'ഒന്നര വർഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ്..., കാലത്ത് മുതൽ തുടങ്ങിയ ഇരിപ്പാണ്'; സന്തോഷം പങ്കിട്ട് ലക്ഷ്മി നക്ഷത്ര!
വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്ന പരിചിത മുഖം. അവതാരകയുടെ വേഷത്തിലാണ് ലക്ഷ്മി നക്ഷ്ത്ര കൂടുതലായും ആളുകൾക്ക് മുമ്പിൽ എത്തിയിട്ടുള്ളത്.
റേഡിയോയിലും ടെലിവിഷനിലെ ചെറിയ പരിപാടികളും അവതാരകയായി പ്രത്യക്ഷപ്പെട്ട ശേഷമാണ് സ്റ്റാർ മാജിക്കിലേക്ക് താരത്തിന് ക്ഷണം വരുന്നത്. ഒരുപാട് ആഗ്രഹിച്ചിട്ടും സ്റ്റാർ മാജിക്കിൽ അവതാരകയാകാൻ നിരവധി അവസരങ്ങൾ കിട്ടിയിട്ടും കയ്യെത്തും ദൂരത്ത് വെച്ച് ലക്ഷ്മിക്ക് അത് നഷ്ടപ്പെട്ടിരുന്നു.
വീണ്ടും പ്രയത്നിച്ചതുകൊണ്ടാണ് അവസരം കിട്ടിയതും ഇന്ന് സ്റ്റാർ മാജിക്കിന്റെ മുഖമായി നിലകൊള്ളുന്നതും. ഒരു പ്രോഗ്രാം കണ്ടുകഴിയുമ്പോൾ അതിലെ അവതാരകർ ആരാധകരുടെ മനസിൽ ആഴ്ന്നിറങ്ങും. അത്തരത്തിൽ ജനഹൃദയങ്ങൾ കീഴടക്കിയ ഒരാൾ കൂടിയാണ് ലക്ഷ്മി നക്ഷത്ര.

സ്റ്റാർ മാജിക്കിലെ താരങ്ങൾ മാറി പുതിയ എത്ര ആളുകൾ വന്നാലും ലക്ഷ്മിയെ മാറ്റി പുതിയൊരു അവതാരികയെ സങ്കൽപ്പിക്കാനാവില്ലെന്നാണ് ആരാധകർ പറയാറുള്ളത്. സ്റ്റാർ മാജിക്കിലൂടെ ജനങ്ങളുടെ ഇഷ്ടം ലഭിച്ച് തുടങ്ങിയശേഷം സോഷ്യൽമീഡിയയിലും ലക്ഷ്മി സജീവമാണ്.
തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപോലെ കാണുന്നതുകൊണ്ട് തന്നെ ചിന്നുവെന്നാണ് ലക്ഷ്മിയെ ആരാധകരും വിളിക്കുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോഴും ഫ്ലവേഴ്സിന്റെ സ്റ്റുഡിയോയിലേക്കും ലക്ഷ്മിയുടെ കുറുക്കഞ്ചേരിയിലെ വീട്ടിലേക്കും ആരാധകർ സ്നേഹം അറിയിക്കാൻ എത്താറുണ്ട്.
അതുകൊണ്ട് തന്നെയാണ് ആരാധകരുമായി കൂടുതൽ അടുത്ത് ഇടപഴകാനും സംവദിക്കാനുമായി ഒരു യുട്യൂബ് ചാനലും ലക്ഷ്മി ആരംഭിച്ചത്. ഒന്നര വർഷം മുമ്പ് തുടങ്ങിയ ചാനലിൽ ലക്ഷ്മി പങ്കുവെക്കുന്ന എല്ലാ വീഡിയോയും വൈറലാണ്. ഇടയ്ക്ക് താരം തന്റെ ആരാധകരെ അവരുടെ വീട്ടിലെത്തി കണ്ട് സർപ്രൈസും സമ്മാനങ്ങളും നൽകാറുമുണ്ട്.
ലക്ഷ്മി ആരാധകർക്ക് കൊടുക്കുന്ന സ്നേഹം പതിന്മടങ്ങായി തിരിച്ച് കിട്ടുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് ലഭിക്കുന്ന വ്യൂസും ഷെയറും ലൈക്കുകളും. ഇപ്പോഴിതാ തന്റെ സബ്സ്ക്രൈബേഴ്സിന്റെ സഹായത്താൽ താൻ കൈവരിച്ച പുതിയൊരു നേട്ടത്തിന്റെ വിശേഷങ്ങൾ ലക്ഷ്മി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
ഒന്നര വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ലക്ഷ്മിയുടെ യുട്യൂബ് ചാനലിന് ഇരുപത് ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചുവെന്നതാണ് ആ പുതിയ സന്തോഷ വാർത്ത. താരം തന്നെയാണ് ആ സന്തോഷം ആരാധകരുമായി വീഡിയോയിലൂടെ പങ്കുവെച്ചത്.
ഇരുപത് ലക്ഷം എന്ന സംഖ്യയിൽ തന്റെ ചാനൽ തൊടുന്നത് വരെയുള്ള നിമിഷങ്ങളും വീഡിയോയിൽ ലക്ഷ്മി ഉൾപ്പെടുത്തിയിരുന്നു. ലക്ഷ്മിയുടെ കാത്തിരിപ്പും അത് കിട്ടികഴിഞ്ഞുള്ള സന്തോഷവും കണേണ്ടത് തന്നെയാണ്. 'കവര്‍ സോങ് മാത്രമിട്ടിട്ട് ഓടിപ്പോകാം എന്ന് കരുതിയ ആളാണ് ഞാന്‍. ഒന്നര വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണിത്.'

'നിങ്ങള്‍ക്ക് നല്ല കണ്ടന്റുകള്‍ തരാന്‍ വേണ്ടി ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരുപാട് ഒരുപാട് നന്ദി. ഓരോരുത്തര്‍ക്കും നന്ദി. എന്റെ കുടുംബം നിങ്ങള്‍ എല്ലാവരും ജോയിന്‍ ചെയ്യുമ്പോഴാണ് പൂർണമാകുന്നത്', എന്നാണ് സന്തോഷം പങ്കിട്ട് ലക്ഷ്മി നക്ഷ്ത്ര പറഞ്ഞത്. ചുരുങ്ങിയ കാലയളവിൽ വലിയൊരു സഹൃദം ഉണ്ടാക്കിയെടുത്ത ലക്ഷ്മിക്ക് നിരവധി പേരാണ് ആശംസകൾ നേർന്നത്.
ഇപ്പോഴുള്ള നിറഞ്ഞ ചിരിയോടെയും സന്തോഷത്തോടെയും ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്നാണ് മറ്റ് ചിലർ ആശംസകൾ നേർന്ന് കുറിച്ചത്. തൃശ്ശൂരിലെ ഒരു ലോക്കല്‍ ചാനലില്‍ ലൈവ് മ്യൂസിക് പ്രോഗ്രാം അവതരിപ്പിച്ചാണ് ലക്ഷ്മിയുടെ തുടക്കം. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ലക്ഷ്മി റേഡിയോ ജോക്കിയായി. അതുകഴിഞ്ഞ് വീ ടിവിയിലെ ഡ്യൂ ഡ്രോപ്സിലെത്തുകയും ശ്രദ്ധനേടുകയുമായിരുന്നു.


Click it and Unblock the Notifications