പ്രണവും കല്യാണിയും മാത്രമല്ല സിനിമയില്‍ തുടക്കം കുറിക്കുന്നത്, കൂട്ടിനായി ഇവരുമുണ്ട്, ആരൊക്കെ?
സിനിമയില്‍ തുടക്കം കുറിക്കുന്നതിന് മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. താരങ്ങളുടെ കുടുംബ കാര്യത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. വേണ്ടത്ര സ്വകാര്യത ലഭിക്കാതെ താരങ്ങള്‍ പലപ്പോഴും വെട്ടിലായ സംഭവങ്ങളുമുണ്ട്. താരങ്ങളുടെ വഴി പിന്തുടര്‍ന്ന് അടുത്ത തലമുറയും സിനിമയിലേക്ക് കടന്നുവരുന്നത് സ്വാഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ന് സൂപ്പര്‍ താരങ്ങളായി നില നില്‍ക്കുന്ന താരങ്ങള്‍ ഫീല്‍ഡ് ഔട്ട് ആവുമ്പോഴേക്കും അടുത്ത തലമുറ സിനിമയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കും. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
2017 അവസാനിക്കാന്‍ ഇനി നാളുകള്‍ കൂടിയേ അവശേഷിക്കുന്നുള്ളൂ. നേട്ടങ്ങളും നഷ്ടങ്ങളുമായി മറ്റൊരു വര്‍ഷം കൂടി അവസാനിക്കുന്നു. കാളിദാസ് ജയറാമുള്‍പ്പടെ നിരവധി താരപുത്രന്‍മാരും താരപുത്രികളും ഇതിനോടകം തന്നെ സിനിമാപ്രവേശം സ്ഥിരീകരിച്ചിട്ടുണ്ട്. പലരുടെയും ചിത്രങ്ങള്‍ റിലീസിന് മുന്നേയുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലുമാണ്. പോയവര്‍ഷം സിനിമാപ്രവേശം സ്ഥിരീകരിച്ച താരപുത്രന്‍മാരും താരപുത്രികളും ആരൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

സിനിമാപ്രവേശത്തെക്കുറിച്ച് സ്ഥിരീകരിച്ചു
സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളുടെ മക്കളുടെ സിനിമാപ്രവേശത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ജനനം മുതല്‍ സെലിബ്രിറ്റികളായി മാറുന്ന ഇവരില്‍ പലരും സിനിമയാണ് തങ്ങളുടെ വഴിയെന്ന് സ്ഥിരീകരിച്ചത് അടുത്തിടെയാണ്. ഇവര്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പേ തന്നെ ആരാധകര്‍ ഇത് സ്ഥിരീകരിച്ചുവെന്നത് മറ്റൊരു കാര്യം.

മോഹന്‍ലാലിന്റെ മകന്‍ നായകനായി എത്തുന്നു
മോഹന്‍ലാലിന്റെ മകനായ പ്രണവിന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പുകള്‍ തുടരുന്നതിനിടയിലാണ് ജിത്തു ജോസഫ് ചിത്രമായ ആദിയില്‍ നായകനാവുന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. മുന്‍പ് മോഹന്‍ലാലിനോടൊപ്പം ഒന്നാമനില്‍ പ്രണവ് ബാലതാരമായി എത്തിയിരുന്നു. പിന്നീട് അഭിനയിച്ച പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

പൂമരവുമായി കാളിദാസനെത്തുന്നു
ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കാളിദാസ് ജയറാം നായകനായെത്തുന്ന ആദ്യ മലയാള ചിത്രമായ പൂമരം അനൗണ്‍സ് ചെയ്തിട്ട് നാളുകളേറെയായി. നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ജയറാമിനും പാര്‍വതിക്കും പിന്നാലെ സിനിമയില്‍ തുടക്കം കുറിക്കുന്ന കാളിദാസന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

പറവയിലൂടെ പ്രേക്ഷക മനം കവര്‍ന്ന അര്‍ജുന്‍ അശോകന്‍
ഹരിശ്രീ അശോകന് പിന്നാലെ സിനിമയില്‍ തുടക്കം കുറിച്ച അര്‍ജുന്‍ സൗബിന്‍ ഷാഹിര്‍ ചിത്രമായ പറവയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. നേരത്തെ തന്നെ സിനിമയില്‍ തുടക്കം കുറിച്ചിരുന്നുവെങ്കിലും പോയവര്‍ഷം അര്‍ജുന് മികച്ച വിജയമാണ് നേടനായത്.

കല്‍പ്പനയ്ക്ക് പിന്നാലെ ശ്രീമയി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമായ കല്‍പ്പനയുടെ മകള്‍ സിനിമയിലെത്തുന്ന കാര്യത്തെക്കുറിച്ച് അടുത്തിടെയാണ് സ്ഥിരീകരിച്ചത്. കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന ചിത്രത്തിലൂടെയാണ് താരപുത്രി തുടക്കം കുറിക്കുന്നത് സിനിമാപ്രവേശത്തിന്റെ ഭാഗമായി ശ്രീമയിയുടെ പേര് ശ്രീസംഖ്യ എന്നാക്കിയിട്ടുണ്ട്.

ഇന്ദ്രനും പൃഥ്വിക്കും പിന്നാലെ
ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ടിയാനിലൂടെയാണ് നക്ഷത്ര ഇന്ദ്രജിത്ത് സിനിമയില്‍ തുടക്കം കുറിച്ചത്. ഇന്ദ്രജിത്തിന്റെ മകളായാണ് നക്ഷത്ര അഭിനയിച്ചത്. നക്ഷത്രയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തെലുങ്ക് സിനിമയിലൂടെ കല്യാണി പ്രിയദര്‍ശന്റെ അരങ്ങേറ്റം
ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ സംവിധായകന്‍ പ്രിയദര്‍ശന്റെയും അഭിനേത്രിയായ ലിസിയുടെയും മകളായ കല്യാണി ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.

ശ്രാവണ്‍ മുകേഷിന്റെ അരങ്ങേറ്റം
മുകേഷിനും സരിതയ്ക്കും പിന്നാലെ മകന്‍ ശ്രവണും സിനിമയിലേക്ക് എത്തുകയാണ്. ശ്രാവണ്‍ നായകനായി അഭിനയിക്കുന്ന കല്യാണം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

സുമലതയ്ക്ക് പിന്നാലെ മകനും സിനിമയിലേക്ക്
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന തൂവാനത്തുമ്പികള്‍ കണ്ടവര്‍ക്കാര്‍ക്കും ക്ലാരയെ മറക്കാന്‍ കഴിയില്ല. ക്ലാരയിലൂടെ പ്രേക്ഷക മനം കവര്‍ന്ന സുമലതയുടെ മകനും അമ്മയ്ക്ക് പിന്നാലെ സിനിമയിലേക്കെത്തുകയാണ്.


Click it and Unblock the Notifications











