ആ നടി എട്ട് ജോലിക്കാരുടെ കുടുംബം നോക്കുന്നു; വീട് ഫൈവ് സ്റ്റാർ ഹോട്ടൽ പോലെ; മാനേജർ പറയുന്നു
സിനിമാ താരങ്ങളുടെ ഡേറ്റുകൾ നോക്കുന്ന മാനേജർമാർ പലപ്പോഴും താരങ്ങളേക്കാൾ തിരക്കിലായിരിക്കും. ഒന്നിലേറെ സിനിമകൾ വരുമ്പോൾ ഡേറ്റുകൾ കൃത്യമായി നൽകുക. താരത്തിന് വേണ്ട സൗകര്യങ്ങൾ ഉറപ്പ് വരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളെല്ലാം മാനേജർ ചെയ്യണം. തമിഴകത്തെ നിരവധി നടിമാരുടെ മാനേജരായി പ്രവർത്തിച്ച രാജു തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ. രാധ, മധുബാല, നന്ദിനി തുടങ്ങിയ നടിമാരെക്കുറിച്ചാണ് രാജു ഒരു തമിഴ് മീഡിയയിൽ സംസാരിച്ചത്.
വളരെ നല്ല കുടുംബമാണ് മധുബാലയുടേതെന്ന് രാജു പറയുന്നു. നല്ല ഭർത്താവിനെയാണ് ലഭിച്ചത്. ക്യൂട്ടായ രണ്ട് പെൺമക്കളാണ്. ലണ്ടനിൽ പഠിക്കുകയാണ്. ഞാൻ പ്രവർത്തിച്ച ആർട്ടിസ്റ്റുകളിൽ രാധ മാം, കൗസല്യ മാം, മധു മാം എന്നിവരെല്ലാം നല്ല വ്യക്തികളാണ്. മനസ് അറിഞ്ഞ് പറയുകയാണ്. അവരെല്ലാം നന്നായിരിക്കണം. ഇന്നത്തെ കാലത്ത് ഇങ്ങനെയും ആർട്ടിസ്റ്റുകൾ ഉണ്ടെന്നത് വലിയ കാര്യമാണെന്നും ഇദ്ദേഹം പറയുന്നു. മധുബാലയുടെ വീടിനെക്കുറിച്ചും മാനേജർ സംസാരിച്ചു. ഫൈവ് സ്റ്റാർ ഹോട്ടൽ പോലെയാണ് വീട്.

ആറായിരത്തോളം സ്ക്വയർ ഫീറ്റിലാണ് വീട് വെച്ചത്. സഹായ മനോഭാവമുള്ള നടിയാണ് മധുബാല. എട്ടോളം ജോലിക്കാർ അവിടെ ജോലി ചെയ്യുകയും ആ വീട്ടിൽ തന്നെ താമസിക്കുകയും ചെയ്യുന്നു. അവരുടെ കുട്ടികളുടെ സ്കൂൾ, മെഡിക്കൽ ചെലവ് മധുബാലയാണ് നോക്കുന്നത്. വർക്കിന് വന്നാൽ വർക്കിനെക്കുറിച്ചേ സംസാരിക്കൂ. പേഴ്സണലായ കാര്യമൊന്നും പറയില്ല. ചെറിയ കാര്യങ്ങളൊക്കെ പറയും. രജിനികാന്തിനൊപ്പം മധുബാല അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മാനേജർ പറയുന്നു.
നടി നന്ദിനിയെക്കുറിച്ചും (കൗസല്യ) മാനേജർ സംസാരിച്ചു. ചെന്നെെയിൽ വെച്ചാണ് കൗസല്യ മാഡത്തെ പരിചയപ്പെടുന്നത്. ആഡ് ഷൂട്ടിന് വേണ്ടി അവരോട് സംസാരിച്ചിരുന്നു. ആ പരസ്യത്തിന് ശേഷം എന്റെ രീതികൾ അവർക്കിഷ്ടമായി. പിന്നീട് എന്നെ വിളിച്ച്, രാജു എന്റെ ഡേറ്റുകൾ നോക്കുന്നോ എന്ന് ചോദിച്ചു. അത്രയും വലിയ ആർട്ടിസ്റ്റ് ചോദിക്കുമ്പോൾ എങ്ങനെ വേണ്ടെന്ന് പറയും. നടിയുടെ നിരവധി സിനിമകൾക്കായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും രാജു വ്യക്തമാക്കി.

കൗസല്യ മാഡത്തിന്റെ വീട് വളരെ സിംപിളാണ്. അവർ വെജിറ്റേറിയനാണ്. ഷൂട്ടിന് പ്രോട്ടിൻ പോലെ എന്തോയെന്ന് കൊണ്ട് വരും. അതാണ് പ്രാതൽ. സെറ്റിലെ വെജിറ്റേറിയൻ ഭക്ഷണങ്ങളും കഴിക്കും. നടിയുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തനിക്ക് സംസാരിക്കാൻ പറ്റില്ലെന്നും രാജു വ്യക്തമാക്കി. താൻ മാനേജരായ പ്രവർത്തിച്ച നടിമാരിൽ രാധയാണ് തനിക്കേറ്റവും പ്രിയപ്പെട്ട നടിയെന്നും രാജു പറയുന്നു. ടച്ച് അപ്പായാണ് താൻ തുടങ്ങിയത്. കഴിഞ്ഞ 20 വർഷമായി താൻ രാധയുടെ മാനേജരാണെന്നും രാജു വ്യക്തമാക്കി.
രാധ മാമിനെ ഒരു ഇവന്റിന് ബുക്ക് ചെയ്താൽ അവരുടെ പ്രതിഫലം, യാത്ര, ഏത് ഹോട്ടലിൽ താമസിക്കും തുടങ്ങി എല്ലാം സംസാരിച്ച് ധാരണയാക്കും. അതേസമയം രാധ നായികയായി തിളങ്ങി നിന്ന കാലത്ത് താനല്ലായിരുന്നു മാനേജരെന്നും രാജു ചൂണ്ടിക്കാട്ടി. വിവാഹത്തിന് ശേഷം അവർ ചെയ്യുന്ന ടിവി ഷോകളുടെ ഡേറ്റാണ് താൻ നോക്കാറെന്നും മാനേജർ വ്യക്തമാക്കി. രാധയ്ക്കൊപ്പമുള്ള ഒരു അനുഭവവും രാജു പങ്കുവെച്ചു.
ഒരു ഫങ്ഷന് അവരെ കൊണ്ടുവരാൻ കാർ അയച്ചു. ആദ്യം എന്നെയാണ് കാറിൽ പിക് ചെയ്തത്. ഞാൻ എയർപോർട്ടിൽ പോയി അവരെ പിക് ചെയ്യണം. കാറിന്റെ ഉൾവശം നോക്കിയപ്പോൾ മണ്ണുണ്ട്. ഞാൻ കാർ തിരിച്ചയച്ച് വേറെ വണ്ടിയെടുത്ത് പോയി. കാറിന്റെ ഉടമ ഇക്കാര്യം മാഡത്തോട് പറഞ്ഞു. രാജു അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് ശരിയാരിക്കും. എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകും. ഇല്ലെങ്കിൽ അവൻ അയക്കില്ല. രാജു എന്നെ ഒരു കുട്ടിയെ പോലെ നോക്കുമെന്നാണ് രാധ മാഡം പറഞ്ഞതെന്ന് രാജു ഓർത്തു.


Click it and Unblock the Notifications











