത്യന്‍ അന്തിക്കാട് സുഹൃത്തിനായി സമര്‍പ്പിച്ചത്. എന്നും എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ എന്നായിരുന്നു പേപ്പറില്‍ എഴുതിയിരുന്നത്. മറ്റൊരു ലോകത്തിരുന്ന് ഇനിയും നന്മയുള്ള കഥകള്‍ എഴുതട്ടെ അദ്ദേഹം. ശ്രീനിക്ക് അവസാന യാത്ര നല്‍കുമ്പോള്‍ സത്യന്‍ അന്തിക്കാടും പൊട്ടിക്കരയുകയായിരുന്നു. അച്ഛന് അന്ത്യചുംബനം നല്‍കിയ ധ്യാന്‍ സത്യന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുന്ന ദൃശ്യവും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
അസുഖം വന്ന കാലം മുതല്‍ മിക്കപ്പോഴും സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ സന്ദര്‍ശിക്കാറുണ്ട്. രണ്ടാഴ്ച മുന്നെയാണ് അവസാനം കണ്ടത്്. സിനിമയെക്കുറിച്ചും, ഒന്നിച്ചുണ്ടായിരുന്ന കാലത്തെ കഥകളുമൊക്കെ പറഞ്ഞ് വൈകുന്നേരമാണ് മടങ്ങിയത്. ഇടയ്ക്ക് ശ്രീനി ബാത്ത്‌റൂമില്‍ വീണതായി പറഞ്ഞിരുന്നു. കാലിന് എന്തോ സര്‍ജറി ചെയ്തുവെന്നും, ഇനി വാക്കറില്‍ നടക്കാനാവുമെന്നാണ് പ്രതീക്ഷ എന്നും പറഞ്ഞിരുന്നു. വാക്കറിലൂടെയാണെങ്കിലും നടന്ന് തുടങ്ങിയാല്‍ നല്ലതാണ്, പിന്നെ അതില്ലാതെ നടക്കാലോ എന്ന് പറഞ്ഞിരുന്നു.
പൊതുവെ അങ്ങനെ മടുപ്പോ, വേദനയോ ഒന്നും പറയാത്ത ആളാണ് എന്നാലും, അവസാനം കണ്ടപ്പോള്‍ എടോ, എനിക്ക് മടുത്തെടോ എന്ന് പറഞ്ഞിരുന്നു എന്നോട് എന്നും സത്യന്‍ അന്തിക്കാട് ഓര്‍മ്മിച്ചിരുന്നു. വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്. സംസാരം മുഴുമിപ്പിക്കാനാവാതെ ഇടയ്ക്ക് വെച്ച് നിര്‍ത്തുകയായിരുന്നു. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം അതീവ സങ്കടത്തോടെയാണ് ശ്രീനിവാസനെ യാത്രയാക്കിയത്. ചടങ്ങുകളിലെല്ലാം കരച്ചില്‍ അടക്കാന്‍ പാടുപെടുകയായിരുന്നു എല്ലാവരും. കാണുന്നവരെപ്പോലും കരയിപ്പിക്കുന്ന രംഗങ്ങളായിരുന്നു.അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസും പാടുപെടുകയായിരുന്നു.


Click it and Unblock the Notifications











