അമ്മയാകാൻ ആഗ്രഹിച്ചു; മൂന്ന് തവണ ഗർഭിണിയുമായി; സ്വപ്നങ്ങളെല്ലാം തകർത്ത ഭർത്താവ്; ശ്രീവിദ്യക്ക് സംഭവിച്ചത്
മലയാള സിനിമാ ലോകവും പ്രേക്ഷകരും നെഞ്ചിലേറ്റിയ നടിയാണ് അന്തരിച്ച ശ്രീവിദ്യ. വശ്യമായ കണ്ണുകളാൽ ആരാധകകരെ ആകർഷിച്ച ശ്രീവിദ്യക്ക് ജീവിതത്തിൽ പക്ഷെ വിഷമഘട്ടങ്ങൾ ഏറെയുണ്ടായി. നടിയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ ഏവരെയും വിഷമിപ്പിച്ചതാണ്. നാടകീയമായാണ് ശ്രീവിദ്യയുടെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്. പ്രണയ ബന്ധങ്ങൾ തകർന്നു. വിവാഹ ജീവിതവും പ്രശ്നകലുഷിതമായിരുന്നു.
ഭർത്താവ് ജോർജി തോമസിന്റെ ഉപദ്രവം ശ്രീവിദ്യയെ വലച്ചു. വിവാഹ മോചനത്തിന് വേണ്ടി വർഷങ്ങളോളം നടിക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നു. ശ്രീവിദ്യയുടെ സ്വത്തുക്കൾ കൈക്കലാക്കാൻ ജോർജ് ശ്രമിച്ചു. വിവാദങ്ങളും ഗോസിപ്പുകളും ഏറെക്കാലം ശ്രീവിദ്യയെ വിടാതെ പിന്തുടർന്നു.

കുഞ്ഞുങ്ങളോട് വലിയ വാത്സല്യം ശ്രീവിദ്യക്കുണ്ടായിരുന്നു. ഒരുപാട് സിനിമകളിൽ അമ്മയായി അഭിനയിച്ച നടിക്ക് പക്ഷെ ജീവിതത്തിൽ അമ്മയാകാൻ സാധിച്ചില്ല. ഇതിന് കാരണം ജോർജ് തോമസിന്റെ ഇടപെടലായിരുന്നു. ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി മുമ്പൊരിക്കൽ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മൂന്ന് തവണ ശ്രീവിദ്യ ഗർഭിണിയായിരുന്നെന്ന് ഇവർ അന്ന് തുറന്ന് പറഞ്ഞു.
കുട്ടിയുണ്ടായാൽ കരിയർ ഇല്ലാതാകും എന്ന് പറഞ്ഞ് ജോർജ് എതിർത്തു. ജോർജിന്റെ നിർബന്ധ പ്രകാരം അബോർട്ട് ചെയ്തു. അവൾക്കത് വേദനാജനകമായിരുന്നെന്നും വിജയലക്ഷ്മി അന്ന് വ്യക്തമാക്കി. വിവാഹ മോചനവും നിയമ പോരാട്ടവും ഏറെക്കാലം നീണ്ടു നിന്നതിനാൽ മറ്റൊരു ജീവിതം തുടങ്ങാനും ശ്രീവിദ്യക്ക് സാധിച്ചില്ല. ഇതേക്കുറിച്ചും വിജയലക്ഷ്മി അന്ന് സംസാരിച്ചു. 1999 ലാണ് സ്വത്തുക്കളെല്ലാം അവളുടേതാണെന്ന് കോടതി വിധി വരുന്നത്.

ഇതിനിടെ അമ്മ ആര്യ സമാജം വഴി വിവാഹ മോചനത്തിന് ശ്രമിച്ചു. റെക്കോഡിൽ ശ്രീവിദ്യ ക്രിസ്ത്യനല്ല, ബ്രാഹ്മണയാണെന്ന് കാണിച്ച് വാദിച്ചു. പക്ഷെ ഒന്നും നടന്നില്ല. ശക്തനായ ജോർജിന്റെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല. അമ്മയുടെ ജീവൻ പോകുന്നത് വരെയും വിദ്യയെക്കുറിച്ചാണ് സംസാരിച്ചിരുന്നതെന്നും വിജയലക്ഷ്മി ഓർത്തു.
കുഞ്ഞുങ്ങളില്ലാത്തതിനെക്കുറിച്ച് നേരത്തെ ശ്രീവിദ്യ സംസാരിച്ചിട്ടുണ്ട്. രണ്ടാമത് വിവാഹം ചെയ്യാത്തതിൽ ദുഖമില്ലെന്ന് ശ്രീവിദ്യ അന്ന് വ്യക്തമാക്കി. ഇനിയൊരു പരാജയം സംഭവിച്ചാൽ താങ്ങാനുള്ള കരുത്തില്ല. പക്ഷെ ഒരു കാര്യത്തിൽ വല്ലാത്ത വിഷമമുണ്ട്. അമ്മയാകാൻ ഒരുപാട് മോഹിച്ചിരുന്നു. ജനിക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ നെയ്തിരുന്നു.
അതിനുള്ള യോഗമില്ലെന്ന് കണ്ടപ്പോൾ വേദനയോടെ ആ ആഗ്രഹം വേണ്ടെന്ന് വെക്കുകയായിരുന്നെന്നും ശ്രീവിദ്യ അന്ന് വ്യക്തമാക്കി. 2006 ലാണ് ശ്രീവിദ്യ മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തമിഴ്നാട്ടുകാരിയാണെങ്കിലും കേരളത്തോടും മലയാള സിനിമയോടും വലിയ അടുപ്പം എന്നും ശ്രീവിദ്യ കാണിച്ചിരുന്നു. അവസാന കാലത്ത് നടി കേരളത്തിലായിരുന്നു.
ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. കമൽ ഹാസൻ, ഭരതൻ തുടങ്ങിയവരുമായുള്ള പ്രണയ ബന്ധം ഒരു കാലത്ത് സംസാരമായിരുന്നു. താൻ ശ്രീവിദ്യയുമായി പ്രണയത്തിലായിരുന്നെന്ന് കമൽ ഹാസൻ തുറന്ന് പറഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ശ്രീവിദ്യയും മടിച്ചിട്ടില്ല.


Click it and Unblock the Notifications