2024 പേളിക്കും ശ്രീനിഷിനും സൂപ്പറാകും..., രണ്ടാമത്തെ കൺമണി എത്തും മുമ്പ് ഇരുവർക്കും 30ലക്ഷത്തിന്റെ സന്തോഷം!
മിനി സ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽമീഡിയയിലെ സ്ഥിരം ഉപഭോക്താക്കൾക്കും ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും പ്രണയിച്ചത് പോലും പ്രേക്ഷകരുടെ കൺമുന്നിലായിരുന്നു. അതുകൊണ്ട് തന്നെ മലയാളികൾക്ക് പേളി-ശ്രീനിഷ് ജോഡിയോട് പ്രത്യേക സ്നേഹമാണ്. ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരരാർത്ഥികളായി എത്തിയ ഇരുവരും അവിടെ വെച്ചാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും.
ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇരുവരുടെയും ബന്ധത്തിന് രണ്ടുവീട്ടുകാരും പച്ചകൊടി കാണിച്ചു. അതോടെ പേളി-ശ്രീനിഷ് വിവാഹം നടക്കുകയായിരുന്നു. വളരെ വർഷങ്ങൾക്ക് മുമ്പ് പേളി ആരംഭിച്ചതാണ് പേളി മാണി എന്ന യുട്യൂബ് ചാനൽ. നേരത്തെ സ്റ്റേജ് ഷോകൾ, ആങ്കറിങ്, സിനിമാ അഭിനയം എന്നിവയെല്ലാം കൊണ്ട് തിരക്കിലായിരുന്നതിനാൽ പേളി യുട്യൂബിൽ അത്ര സജീവമായിരുന്നില്ല.

എന്നാൽ ശ്രീനിഷുമായി പ്രണയത്തിലായശേഷം ചാനലിലേക്ക് പേളി കൂടുതൽ ശ്രദ്ധ കൊടുക്കാനും വെബ് സീരിസുകൾ അടക്കമുള്ളവ ചെയ്യാനും തുടങ്ങി. ഇപ്പോൾ വലിയ ഇടവേളകളില്ലാതെ വീഡിയോകളും യാത്ര, ഡെയ്ലി വ്ലോഗുകളും സെലിബ്രിറ്റി ഇന്റർവ്യൂകളുമെല്ലാം പേളി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. യുട്യൂബിനായി കഴിഞ്ഞ വർഷം ഒരു പുതിയ സ്റ്റുഡിയോ വരെ പേളിയും ശ്രീനിഷും ചേർന്ന് ഒരുക്കിയിരുന്നു.
മകൾ നിലയെ ഗർഭിണിയായപ്പോൾ മുതൽ അവളെ പ്രസവിക്കുന്നതിന്റെയും അവളുടെ ഓരോ വളർച്ചയുടെയും വിശേഷങ്ങൾ അടക്കം പേളി മാണി യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. ഇപ്പോൾ പേളി രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. വൈകാതെ നിലയ്ക്കായി ഒരു കുഞ്ഞ് അനിയനോ അനിയത്തിയോ പിറക്കും.
രണ്ടാം ഗർഭകാലവും പേളി ആഘോഷമാക്കിയിരുന്നു. വളൈകാപ്പ്, ബേബി ഷവർ, ഹോസ്പിറ്റൽ ബാഗ് പാക്കിങ് അടക്കമുള്ളവയുടെ വീഡിയോകൾ പേളി യുട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. നിറവയറിലായിരുന്നു പേളിയുടെ ക്രിസ്മസും ന്യൂഇയർ സെലിബ്രേഷനുമെല്ലാം. രണ്ടാമത്തെ കുഞ്ഞ് പിറക്കും മുമ്പ് മറ്റൊരു വലിയ സന്തോഷം ലഭിച്ചതിന്റെ വിശേഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ ശ്രീനിഷ് അരവിന്ദ്.
പുതുവർഷപ്പുലരിക്ക് തൊട്ടുമുമ്പായാണ് പുതിയ സന്തോഷം പേളിയുടെ കുടുംബത്തിലേക്ക് എത്തിച്ചേർന്നത്. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശ്രീനിഷ് അതെന്താണെന്ന് വ്യക്തമാക്കിയത്. വീഡിയോയിൽ പേളിയും ശ്രീനിഷുമുണ്ട്. ഇരുവരും നയിക്കുന്ന പേളി മാണി യുട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സ് മുപ്പത് ലക്ഷമായി.

അതാണ് പേളിഷ് കുടുംബത്തിന്റെ പുതിയ സന്തോഷം. ഒരു ലാപ്‌ടോപ്പിന് മുന്നിൽ ചലിക്കുന്ന കൗണ്ട്ഡൌൺ ടൈമറിന്റെ മുന്നിലിരുന്ന് മുപ്പത് ലക്ഷം തികയുന്നത് നോക്കുന്ന പേളിയേയും ശ്രീനിഷിനേയും ശ്രീനിഷ് പങ്കിട്ട സ്റ്റോറിയിൽ കാണാം. തലമുടി മെടഞ്ഞുകെട്ടി കോഫി മഗ്ഗുമായി റിലാക്സ് ചെയ്ത് ഇരുന്നാണ് പേളി മുപ്പത് ലക്ഷം സബ്സ്ക്രൈബേഴ്സ് തികയുന്നത് വീക്ഷിച്ചത്.
പുതിയ നോട്ടത്തോടെയാണ് പേളിയും ശ്രീനിഷും പുതുവർഷത്തെ വരവേറ്റത്. അതുകൊണ്ട് തന്നെ 2024 ഇരുവർക്കും നേട്ടങ്ങളുടേതായിരിക്കാം. ഗർഭകാലത്ത് ആ അവശതകളും പേറി തന്നെയാണ് യുട്യൂബ് ചാനലിന് വേണ്ടി പേളി മാണി ഷോ താരം ആങ്കർ ചെയ്തത്. താരങ്ങളായ കല്യാണി പ്രിയദർശൻ, മീര ജാസ്മിൻ എന്നിവർ പേളിയുടെ ഗസ്റ്റായി ഷോയിൽ വന്നിരുന്നു.
കൂടാതെ പേളി മീര ജാസ്മിനൊപ്പം അഭിനയിച്ച ക്വീൻ എലിസബത്ത് സിനിമയും മികച്ച പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുന്നുണ്ട്. പേളി ക്വീൻ എലിസബത്ത് സിനിമയിൽ അഭിനയിച്ച വിവരം പുറത്ത് വിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമയുടെ ട്രെയിലറിൽ പേളിയെ കണ്ടപ്പോൾ ആരാധകർ അടക്കം എല്ലാവരും അമ്പരുന്നു. വളരെ കുറച്ച് സമയം മാത്രം സ്ക്രീനിൽ വന്നുപോകുന്ന കഥാപാത്രത്തെയാണ് പേളി അവതരിപ്പിച്ചത്. നരേനായിരുന്നു സിനിമയിൽ നായകൻ.


Click it and Unblock the Notifications