എന്നേക്കാൾ ഭംഗി നിനക്കുണ്ട്, എന്നിട്ടും നിന്റെ അമ്മ എന്തിനിത് ചെയ്യുന്നെന്ന് ശ്രീദേവിയോട് ചോദിച്ചു: രാധിക
പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത മുഖമാണ് അന്തരിച്ച നടി ശ്രീദേവിയുടേത്. ഇന്ത്യൻ സിനിമയിലെ താര റാണിയായിരുന്ന ശ്രീദേവിയുടെ സിനിമകൾ ഇന്നും ചർച്ചയാകാറുണ്ട്. അഭിനയമികവും സ്ക്രീൻ പ്രസൻസും ഒത്തിണങ്ങിയ ശ്രീദേവി അക്കാലത്തെ സ്വപ്ന നായികയായിരുന്നു. അന്തർമുഖയായിരുന്ന ശ്രീദേവി സഹപ്രവർത്തകരോട് അടുത്ത് ഇടപഴകുന്നയാളായിരുന്നില്ല. ഓൺസ്ക്രീനിൽ വിസ്മയമാകുന്ന ശ്രീദേവി ഓഫ് സ്ക്രീനിൽ ഉൾവലിഞ്ഞ പ്രകൃതക്കാരിയായിരുന്നു.
അതേസമയം തന്റെ പെർഫോമൻസിൽ വലിയ ശ്രദ്ധ ശ്രീദേവിക്കുണ്ടായിരുന്നു. അക്കാലത്ത് രണ്ട് നായികമാരുള്ള സിനിമകൾ ഏറെയാണ്. മറ്റൊരു നായികയും തന്നെ വെല്ലരുതെന്ന വാശി ശ്രീദേവിക്കുണ്ടായിരുന്നു. ശ്രീദേവിയുടെ അമ്മ ഇക്കാര്യത്തിൽ കാണിച്ച ശ്രദ്ധയെക്കുറിച്ച് നടി രാധിക ശരത്കുമാർ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്നേക്കാൾ മറ്റുള്ളവർക്ക് സിനിമയിൽ പ്രാധാന്യമുണ്ടോ എന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല. ഞാൻ കറക്ടായി ചെയ്യണം എന്ന് മാത്രമേ കരുതാറുള്ളൂ. ഒരുപാട് സിനിമകളിൽ ഞാൻ ശ്രീദേവിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ അമ്മ രാവിലെ എന്റെ കോസ്റ്റ്യൂമറെ വിളിച്ച് എന്റെ കോസ്റ്റ്യൂമുകൾ ഏതെല്ലാമെന്ന് അന്വേഷിക്കും. എന്നേക്കാൾ ഉയരവും ഭംഗിയും നിറവും നിനക്കുണ്ട്, നന്നായി ഡാൻസ് ചെയ്യും, പിന്നെ എന്തിന് എന്റെ വസ്ത്രം നോക്കുന്നെന്ന് ഞാൻ ശ്രീദേവിയോട് ചോദിക്കും. അമ്മ ചെയ്യുന്ന കാര്യങ്ങൾ എന്ന് പറഞ്ഞ് ശ്രീദേവി ചിരിക്കും. കോമഡിയായാണ് അത് ഞങ്ങൾ കണ്ടത്. അല്ലാതെ ഒരു ആർട്ടിസ്റ്റിനോടും വിരോധം ഉണ്ടായിട്ടില്ല എന്നാണ് രാധിക ശരത്കുമാർ പറഞ്ഞത്.
ശ്രീദേവിയുടെ അമ്മയെ പോലെ പിൽക്കാലത്ത് ശ്രീദേവിയും ഇക്കാര്യത്തിൽ ശ്രദ്ധ കൊടുത്തിട്ടുണ്ട്. നടി ജയപ്രദയ്ക്കൊപ്പം നിരവധി സിനിമകൾ ശ്രീദേവി ചെയ്തു. കടുത്ത മത്സരം ഇവർ തമ്മിലുണ്ടായിരുന്നു. വളരെ ഇൻസെക്യൂരിറ്റിയുള്ള നടിയായിരുന്നു ശ്രീദേവിയെന്നാണ് നടി കുട്ടി പത്മിനി ഒരിക്കൽ പറഞ്ഞത്. 2018 ലാണ് ശ്രീദേവി ലോകത്തോട് വിട പറയുന്നത്.
മരണ വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചു. ദുബായിൽ ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ വീണായിരുന്നു മരണം. ബാത്ത് ടബ്ബിൽ വീണുള്ള മരണം എന്ന റിപ്പോർട്ട് പലരിലും സംശയം ജനിപ്പിച്ചു. എന്നാൽ മദ്യ ലഹരിയിലായിരുന്ന നടി ബാത്ത് ടബ്ബിൽ വീഴുകയായിരുന്നെന്നും തലയ്ക്ക് പരിക്കേറ്റിരുന്നെന്നും അന്വേഷണ റിപ്പോർട്ട് വന്നു. ജാൻവി കപൂർ, ഖുശി കപൂർ എന്നിവരാണ് ശ്രീദേവിയുടെ മക്കൾ. ഭർത്താവ് ബോണി കപൂർ.
ജാൻവിയും ഖുശിയും സിനിമാ രംഗത്ത് ഇന്ന് സജീവമാണ്. അമ്മയെക്കുറിച്ചുള്ള ഓർമകൾ ഇവർ പങ്കുവെക്കാറുണ്ട്. ശ്രീദേവിയുടെ മരിച്ച അതേ വർഷമാണ് മൂത്ത മകൾ ജാൻവി കപൂറിന്റെ ആദ്യ സിനിമ ധടക് റിലീസ് ചെയ്യുന്നത്. ആർച്ചീസ് എന്ന സിനിമയിലൂടെ 2023 ലാണ് ഖുശി കപൂർ അഭിനയ രംഗത്തേക്ക് വരുന്നത്. ശ്രീദേവിയെ പോലെ കരിയറിൽ വലിയ വിജയം നേടാൻ മക്കൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് സജീവമായിരുന്നു. പിന്നീടാണ് ഹിന്ദി സിനിമാ രംഗത്തേക്ക് കടന്നത്. ഹിന്ദി സിനിമാ ലോകത്തെ താര റാണിയായി ശ്രീദേവി മാറി.


Click it and Unblock the Notifications

