'ആ പെൺകുട്ടിയുടെ ജീവിതത്തിലെ മനോഹരമായ ദിവസം നശിപ്പിച്ചു': ശ്രീവിദ്യയുടെ വിവാഹം കുളമാക്കിയത് സീക്രട്ട് ഏജന്റോ?
വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമാണ് അഭിനേത്രിയും സ്റ്റാർ മാജിക്ക് ഷോ താരവുമായ ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായത്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയ്ക്ക് താലി ചാർത്തിയത്. കേരളത്തിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും തമ്മിലുള്ള ഒരു കൂട്ടികെട്ടൽ കൂടിയാണ് ശ്രീവിദ്യയുടെ വിവാഹത്തിലൂടെ നടന്നത്. കാരണം ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയും രാഹുൽ തിരുവനന്തപുരംകാരനുമാണ്. ഹൽദി, മെഹന്തി, സംഗീത്, റിസപ്ഷൻ എല്ലാമായി ഒരാഴ്ചയോളം നീണ്ട് നിന്ന ആഘോഷമായിരുന്നു ശ്രീവിദ്യയുടെ വിവാഹം.
ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും അതാത് സമയങ്ങളിൽ തന്നെ ശ്രീവിദ്യയും രാഹുലും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. ഓൺലൈൻ ചാനലുകൾ വർധിച്ചതോടെയാണ് സെലിബ്രിറ്റി വെഡ്ഡിങ് ഇത്രത്തോളം സോഷ്യൽമീഡിയയിൽ ആഘോഷിക്കപ്പെട്ട് തുടങ്ങിയത്. എന്നാൽ പലപ്പോഴും ഇത് സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കാറുമുണ്ട്.

അത്തരത്തിൽ ഒരു അനുഭവം ശ്രീവിദ്യയ്ക്കും നേരിടേണ്ടി വന്നു. നടിയുടെ വിവാഹ ചടങ്ങ് പകർത്താൻ എത്തിയ ഓൺലൈൻ ചാനൽ പ്രതിനിധികളെ ബൗൺസേഴ്സ് ഹാളിലേക്ക് കയറ്റി വിട്ടില്ല. അത് പിന്നീട് വാക്ക് തർക്കത്തിലേക്കും ഉന്തും തള്ളിലേക്കും വഴിമാറി. ഇതിന്റെ ദൃശ്യങ്ങൾ വൈറലായപ്പോൾ യുട്യൂബറും ബിഗ് ബോസ് ഫെയിമുമായ സായ് കൃഷ്ണ പ്രതികരിച്ച് എത്തിയിരുന്നു. ഓൺലൈൻ മീഡിയക്കാരെ ശ്രീവിദ്യ വിളിച്ച് വരുത്തിയതാണെന്ന തരത്തിലാണ് പ്രതികരണ വീഡിയോയിൽ സായ് സംസാരിച്ചത്.
എന്നാൽ സത്യാവസ്ഥ അതല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം നടിയും ഭർത്താവുമെത്തി. റിസപ്ഷൻ ചടങ്ങിനിടെയാണ് തങ്ങളുടെ ഭാഗം ശ്രീവിദ്യയും ഭർത്താവും വിശദീകരിച്ചത്. തങ്ങൾ ആരെയും വിളിച്ച് വരുത്തി അപമാനിച്ചിട്ടില്ലെന്നും കല്യാണം പ്രമോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരുവരും ആവർത്തിച്ച് പറഞ്ഞു. നിറഞ്ഞ കണ്ണുകളുമായാണ് ശ്രീവിദ്യ വിവാദത്തിൽ പ്രതികരിച്ചത്.
ആധികാരികമായി സംസാരിക്കാൻ അറിയാവുന്ന ആളല്ല ഞാൻ. യുട്യൂബറുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമമായി. ഹൃദയം തുറന്നാണ് ഇപ്പോൾ നിങ്ങളോട് ഞാൻ സംസാരിക്കുന്നത്. കല്യാണം കഴിഞ്ഞ് തിരികെ വരുമ്പോൾ കണ്ണ് നിറഞ്ഞാണ് ഞാൻ വന്നത്. വിവാഹം കഴിഞ്ഞ് വന്നപ്പോൾ എന്തൊക്കയോ സംഭവിച്ചു. നിങ്ങൾ എന്നോട് എന്തൊക്കയോ ചോദിച്ചു... നിങ്ങൾ എല്ലാവരും എന്നെ വിഷ് ചെയ്യുന്ന സന്തോഷത്തിന്റെ ഒരു മൊമന്റായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ എവിടെയോ നമ്മുടെ കയ്യിൽ നിന്ന് ഒന്ന് പാളിപ്പോയി.
റിസപ്ഷന് റെഡിയായിക്കൊണ്ടിരുന്നപ്പോഴാണ് യുട്യൂബർ ചെയ്ത ഒരു വീഡിയോ ഞാൻ കണ്ടത്. അത് കണ്ടപ്പോൾ കൂടുതൽ വിഷയമമായി. കാരണം ക്യാമറ താഴ്ത്തി വെക്കൂ... നിങ്ങളോട് പേഴ്സണലായി സംസാരിക്കണമെന്ന് പറഞ്ഞ് വിവാഹ വേദിയിലുണ്ടായ വിഷയങ്ങളിൽ നിങ്ങളോട് സംസാരിച്ച ഒരാളാണ് ഞാൻ. പിന്നെ കല്യാണ മണ്ഡപത്തിന് പുറത്ത് നടന്ന വിഷയം എനിക്ക് അറിയില്ലായിരുന്നുവെന്നത് നിങ്ങൾക്കും അറിയാമല്ലോ.

