ശ്രീവിദ്യയുടെ സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചു; കമൽ ഹാസന്റെ ഒരു വാക്കിൽ ഉടലെടുത്ത് വിവാദം; താരം ഇടപെടുമോ?
തമിഴ്നാട്ടുകാരിയാണെങ്കിലും മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് ശ്രീവിദ്യ. വർഷങ്ങളോളം സിനിമാ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ശ്രീവിദ്യ മരണമടഞ്ഞതും കേരളത്തിൽ വെച്ചാണ്. അവസാന കാലത്ത് നടി ചെന്നെെയിൽ നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറിയിരുന്നു. ആഴ്ചകളോളമായി തമിഴ് മീഡിയകളിൽ ശ്രീവിദ്യയെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതിന് കാരണമായതാകട്ടെ നടിയുടെ മുൻ കാമുകനായിരുന്ന കമൽ ഹാസനും.
കമൽ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ശ്രീവിദ്യ തന്റെ പ്രണയിനിയായിരുന്നെന്ന് തുറന്ന് പറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി. പിന്നീട് ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തമിഴ് മീഡിയകൾ ചർച്ചയാക്കി. നടിയുടെ ചേട്ടന്റെ ഭാര്യ വിജയലക്ഷ്മി, അടുത്ത സുഹൃത്തായിരുന്ന ശോഭന മോഹൻ എന്നിവരുടെ അഭിമുഖങ്ങൾ ശ്രദ്ധ നേടി. ശ്രീവിദ്യയുടെ സ്വത്തുക്കളെക്കുറിച്ച് ഇവർ സംസാരിച്ചു.

ശ്രീവിദ്യയുടെ അവസാന നാളുകളിൽ ആരൊക്കെയോ ചില നീക്കങ്ങൾ നടത്തിയെന്ന് സംശയിക്കുന്നെന്നും മരണശേഷം തങ്ങളെ തെറ്റുകാരായി ചിത്രീകരിച്ചെന്നും നടിയുടെ നാത്തൂൻ ആരോപിച്ചു. വർഷങ്ങൾക്കിപ്പുറം ശ്രീവിദ്യയുടെ സ്വത്തുക്കൾ വിൽപത്രത്തിൽ പറഞ്ഞത് പോലെ ചെയ്തോ എന്ന ചോദ്യവും ഇവർ ഉന്നയിച്ചു. മന്ത്രി ഗണേശ് കുമാറിനെതിരെയും വിജയലക്ഷ്മി സംസാരിച്ചിട്ടുണ്ട്.
വിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണി ഗണേഷ് കുമാറാണ്. പല ചോദ്യങ്ങളുണ്ടെങ്കിലും ഗണേശ്കുമാറിനെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് പേടിയായിരുന്നെന്നും വിജയലക്ഷ്മി തുറന്ന് പറഞ്ഞു. ശ്രീവിദ്യയുടെ സുഹൃത്തായിരുന്ന ശോഭന രമേശും ഇതേ വാദമാണ് ഉന്നയിച്ചത്. ശ്രീവിദ്യ വിൽപ്പത്രം നൽകിയെങ്കിലും സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ല. ഒരുപാട് ആഭരണങ്ങൾ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ഒരു വീട് പണിതിട്ടുണ്ട്.

അതിനെന്ത് സംഭവിച്ചു എന്ന് അറിയില്ല. ശ്രീവിദ്യയുടെ ചേട്ടൻ ശങ്കറിനാേട് മുമ്പ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ശോഭന രമേശ് പറയുന്നു. ശ്രീവിദ്യയെക്കുറിച്ചുള്ള അഭിമുഖങ്ങൾ ഇത്രയും പേർ കാണുന്നു. കമൽ ഹാസൻ മുഖ്യമന്ത്രിയെ കണ്ട് അവരുടെ വീടിനും സ്ഥലത്തിനും എന്ത് സംഭവിച്ചു, ആ പൈസ വെച്ച് സ്കൂൾ ആരംഭിച്ചോ എന്ന് അറിയാൻ സാധിക്കണമെന്ന ആഗ്രഹവും ശോഭന മോഹൻ അഭിമുഖത്തിൽ പങ്കുവെച്ചു. നൃത്ത വിദ്യാലയത്തിനുള്ള സ്ഥലവും പണവും ഉണ്ടായിരുന്നു.
കേരളത്തിൽ ഡാൻസിന് വലിയ പ്രാധാന്യമുണ്ട്. എന്നിട്ടും ശ്രീവിദ്യയുടെ വിൽപത്രത്തിലെ ആഗ്രഹം നടന്നില്ല. ഇനിയെങ്കിലും അത് നടക്കണമെന്ന ആഗ്രഹമുണ്ടെന്നും ശോഭന മോഹൻ വ്യക്തമാക്കി. ശ്രീവിദ്യയുടെ സഹോദരനും അമ്മയും അച്ഛനുമെല്ലാം മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. അഭിമുഖങ്ങൾ ചർച്ചയായോടെ തമിഴ് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തുന്നുണ്ട്. ശ്രീവിദ്യയുടെ സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചെന്ന് അറിയണമെന്നാണ് ഇവരും പറയുന്നത്.
ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ച ചില പിഴവുകളെക്കുറിച്ചും വിജയലക്ഷ്മി അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ജോർജ് തോമസുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തതാണ്. എന്നാൽ നടി തീരുമാനത്തിൽ ഉറച്ച് നിന്നു. വിവാഹശേഷം പ്രശ്നങ്ങളുണ്ടായപ്പോൾ കുറച്ച് കാലം ശ്രീവിദ്യ ഇത് മറച്ച് വെച്ചു. മൂന്ന് തവണ ഗർഭിണിയായെങ്കിലും അബോർട്ട് ചെയ്തു. ഭർത്താവിന്റെ നിർബന്ധമായിരുന്നു ഇതിന് കാരണമെന്നും വിജയലക്ഷ്മി തുറന്ന് പറഞ്ഞു. 2006 ലാണ് ശ്രീവിദ്യ മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ശ്രീവിദ്യയുടെ ജീവിതത്തിൽ നടത്ത കാര്യങ്ങളെക്കുറിച്ച് സഹപ്രവർത്തകരും ഇടയ്ക്ക് സംസാരിച്ചിട്ടുണ്ട്.


Click it and Unblock the Notifications











