ശ്രീദേവിക്കുണ്ടായ ദുരുനുഭവങ്ങൾ, മൂന്ന് മലയാളം സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചതാണ്: കുട്ടി പത്മിനി
പഴയ കാല മലയാള സിനിമാ ലോകത്തെക്കുറിച്ച് പല കഥകളും സിനിമാ ലോകത്ത് ഇന്നും പ്രചരിക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച്, നടിമാരോടുള്ള മോശം സമീപനം തുടങ്ങിയ ആരോപണങ്ങൾ സിനിമാ രംഗത്തിന് നേരെ വന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഇക്കാര്യങ്ങൾ കൂടുതൽ ചർച്ചയായി. പഴയ കാലത്തെ ചില നടിമാർ അഭിമുഖങ്ങളിൽ തുറന്ന് പറച്ചിലുകൾ നടത്തി. അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ച് സംസാരിക്കവെ നടിയും നിർമാതാവുമായ കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ബാലതാരമായി ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവരാണ് ശ്രീദേവിയും കുട്ടി പത്മിനിയും. ശ്രീദേവി മുംബെെ സിനിമാ ലോകത്തേക്ക് മാറുന്നതിന് മുമ്പ് ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ബാലതാരമായി ശ്രീദേവിയെ പോലെ കുട്ടി പത്മിനിയും തിളങ്ങിയെങ്കിലും മുതിർന്ന ശേഷം കുട്ടി പത്മിനി സിനിമാ രംഗത്ത് ശോഭിച്ചില്ല. താൻ പല സിനിമകളും വേണ്ടെന്ന് വെക്കുകയായിരുന്നെന്നാണ് കുട്ടി പത്മിനിയിപ്പോൾ പറയുന്നത്. ഇതിന് കാരണവും ഇവർ വ്യക്തമാക്കി.

ഞങ്ങൾ ബാലതാരമായി അഭിനയിച്ചിരുന്ന സാവിത്രിയമ്മയുടെ കാലഘട്ടം വേറെയായിരുന്നു. എന്നാൽ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം കഴിഞ്ഞപ്പോൾ ഡിസ്ട്രിബ്യൂട്ടർ, പ്രൊഡ്യൂസർ, ഡയറക്‌ടർ എന്നിവരെയാെക്കെ പ്രീതിപ്പെടുത്തണം. ഒരുപാട് പ്രശ്നങ്ങൾ പലരും നേരിട്ടു. ശ്രീദേവി എത്രമാത്രം പ്രശ്നങ്ങൾ നേരിട്ടെന്ന് എനിക്കറിയാം. അവളുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനും ശ്രീദേവിയും മൂന്ന് മലയാളം സിനിമകളിൽ അഭിനയിച്ചു. ഐവി ശശി സാറുടെ സിനിമയാണ്.
അതിൽ നിന്നെല്ലാം എന്നെ ഒഴിവാക്കി. മോശം പ്രവണതകൾ അക്കാലത്തുണ്ടായിരുന്നു. അത് കൊണ്ടാണ് ഒരുപാട് പേർ ഹിന്ദി സിനിമാ രംഗത്തേക്ക് രക്ഷപ്പെട്ട് ഓടിയത്. കാരണം അക്കാലത്ത് ഹിന്ദിയിൽ അത്തരം വിഷയങ്ങളില്ലായിരുന്നു. എന്നാൽ ഇപ്പോൾ അവിടെയും ഇത് സാധാരണയായി. പെൺകുട്ടികൾ ഇപ്പോൾ അതൊന്നും ഗൗനിക്കുന്നില്ല. സമ്പത്തുള്ള വീട്ടിൽ നിന്ന് വരുന്നതിനാൽ അവരെ സമീപിക്കാൻ പലരും ഭയക്കുന്നു.

എല്ലാവർക്കും പെട്ടെന്ന് ബോയ്ഫ്രണ്ടാകുന്നു. പഴയ കാലത്തെ ആ പ്രശ്നങ്ങൾ കാരണമാണ് മുതിർന്നപ്പോൾ നായികയായി സിനിമകൾ ചെയ്യാതിരുന്നത്. ഒരുപക്ഷെ എനിക്ക് രാശിയില്ലായിരിക്കുമെന്നും കുട്ടി പത്മിനി വ്യക്തമാക്കി. സാവിത്രിയമ്മയുമായി ഞാൻ വളരെ ക്ലോസ് ആയിരുന്നു. ലൊക്കേഷനിൽ വെള്ളി പാത്രത്തിൽ എനിക്ക് ഭക്ഷണം വാരിത്തരുമായിരുന്നു. എല്ലാവരെയും സഹായിക്കുന്ന ആളായിരുന്നു അവർ.
ആര് വന്ന് ചോദിച്ചാലും പണം കൊടുക്കും. ലൊക്കേഷനിൽ ഒരു ലൈറ്റ്മാന് വിവാഹമുണ്ടെങ്കിൽ സഹായിക്കും. അവരുടെ പ്രശസ്തിയെല്ലാം പോയ ശേഷം ഓൾ ഇന്ത്യ റേഡിയോയിൽ ഒരുപാട് നാടങ്ങൾ ചെയ്യുമായിരുന്നു. ഞാനും അവർക്കൊപ്പം നാടകം ചെയ്തിട്ടുണ്ട്. ആ കഷ്ടപ്പാടുകൾക്കിടയിലും എനിക്കൊരു ചോക്ലേറ്റ് എടുത്ത് തരും. രാജകീയ ജീവിതം നയിച്ച സാവിത്രിയമ്മയുടെ അവസാന കാലം കണ്ടപ്പോൾ തനിക്കേറെ വിഷമം തോന്നിയിരുന്നെന്നും കുട്ടി പത്മിനി പറയുന്നു.
തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് ഒരു കാലത്ത് ഏറ്റവും ജനപ്രീതിയുള്ള നടിയായിരുന്നു സാവിത്രി. താര റാണിയായിരുന്ന ഇവർക്ക് പിന്നീട് കരിയറിലും ജീവിതത്തിലും വീഴ്ചയുണ്ടായി. സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയെടുത്ത സിനിമയാണ് മഹാനടി. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായെത്തിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഈ സിനിമയിലൂടെ കീർത്തി സുരേഷിന് ലഭിച്ചു. സാവിത്രിയുടെ ജീവിതം ഇന്നും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്.


Click it and Unblock the Notifications