കല്യാണം കവർ ചെയ്യരുത്. വിവാഹത്തിന് നിങ്ങൾ ക്യാമറയില്ലാതെ വന്ന് എല്ലാം കണ്ട് ഭക്ഷണം കഴിക്കണമെന്ന് എല്ലാവരോടും നേരത്തെ തന്നെ ഞാൻ പറഞ്ഞിരുന്നു. മീഡിയക്കാർ ഭക്ഷണം കഴിക്കാതെ പോകുന്ന അവസ്ഥയുണ്ടാകരുതെന്ന് ഞാൻ ബന്ധപ്പെട്ടവരോട് പറഞ്ഞ് ഏൽപ്പിച്ചിരുന്നു. കല്യാണത്തിന് വരണമെന്ന് പറഞ്ഞ് നിങ്ങളെ ആരെയെങ്കിലും ഞാൻ വിളിച്ച് വരുത്തിയിട്ടുണ്ടോ?.
ഞങ്ങളെ ഒന്ന് പ്രമോട്ട് ചെയ്ത് തരണം, പിആർ വർക്ക് ചെയ്യണം, കല്യാണത്തിന് ഹൈപ്പുണ്ടാക്കി തരണമെന്നോ പറഞ്ഞിട്ടുണ്ടോ?. നിങ്ങളെ ഞങ്ങൾ ടിഷ്യു പേപ്പർ പോലെ ഉപയോഗിച്ചതായി തോന്നിയോ?. ഞങ്ങൾ ഗുണ്ടായിസം കാണിച്ചതായി തോന്നിയോ..? മീഡിയയുടെ ലിസ്റ്റ് എടുത്തത് ഫുഡിനുള്ള പാസ് അടിക്കാൻ വേണ്ടിയാണ്. അല്ലാതെ മറ്റൊന്നിനുമല്ല. ബൗൺസേഴ്സിനെ ഇവന്റ് ടീമാണ് ഏർപ്പാടാക്കിയതെന്നുമാണ് വിവാദത്തിൽ പ്രതികരിച്ച് ശ്രീവിദ്യ പറഞ്ഞത്.
നടിയുടെ പ്രതികരണം വൈറലായതോടെ സോഷ്യൽമീഡിയ സായ് കൃഷ്ണന് എതിരെ തിരിഞ്ഞു. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ഒറ്റ വീഡിയോയിലൂടെ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണൻ നശിപ്പിച്ചുവെന്നാണ് ഏറെയും കമന്റുകൾ. മീഡിയ കവറേജ് ഒഴിവാക്കി ദിയ കൃഷ്ണ നടത്തിയതുപോലെ ശ്രീവിദ്യ ചടങ്ങ് നടത്തിയിരുന്നുവെങ്കിൽ വിവാദങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നും പ്രേക്ഷകർ പ്രതികരിച്ച് കുറിച്ചു.


Click it and Unblock the Notifications











