അയാളെന്റെ കാല് തല്ലിയൊടിച്ചു, ഫോണിലെ വിവരങ്ങളും നോക്കും! ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ പറ്റി നടി ശ്രിയ അയ്യര്‍
നടിയും അവതാരകയുമായ ശ്രിയ അയ്യര്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയാണ്. നാടന്‍ പെണ്‍കുട്ടിയെ അണിഞ്ഞൊരുങ്ങി വന്നിരുന്ന ശ്രിയ വളരെ പെട്ടെന്നാണ് ജിമ്മത്തിയായി മാറിയത്. ആരാധകരെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് ശ്രിയ മേക്കോവറുമായി വന്നത്. തന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ തരണം ചെയ്ത് കൊണ്ടായിരുന്നു ശ്രിയ ബോഡി ബില്‍ഡിങ് രംഗത്തേക്ക് എത്തിയത്.
എന്നാല്‍ ഈ ജീവിതം പോലും അവസാനിപ്പിക്കാമെന്ന് തീരുമാനിച്ച നിമിഷം തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. മുന്‍പ് ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കൂടെ ജീവിച്ചിരുന്നപ്പോഴാണ് ശ്രിയ ആത്മഹത്യയ്ക്കായി ശ്രമിച്ചത്. അദ്ദേഹം വളരെ മാനസികമായിട്ടും ശാരീരികമായിട്ടും തന്നെ ഉപദ്രവിച്ചിരുന്നെന്ന് പറയുകയാണ് ശ്രിയയിപ്പോള്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

ആത്മഹത്യ ചെയ്യാന്‍ അന്ന് തീരുമാനിച്ചത് ശരിയാണെന്ന് തന്നെ പറയാം. കാരണം അന്നത്തെ സഹാചര്യം അതായിരുന്നു. ഇന്നാണെങ്കില്‍ ഞാനത് ചെയ്യില്ല. ആ സിറ്റുവേഷന്‍ ഓര്‍മ്മിക്കുമ്പോള്‍ ഇന്നും സങ്കടം വരും. അന്ന് അച്ഛനെയും അമ്മയെയും കുറിച്ചോന്നും ഓര്‍മ്മ വന്നില്ല. എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ശേഷമാണ് എന്ത് വന്നാലും കൂടെയുണ്ടാവുമെന്ന പിന്തുണയുമായി അമ്മ വന്നത്.
അന്നുണ്ടായിരുന്ന റിലേഷന്‍ കാരണം അമ്മയ്ക്ക് എന്നോട് ദേഷ്യമായിരുന്നു. ആരും കൂടെയില്ലാത്തൊരു സാഹചര്യമാണല്ലോ എന്ന് തോന്നിയപ്പോഴാണ് അങ്ങനെ ചെയ്തത്. പിന്നെ അമ്മ തന്ന മോട്ടിവേഷനാണ് എന്റെ തലവര മാറ്റിയത്. എനിക്ക് വേണ്ടി അച്ഛനും അമ്മയുമുണ്ടെന്ന തോന്നല്‍ വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തോന്നി. ഞാന്‍ കാര്‍ വാങ്ങിയപ്പോഴൊക്കെ അച്ഛന് വലിയ സന്തോഷമായി. അവരെയും കൂട്ടി പോയാണ് വാങ്ങിയത്.
എന്നാല്‍ ഒരു വര്‍ഷം മുന്‍പ് എനിക്ക് അച്ഛനെ നഷ്ടമായി. കാശിയില്‍ പോയി തിരികെ നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനില്‍ വച്ചായിരുന്നു അച്ഛന്റെ മരണം. മാത്രമല്ല തന്റെ വിവാഹം അദ്ദേഹം കാണുകയും ഞങ്ങളെ അനുഗ്രഹിക്കുകയുമൊക്കെ ചെയ്തിട്ടാണ് പോയത്. അതില്‍ വലിയ സന്തോഷമുണ്ടെന്ന് ശ്രിയ സൂചിപ്പിച്ചു.

ഇതിനിടെ ഒന്നിലധികം തവണ താന്‍ ആത്മഹത്യ ചെയ്യാനായി ശ്രമിച്ചിരുന്നതിനെ പറ്റിയും നടി പങ്കുവെച്ചു. ഒരു തവണ മരിക്കാനായി കൈ മുറിച്ചതിന് ഏഴ് സ്റ്റിച്ചോളം ഇട്ടിട്ടുണ്ടായിരുന്നു. ആ പാട് മറക്കാന്‍ വേണ്ടിയാണ് അവിടെ ടാറ്റു അടിച്ചിരിക്കുന്നതെന്നാണ് ശ്രിയ പറയുന്നത്.
മുന്‍പ് തനിക്കുണ്ടായിരുന്ന ബന്ധത്തെ പറ്റിയും അതില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും ശ്രിയ വീണ്ടും സൂചിപ്പിച്ചിരിക്കുകയാണ്. അന്നത്തെ ആ റിലേഷനില്‍ അദ്ദേഹം എന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. എന്റെ കാല്‍ തല്ലിയൊടിക്കുക വരെ ചെയ്തു. മാത്രമല്ല ഒന്നിനും സ്വതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നു. എന്റെ ഫോണിലേക്ക് കോള്‍ വരുന്നത് പോലും നോക്കും. എന്നെ ആരൊക്കെ വിളിച്ചു, എന്തൊക്കെ സംസാരിച്ചു, എന്നൊക്കെ അയാള്‍ പരിശോധിക്കുമായിരുന്നു.
പക്ഷേ ഇപ്പോഴത്തെ ഭര്‍ത്താവ് പാവമാണ്. എന്റെ ഫോണ്‍ പോലും തുറന്ന് നോക്കില്ല. പക്ഷേ ഭര്‍ത്താവിന്റെ ഫോണ്‍ ഞാന്‍ നോക്കാറുണ്ടെന്ന് ശ്രിയ പറയുന്നു. അങ്ങനെ നോക്കിയാലും ഞാന്‍ പുള്ളിയോട് പറയും. ഞാന്‍ ഒളിച്ച് നോക്കിയാലാണ് അത് തെറ്റാവുന്നത്. എന്നാല്‍ എല്ലാ കാര്യങ്ങളും പറഞ്ഞോണ്ട് തന്നെ നോക്കാറുണ്ടെന്നാണ് ശ്രിയ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications











