'ക്ഷണക്കത്ത് ആദ്യം സുരേഷ് സാറിന് കൊടുത്ത് അനുഗ്രഹം വാങ്ങണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു'
സ്റ്റാര്‍ മാജിക് ഷോയിലൂടെ പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെട്ട കലാകാരിയാണ് കാസർഗോഡ് സ്വദേശിനിയായ ശ്രീവിദ്യ മുല്ലശ്ശേരി. അതിനുശേഷം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ശ്രീവിദ്യയുടെ സംസാരവും കോമഡിയും ഇഷ്ടപ്പെടുന്ന ആരാധകര്‍ നടിയുടെ യുട്യൂബ് ചാനല്‍ വിടാതെ ഫോളോ ചെയ്യുന്നുണ്ട്. അടുത്തിടെ ചാനലിലൂടെ തന്റെ വിവാഹ തിയ്യതി ശ്രീവിദ്യ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 8 ന് രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വെച്ചിട്ടാണ് വിവാഹം. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്‍.
ദീര്‍ഘ കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നത്. സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുലാണ്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്തിടെയാണ് ക്ഷണക്കത്ത് തയ്യാറായി കിട്ടിയതെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. രണ്ട് ഡിസൈനിലാണ് ക്ഷണക്കത്ത് ശ്രീവിദ്യ ഒരുക്കിയിരിക്കുന്നത്.

വിവാഹത്തിന് രണ്ട് മാസം മാത്രം ശേഷിക്കെ ശ്രീവിദ്യ തന്റെ പ്രിയപ്പെട്ടവരെയെല്ലാം വിവാഹം ക്ഷണിച്ച് തുടങ്ങി. ശ്രീവിദ്യയും രാഹുലും വിവാഹക്ഷണത്തിന് തുടക്കം കുറിച്ചത് സുരേഷ് ഗോപിയെ വിവാഹം ക്ഷണിച്ചുകൊണ്ടാണ്. ക്ഷണക്കത്ത് ആദ്യം സുരേഷ് ഗോപിക്ക് കൊടുത്ത് അനുഗ്രഹം വാങ്ങണമെന്നത് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നുവെന്ന് പുതിയ വീഡിയോയിൽ സംസാരിക്കവെ രാഹുലും ശ്രീവിദ്യയും പറഞ്ഞു.
കോടിയും വെറ്റിലയും പാക്കും എല്ലാം അടങ്ങിയ തട്ട് സുരേഷ് ഗോപിക്ക് ഇരുവരും ചേർന്ന് കൈമാറിയാണ് വിവാഹത്തിന് ക്ഷണിച്ചത്. ഇനി രണ്ട് മാസം കൂടിയെ വിവാഹത്തിന് അവശേഷിക്കുന്നുള്ളു. അതുകൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഞങ്ങൾ കല്യാണം വിളിച്ച് തുടങ്ങുകയാണ്. ആദ്യം വിളിക്കാൻ പോകുന്നത് ഞങ്ങളുടെ ചക്കരയായിട്ടുള്ള സുരേഷ് സാറിനെയാണ്.
തൃശൂരിൽ നേരിട്ട് പോയി കണ്ടാണ് വിവാഹത്തിന് ക്ഷണിക്കാൻ പോകുന്നത്. ഞാനും ചേച്ചിയും നന്ദുവും കൂടിയാണ് വിവാഹം ക്ഷണിക്കാൻ പോകുന്നത്. ആദ്യം വിവാഹത്തിന് ക്ഷണിക്കുക സുരേഷ് ഗോപി സാറിനെയായിരിക്കുമെന്നത് നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചതാണ്. ക്ഷണക്കത്ത് ആദ്യം സുരേഷ് സാറിന് കൊടുത്ത് അനുഗ്രഹം മേടിക്കണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. രണ്ട്, മൂന്ന് മാസം മുമ്പാണ് സുരേഷ് സാറിനെ അവസാനമായി കണ്ടത്.
ഇലക്ഷൻ റിസൾട്ടിന്റെ അഭിനന്ദങ്ങൾ നേരിട്ട് പറയുകയും വേണം. ആദ്യം വിവാഹം ക്ഷണിക്കുമ്പോൾ അതിന് പ്രത്യേകമായ ഒരു ചടങ്ങൊക്കെയുണ്ട്. കോടിയും വെറ്റിലയും പാക്കും എല്ലാം അടങ്ങിയ തട്ട് കൊടുത്ത് അനുഗ്രഹം വാങ്ങിയാണ് ക്ഷണിക്കുക. ഐശ്വര്യയുടെ കല്യാണം കഴിഞ്ഞിട്ട് സ്ട്രസ് ഫ്രീയായിട്ട് ഞങ്ങളുടെ വിവാത്തിന്റെ കാര്യങ്ങൾ ചെയ്ത് തുടങ്ങാമെന്ന് കരുതിയിരിക്കുകയായിരുന്നു.

ഐശ്വര്യയുടെ കല്യാണ ഒരുക്കുങ്ങളിൽ ഞാനും ഇൻവോൾവ്ഡായിരുന്നു. സാറിനെ എപ്പോൾ കാണാൻ പോയാലും ഭക്ഷണം തരുമെന്നാണ് സുരേഷ് ഗോപിയെ കാണാനുള്ള യാത്രയ്ക്കിടെ സംസാരിക്കവെ ശ്രീവിദ്യ പറഞ്ഞത്. വിവാഹം ക്ഷണിച്ചതിനുശേഷമുള്ള അനുഭവങ്ങളും ശ്രീവിദ്യയും രാഹുലും പങ്കിട്ടു. അനുഗ്രഹം മേടിക്കാൻ പറ്റിയില്ല.
അത് കല്യാണത്തിന് മതിയെന്ന് സാർ തന്നെ പറഞ്ഞു. സാറിനെ ആദ്യം കല്യാണം വിളിക്കണമെന്ന ആഗ്രഹം സാധിച്ചപ്പോൾ സന്തോഷം തോന്നി. സാറിനൊപ്പം ഭക്ഷണം കഴിച്ചു. അടിപൊളി ദിവസമായിരുന്നു. സാർ ഞങ്ങൾക്കും ഒരുപാട് സ്വീറ്റ്സ് തന്നു എന്നാണ് ഇരുവരും പറഞ്ഞത്. ഇരുവരുടെയും എൻഗേജ്മെന്റിന് വെർച്വലായി എത്തി സാന്നിധ്യമറിയിച്ചിരുന്നു സുരേഷ് ഗോപി. വിവാഹനിശ്ചയം ശ്രീവിദ്യയുടെ നാട്ടിലാണ് നടന്നത്.
എന്‍ഗേജ്‌മെന്റ് ഞങ്ങള്‍ വളരെ സ്വകാര്യമായി നടത്തിയ ഒരു ചടങ്ങായിരുന്നു. പക്ഷെ അതെല്ലാവരും അറിഞ്ഞു. കല്യാണം അങ്ങനെയായിരിക്കില്ല. എല്ലാവരോടും പറഞ്ഞ് നടത്തും. അതും യുട്യൂബിലൂടെ പറയും എന്ന് രാഹുലും ശ്രീവിദ്യയും ആദ്യമേ പറഞ്ഞിരുന്നു. ഇരുവരും ഇപ്പോൾ ആ വാക്ക് പാലിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള വിവാഹ വിശേഷങ്ങളും യുട്യൂബ് ചാനലിലൂടെ തന്നെ ഇരുവരും അറിയിക്കും.


Click it and Unblock the Notifications