സീറ്റ് കിട്ടാനുള്ള പാട്, ഭാവിയിൽ ജോലി തേടാനും സാധ്യതയില്ല; പക്ഷെ പൃഥ്വിയുടെ തീരുമാനം വെറുതെയല്ല; പഠനം അങ്ങനെ
താരങ്ങളുടെ മക്കളുടെ പ്രിവിലേജ് എപ്പോഴും ചർച്ചയാകാറുണ്ട്. കൂടുതലും ബോളിവുഡിലാണ് ഇതേക്കുറിച്ച് സംസാരങ്ങൾ നടക്കാറ്. ഒന്നിന് പിറകെ ഒന്നായി നെപോ കിഡ‍്സ് ബോളിവുഡിൽ തുടക്കം കുറിക്കുമ്പോൾ ഇവരുടെ പ്രിവിലേജ് ചൂണ്ടിക്കാട്ടുന്നവർ ഏറെയാണ്. സിനിമാ പശ്ചാത്തലമില്ലാത്തവരെ പോലെയല്ല ഇവർ കരിയറിൽ വളരുന്നത്. ലൈഫ് സ്റ്റെെലും കരിയറിലെ മുന്നോട്ട് പോക്കുമെല്ലാം വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ചും താരങ്ങളുടെ മക്കളിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം നേടുന്നവരാണ്. ബി ടൗൺ താരങ്ങളുടെ കേന്ദ്രമായ മുംബെെയിലാണ് നടൻ പൃഥ്വിരാജും കുടുംബവും ഇന്ന് താമസിക്കുന്നത്.
മകൾ അലംകൃതയുടെ സ്കൂൾ വിദ്യഭ്യാസത്തിന് വേണ്ടിയാണ് പ്രധാനമായും താരം മുംബെെയിലേക്ക് താമസം മാറിയത്. പ്രബലരുടെ മക്കൾ പഠിക്കുന്ന ധീരു ഭായ് അംബാനി സ്കൂളിലാണ് അലംകൃത പഠിക്കുന്നത്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, കരീന കപൂർ, ഷാഹിദ് കപൂർ തുടങ്ങിയ താരങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളാണിത്. ലക്ഷങ്ങളാണ് സ്കൂളിലെ വാർഷിക ഫീസ്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്ത് വന്നതാണ്.

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് വാർഷിക ഫീസ് 9.65 ലക്ഷത്തോളമാണ്. താരങ്ങളെയും ബിസിനസ് ഭീമൻമാരെയും സംബന്ധിച്ച് ഇത് വലിയൊരു തുകയല്ലല്ലോ എന്ന് തോന്നിയേക്കാം. എന്നാൽ 10 ലക്ഷം രൂപ കൊടുത്ത് ധീരു ഭായ് അംബാനി സ്കൂൾ പോലുള്ള വലിയ സ്കൂളുകളിൽ മക്കൾക്ക് ഒരു സീറ്റ് ഉറപ്പിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ നടക്കണമെന്നില്ല. കാരണം ചെലവ് താങ്ങാനാവണമെന്നില്ല.
ലഭിക്കുന്ന സൂചനകൾ പ്രകാരം ഇത്തരം വലിയ സ്കൂളുകളിലെ ബില്യണയർമാരുടെ മക്കൾക്ക് മാത്രം ലഭിക്കുന്ന തരത്തിലാണ് സാഹചര്യം. ഈ വിദ്യാർത്ഥികളാരും യഥാർത്ഥത്തിൽ മിഡിൽ ക്ലാസ് കുടുംബങ്ങളിലെ മക്കളുമായി ഭാവിയിൽ മത്സരിക്കാൻ പോകുന്നില്ല. ഇവർ ജോബ് ഇന്റർവ്യൂകൾക്കിരുന്ന് ജോലി നേടാൻ പോകുന്നവരാകാനും സാധ്യതയില്ല. പകരം ഇവരാരായിരിക്കും ജോലി നൽകുന്നവർ.

അങ്ങനെയാണ് ലക്ഷ്വറി സ്കൂളുകൾ ഇവരെ പരുവപ്പെടുത്തുന്നത്. കമ്പനി സിഇഒ, സംരഭകർ തുടങ്ങി നേതൃനിരയിലേക്ക് ഇവർ പെട്ടെന്ന് വളരും. ഈ സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാൻ ഫീസ് മാത്രം കണ്ടെത്തിയാൽ പോര. സീറ്റുറപ്പിക്കാൻ ഭീമമായ തുക ഡൊണേഷനായി നൽകേണ്ടി വരും. 50 ലക്ഷത്തിന് മുകളിൽ വന്നേക്കുമിത്. സ്കൂളുകളിൽ പ്രബലരുമായി നെറ്റ്വവർക്ക് ചെയ്യുന്ന ഇവന്റുകളും വിദേശ യാത്രകളുമുണ്ടാകും. പത്ത് ലക്ഷത്തോളം ഇതിന് ചെലവായേക്കാമെന്നാണ് മണി ലേൻസർ എന്ന ഫിനാൻസ് സോഷ്യൽ മീഡിയ പേജിൽ പറയുന്നത്.
അതായത് പ്രെെമറി സ്കൂൾ മുതൽ ഹയർ സെക്കന്ററി വരെ ഈ സ്കൂളുകളിൽ പഠിക്കുമ്പോഴേക്കും കോടികൾ ചെലവാകും. സീറ്റ് പണം കൊടുത്ത് വാങ്ങിയാലും പഠിക്കുന്നവരെല്ലാം മിടുക്കരാകണമെന്നില്ല. പക്ഷെ ഇവർക്ക് കിട്ടുന്ന എക്സ്പോഷർ മറ്റുള്ളവർക്ക് പലപ്പോഴും ചിന്തിക്കാൻ പറ്റാത്തതാണ്. ഉന്നത വിദ്യഭ്യാസം നേടിയ ആളാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ. മകളുടെ കാര്യത്തിലും ഈ നിർബന്ധം സുപ്രിയക്കും പൃഥ്വിക്കുമുണ്ട്.


Click it and Unblock the Notifications