സംവിധാനത്തിന് പിന്നാലെ നിർമ്മാണരംഗത്തേയ്ക്കും ചുവട് വച്ച് നടി സാധിക വേണുഗോപാൽ
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് തന്നെ സാധിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. സിനിമ, സീരിയൽ പോലെ തന്നെ ഹ്രസ്വചിത്രങ്ങളിലും നടി സജീവമാണ്.

ഇപ്പോഴിത നിർമ്മാണരംഗത്തേയ്ക്ക് ചുവട് വച്ചിരിക്കുകയാണ് സാധിക. പുതിയ പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചിരിക്കുകയാണ് താരം. പുതിയ നിർമ്മാണ കമ്പനിയായ ക്രിയ മൂവി മേക്കേഴ്സിന്റെ ലോഞ്ച് കൊച്ചിയില്‍ നടന്നു. സാധികയുടെ അമ്മയാണ് നിർമ്മാണ കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
സംവിധാനത്തിലും സാധിക ഒരു കൈ നോക്കിയിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത കവര്‍ സോംഗ് 'ലാഗവ് കെ ദാഗെ'യുടെ പ്രിവ്യു ഷോയും ഈ ചടങ്ങില്‍ നടന്നിരുന്നു. ഗോപികയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൂടാതെ 'കള്ളി ചെല്ലമ്മ' എന്ന ഷോര്‍ട്ട് ഫിലിമിന്റെ വിജയാഘോഷവും ബോസ് മീഡിയയുടെ ആനിവേഴ്സറിയും ഇതേ വേദിയില്‍ നടന്നു. നടിയുടെ പുതിയ സംരംഭത്തിന് എല്ലാവധത്തിലുള്ള ആശംസയും നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
അഭിനേത്രി എന്നതിൽ ഉപരി സമൂഹിക വിഷയങ്ങളിലും നടി ശബ്ദം ഉയർത്താറുണ്ട്. ഇത്തരം വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന ചുരുക്കം ചില നടിമാരിലൊരാള്‍ കൂടിയാണ് സാധിക. പലപ്പോഴും നടിയുടെ നിലപാടുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. പലതും വലിയ വിമർശനങ്ങൾക്കും വഴിവയ്ക്കാറുണ്ട്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച മറ്റ് ചിത്രങ്ങൾ. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിലും സാധിക ഇപ്പോൾ എത്തുന്നുണ്ട്.


Click it and Unblock the Notifications